ന്യൂഡൽഹി: വായ്പാതട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോസ്‌കിയെ ഡൊമിനിക്കയിൽനിന്ന് തിരികെയെത്തിക്കുന്നതിനായി ഇന്ത്യ അയച്ച ഖത്തർ എയർവേസ് വിമാനം മടങ്ങി. ചോക്‌സിയുമായി ബന്ധപ്പെട്ട കേസിൽ ഡൊമനിക്കൻ കോടതിയിൽ നിയമ നടപടികൾ തുടരുന്നതിനാലാണ് ഏഴുദിവസങ്ങൾക്ക് ശേഷം വിമാനം മടങ്ങുന്നത്.

ചോക്സിയുടെ ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ച മാറ്റിവെച്ചിരുന്നു. ഇരുകൂട്ടരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ കേസ് പരിഗണിക്കുന്നതിനുള്ള പുതിയ തീയതി ജഡ്ജ് ബെർണീ സ്റ്റീഫെൻസൺ തീരുമാനിക്കൂവെന്ന് ആന്റിഗ്വ ന്യൂസ് റൂം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരുക്കേറ്റ ചോക്‌സി ആശുപത്രിയിൽ ചികിത്സയിലാണ്.

ഇതേതുടർന്ന് ജൂൺ മൂന്നിന് രാത്രി 8.09ന് മെൽവില്ലെ ഹാൾ എയർപോർട്ടിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തതായാണ് റിപ്പോർട്ട്. അതേ സമയം ചോസ്‌കിയെ തിരികെ കൊണ്ടുവരുന്നതിനായി പോയ ഉദ്യോഗസ്ഥർ വിമാനത്തിൽ ഉണ്ടോ എന്ന കാര്യത്തിൽ ഇന്ത്യൻ ഏജൻസികൾ വ്യക്തത വരുത്തിയിട്ടില്ല.

മെയ് 28നാണ് ചോസ്‌കിക്കെതിരായ കേസുകളുടെ രേഖകളുമായി ഉദ്യോഗസ്ഥർ ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഖത്തർ എക്സിക്യൂട്ടീവ് ഫ്ളൈറ്റ് എ7സിഇഇ യാത്ര തിരിക്കുന്നത്. അതീവരഹസ്യമായിട്ടായിരുന്നു യാത്ര. ഡൊമിനിക്കയിലെ മാരിഗോട്ടിലേക്കായിരുന്നു വിമാനമെത്തിയത്. ചോക്സിയെ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി ഏഴുദിവസമാണ് വിമാനം കാത്തുകിടന്നത്.

വീഡിയോ കോൺഫറൻസ് മുഖാന്തരമായിരുന്നു വ്യാഴാഴ്ച കോടതി കേസ് പരിഗണിച്ചത്. ആരാണ് ചോക്സിയെ ഡൊമിനിക്കയിലേക്ക് കൊണ്ടുവന്നത് എന്ന വിഷയം ഉന്നയിച്ച് പ്ലക്കാർഡുകളുയർത്തി നിരവധി പേർ റോസോയിലെ ഹൈക്കോടതി കെട്ടിടത്തിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.

ചോക്സിയുടെ അഭിഭാഷകൻ ഫയൽ ചെയ്ത ഹേബിയസ് കോർപസ് ഹർജിയിൽ മെഹുൽ ചോക്സിയെ ഹാജരാക്കാൻ ഡൊമിനിക്കൻ കോടതി സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു.

മെഹുൽ ചോക്‌സിയെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കണമെന്ന് ഡൊമിനിക സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നും 14000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് മെഹുൽ ചോക്‌സി മുങ്ങിയതെന്നും സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു.

മെഹുൽ ചോക്‌സിയെ വിട്ടുകിട്ടാൻ കേന്ദ്രസർക്കാർ നീക്കം തുടരുകയാണ്. ഇന്ത്യയിലേക്ക് അയയ്ക്കുമെന്ന ഭയന്ന മെഹുൽ ചോക്‌സി ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്.

ചോക്‌സി അറസ്റ്റിലായതിനു പിന്നാലെയാണ് ഇന്ത്യയിൽനിന്ന് എട്ടംഗസംഘം ഡൊമിനിക്കയിൽ എത്തിയത്. സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയിൽ നിന്നുള്ള 2 വീതം ഉദ്യോഗസ്ഥരും സിആർപിഎഫ് കമാൻഡർമാരും സംഘത്തിലുണ്ട്. മുംബൈ സോണിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹിയിലേക്ക് അടിയന്തരമായി വിളിച്ചുവരുത്തിയാണ് ദൗത്യത്തിൽ ഉൾപ്പെടുത്തിയത്.

ശനിയാഴ്ചയാണ് ഇന്ത്യ അയച്ച സ്വകാര്യ വിമാനം ഡൊമിനിക്കയിലെ ഡഗ്ലസ്ചാൾസ് വിമാനത്താവളത്തിലാണ് എത്തിയത്. നീക്കങ്ങൾ പുറത്താകാതാതിരിക്കാനാണു ഖത്തറിൽനിന്നു ചെറുവിമാനം വാടകയ്‌ക്കെടുത്തത്. സഹോദരീ പുത്രൻ നീരവ് മോദിയുമായി ചേർന്നു പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പു നടത്തിയ കേസിന്റെ രേഖകൾ ഇന്ത്യൻ സംഘം ഡൊമിനിക്കൻ പബ്ലിക് പ്രോസിക്യൂട്ടർമാർക്കു കൈമാറിയിരുന്നു. കോടതിയിൽനിന്ന് അനുകൂല വിധി ലഭിച്ചാൽ എത്രയുംവേഗം ചോക്‌സിയെ കൊണ്ടുവരാനാണ് ഇന്ത്യൻ സംഘം ഡൊമനിക്കയിൽ എത്തിയത്.

മെഹുൽ ചോക്‌സിയെ നേരെ ഇന്ത്യയിലേയ്ക്ക് തിരിച്ചയയ്ക്കണമെന്ന് കരീബിയൻ രാജ്യമായ ആന്റിഗ്വ ആൻഡ് ബാർബുഡ ഭരണകൂടം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി ഗസ്സ്റ്റൺ ബ്രൗണിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് ആവശ്യം ഉയർന്നത്. 2018ൽ മെഹുൽ ചോക്‌സി ആന്റിഗ്വയിൽ പൗരത്വം സ്വന്തമാക്കിയിരുന്നു. എന്നാൽ പൗരത്വം 2019ൽ തന്നെ റദ്ദാക്കിയതാണെന്ന് ഗസ്സ്റ്റൺ ബ്രൗൺ വ്യക്തമാക്കിയിരുന്നു.

മെയ്‌ 23നാണ് ചോക്‌സിയെ ആന്റിഗ്വയിൽനിന്ന് കാണാതായത്. അടുത്ത ദ്വീപ് രാജ്യമായ ഡൊമിനിക്കയിൽവച്ചാണ് മെഹുൽ ചോക്‌സി അതിക്രമിച്ചു കയറിയതിന് അറസ്റ്റിലായത്. എന്നാൽ ആന്റിഗ്വയിലെ ജോളി ഹാർബറിൽനിന്നും ഡൊമിനിക്കൻ ബോട്ടിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് മെഹുൽ ചോക്‌സിയുടെ അഭിഭാഷകൻ ആരോപിച്ചിരുന്നു.