തിരുവനന്തപുരം: മദ്യപാനികൾ ഓടിച്ച കാറിടിച്ച് മരിച്ച സൂരജിന് പിന്നാലെ ഭാര്യ കൂടി ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് പോത്തൻകോട് പ്ലാമൂട്ടിലെ നാട്ടുകാർ. മദ്യപിച്ചുള്ള ഡ്രൈവിങ് നിയമംമൂലം കർശനമായി നിരോധിക്കപ്പെട്ടതാണെങ്കിലും ഇന്നും നിയമം തെറ്റിച്ച് വാഹനമൊടിക്കുന്നവർ നിരവധിയാണ്. എന്നാൽ അത്തരം അലംഭാവങ്ങൾ സ്വന്തം ജീവനും മറ്റ് നിരപരാധികളുടെ ജീവനും ഭീഷണിയാകുന്നതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. മദ്യപിച്ച് വാഹനമോടിച്ചവർ കാരണം ഒരു കുടുംബം തന്നെ ഇല്ലാതായ കഥയാണ് സൂരജിന്റെയും മിഥുനയുടെയും.

ഒരാഴ്‌ച്ച മുമ്പ് മുട്ടത്തറയിലുണ്ടായ വാഹനാപകടത്തിലാണ് സൂരജ് മരിക്കുന്നത്. സൂരജിന്റെ മരണശേഷം സൂരജിന്റെ സഹോദരി സൂര്യയും മിഥുനയും രാത്രി ഒരുമിച്ചാണ് ഉറങ്ങിയിരുന്നത്. ഇന്ന് രാത്രി രണ്ട് മണിയോടെ സൂര്യ ഉണർന്നപ്പോൾ അടുത്ത് മിഥുനയെ കണ്ടില്ല. അതേതുടർന്ന സൂര്യ വീട്ടുകാരെ വിളിച്ചുണർത്തി കാര്യമറിയിക്കുകയായിരുന്നു. വീട്ടിലൊന്നും മിഥുനയെ കാണാതെവന്നതോടെയാണ് ബന്ധുക്കൾ മിഥുനയെ തിരക്കി ഇറങ്ങിയത്. പോത്തൻകോട് പൊലീസിനെയും വിവരമറിയിച്ചു. ആറ് മണിയോടെ സമീപത്തെ പ്ലാമൂട് ചിറ്റിക്കര പാറക്കുളത്തിൽ മിഥുന (22) യുടെ ബോഡി കണ്ടെത്തുകയായിരുന്നു.

രണ്ട് വർഷം മുമ്പാണ് സൂരജും മിഥുനയും വിവാഹിതരായത്. സൂരജിന്റെ അപകടമരണം സൃഷ്ടിച്ച ഷോക്കാണ് മിഥുനയുടെ ആത്മഹത്യയുടെ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.

കഴിഞ്ഞ ഞായറാഴ്‌ച്ച ലോക്ക്ഡൗൺ ദിനത്തിൽ സൂരജ് മിഥുനയെ തിരുവല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് പരിശീലനത്തിന് എത്തിച്ച് മടങ്ങുമ്പോഴാണ് പിന്നിൽ നിന്നും അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്. മുട്ടത്തറ കല്ലുംമൂട്ടിലായിരുന്നു അപകടം. തിരുവല്ലത്ത് നിന്നും ബൈപാസിലൂടെ ഈഞ്ചക്കൽ ഭാഗത്തേക്ക് വരുകയായിരുന്നു സൂരജ്.

സൂരജിന്റെ ബൈക്കിനെ അതേ ദിശയിൽ അമിത വേഗത്തിൽ വന്ന കാർ കല്ലുംമൂട്ടിൽ വച്ച് ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ സൂരജിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. കാർ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ആറ്റിങ്ങൽ സ്വദേശികളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.  കാറിനുള്ളിൽ നിന്നും ബിയർ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.

ലോക്ഡൗൺ ദിനത്തിൽ നഗരത്തിൽ മുഴുവൻ പൊലീസ് സാന്നിധ്യമുള്ളപ്പോഴാണ് മദ്യപിച്ച് അമിത വേഗതയിൽ ഓടിച്ച കാർ സൂരജിന്റെ ജീവൻ കവർന്നത്. അന്നുമുതൽ കടുത്ത വിഷാദത്തിലും മൗനത്തിലുമായിരുന്നു മിഥുന. ഒടുവിൽ ആ ദുഃഖം ഇന്ന് സ്വയം ജീവനൊടുക്കുന്നതിലും അവസാനിച്ചു.