കൊല്ലം: പഴയ ഓർമ്മകളും ആർപ്പുവിളികളും കാതിൽ മുഴങ്ങി.വർഷങ്ങൾക്ക് മുൻപെ ട്രാക്കിലെ താരമായിരുന്ന ആ പഴയ ചിഞ്ചുറാണി വീണ്ടും ഉണർന്നു.ഒടുവിൽ ഇടവേളയുടെ ഒരു പരിമിതിയും ഇല്ലാതെ ഓട്ടമത്സരത്തിൽ മിന്നുംജയവും.വർഷങ്ങളായി ട്രാക്കിനോടുള്ള അപരിചിതത്വം സ്പോർട്സ്മാൻ സ്പിരിറ്റോടെ മറികടന്ന്, മൂന്നാം സ്ഥാനത്തായാണു മന്ത്രി ഫിനിഷ് ചെയ്തത്.

ചടങ്ങിനു വേണ്ടി മാത്രമുള്ള ഓട്ടമായിരുന്നില്ല അത്. കേരള സ്റ്റേറ്റ് മാസ്റ്റേഴ്‌സ് ഗെയിംസിൽ 100 മീറ്റർ ഓട്ടത്തിൽ പങ്കെടുക്കാൻ ട്രാക്ക് സ്യൂട്ട് ധരിച്ചു മന്ത്രി ജെ. ചിഞ്ചുറാണി എത്തിയതു പഴയ ദീർഘദൂര ഓട്ടക്കാരിയുടെ ആവേശത്തോടെയാണ്. 59 വയസ്സുകാരിയായ മന്ത്രി 55 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണു പങ്കെടുത്തത്.

എസ്എൻ വനിതാ കോളജിൽ പഠിക്കുമ്പോൾ ദീർഘദൂര ഓട്ടമത്സരങ്ങളിലൂടെ കോളജ് ചാംപ്യൻ പട്ടം നേടിയിട്ടുള്ള ചിഞ്ചുറാണി ഒട്ടേറെ അത്‌ലറ്റിക് മീറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. അതിനാൽതന്നെ നൂറു മീറ്റർ ഓടി ഫിനിഷ് ചെയ്യാൻ വലിയ പ്രയാസം ഉണ്ടായില്ല. പരിശീലനം ചെയ്തു വന്നിരുന്നെങ്കിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാമായിരുന്നു എന്നും പറഞ്ഞു.

ഇന്നലെ മാസ്റ്റേഴ്‌സ് ഗെയിംസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണു താനും മത്സരിക്കുന്നു എന്നു മന്ത്രി അറിയിച്ചത്. 3000, 400 മീറ്റർ ഓട്ടത്തിലാണു പഠനകാലത്തു പങ്കെടുത്തിരുന്നത്. പരിശീലനം ചെയ്യാത്തതിനാലാണ് ഇപ്പോൾ ഈ ഇനങ്ങളിൽ പങ്കെടുക്കാത്തത്. അടുത്ത ദിവസത്തെ ജാവലിൻ ത്രോ, ഹാൻഡ് ബോൾ ഗെയിമുകളിൽ സമയം അനുവദിച്ചാൽ മത്സരിക്കും.

വർഷങ്ങൾക്കു മുൻപ് ഓടിയ ട്രാക്കിൽ വീണ്ടും ഓടാൻ കഴിഞ്ഞതിൽ സന്തോഷവും പങ്കുവച്ചു. സഹപാഠികളായ കായികതാരങ്ങളുമായി ഓർമകൾ പങ്കിട്ടാണു മന്ത്രി മടങ്ങിയത്. മത്സരത്തിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് എത്തിയ എൽ.കെ.ലേഖ ഒന്നാം സ്ഥാനവും വയനാട് നിന്നുള്ള സി.ജി ദീപ രണ്ടാം സ്ഥാനവും നേടി.