തിരുവനന്തപുരം:  സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തു.പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം 550ലേറെ പേർക്കെതിരെയാണ് കേസ്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജനാധിപത്യ മഹിളാ അസോസിയേഷനാണ് പാറശ്ശാലയിൽ തിരുവാതിരക്കളി സംഘടിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെയായിരുന്നു പരിപാടി.

പരിപാടിക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ വീട് സന്ദർശിച്ച് കോടിയേരി എഴുതിയ ഫേസ്‌ബുക് കുറിപ്പിലടക്കം മെഗാ തിരുവാതിരക്കെതിരെ വ്യാപക പ്രതിഷേധവുമായി നിരവധി കമന്റുകൾ നിറഞ്ഞിരുന്നു. അതേസമയം പാറശാലയിലെ മെഗാതിരുവാതിരയിൽ വിശദീകരണം തേടി സി പി എം സംസ്ഥാന നേതൃത്വം രംഗത്തെത്തി. തിരുവനന്തപുരം ജില്ലാ നേതൃത്വത്തോടാണ് വീശദീകരണം തേടിയത്.

കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തുന്നതിന് മുൻപ് ഇത്തരത്തിലൊരു പരിപാടി നടത്തിയത് തെറ്റായിപ്പോയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ അഞ്ഞൂറിലധികം വനിതകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരുവാതിര നടത്താൻ പാടില്ലായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടിയും വിമർശിച്ചു. അശ്രദ്ധ ഉണ്ടായെന്നും തീർച്ചയായും ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവാതിര നടത്തിയത് തെറ്റായിപ്പോയെന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. പരിപാടി മാറ്റിവയ്ക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവരും തയ്യാറായി വന്നപ്പോൾ പരിപാടി മാറ്റിവയ്ക്കാൻ പറയാൻ സാധിച്ചില്ലെന്നും ആനാവൂർ നാഗപ്പൻ കൂട്ടിച്ചേർത്തു.പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉൾപ്പടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിപാടി നടന്നത്. ബേബി പരിപാടി ആസ്വദിക്കുകയല്ലാതെ എതിർത്തില്ലെന്നും പാർട്ടിക്കുള്ളിൽ നിന്ന് ആക്ഷേപം ഉയരുന്നുണ്ട്. വിഷയത്തിൽ പ്രതികരണം ആരാഞ്ഞപ്പോഴും എം എ ബേബി മൗനം പാലിക്കുകയാണ് ഉണ്ടായത്.