തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ വീണ്ടും ആരോപണ കുരുക്കിൽ. ചട്ടവിരുദ്ധമായി കോളേജ് അദ്ധ്യാപക നിയമനത്തിന് അംഗീകാരം നൽകാൻ മന്ത്രി ജലീലിൽ ഇടപെട്ടതായി ആരോപണം. കേരള സർവകലാശാല വൈസ് ചാൻസലർക്ക് മന്ത്രി നിർദ്ദേശം നൽകിയെന്നാണ് ആരോപണം. നേരത്തെ യൂണിവേഴ്‌സിറ്റി മാർക് ദാനത്തിലും ജലീൽ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഇതിൽ സർവ്വകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണ്ണറുടെ ഇടപെടലും ഉണ്ടായിരുന്നു.

തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ ലാറ്റിൻ ഭാഷാ അദ്ധ്യാപകനെ ഇംഗ്ലീഷ് അദ്ധ്യാപകനായി മാറ്റി നിയമിക്കാനാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായത് എന്നാണ് ആരോപണം. ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. ഈ പരാതിയിൽ രാജ് ഭവൻ അന്വേഷണം തുടങ്ങി. സഭകളുടെ ഇടപെടലിനെ തുടർന്നാണ് ഈ നീക്കമെന്നാണ് ആക്ഷേപം. സഭയുടെ അധീനതയിലുള്ള കോളേജിലാണ് വിവാദമുണ്ടായിരിക്കുന്നത്.

തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ ലാറ്റിൻ ഭാഷാ അദ്ധ്യാപകനും പ്രിൻസിപ്പാളുമായ ഡോ. ഫാ. വി.വൈ. ദാസപ്പനെയാണ് ഇതേ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി മാറ്റി നിയമിക്കാൻ നീക്കം നടന്നത്. ഈ ആവശ്യം ഉന്നയിച്ചുള്ള കോളേജ് മാനേജ്മെന്റിന്റെ അപേക്ഷ പരിഗണിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി. ജലീലിന്റെ അധ്യക്ഷതയിൽ പ്രത്യേകം യോഗം ചേർന്നുവെന്നാണ് ആരോപണം. ഇതിന് വേണ്ടി നടത്തിയ ഇടപെടലാണ് വിവാദത്തിന് കാരണമാകുന്നത്.

അദ്ധ്യാപകന്റെ അപേക്ഷ സർവകലാശാല നേരത്തെ നിരസിച്ചതാണെന്ന് ജോയിന്റ് രജിസ്ട്രാർ യോഗത്തെ അറിയിച്ചു. യോഗ്യതകൾ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി സർവകലാശാലയോടു നിർദ്ദേശിക്കുകയായിരുന്നു. അപേക്ഷ സമർപ്പിച്ച അദ്ധ്യാപകനും കോളേജ് മാനേജ്മെന്റ് പ്രതിനിധിയും ഇതേ യോഗത്തിൽ പങ്കെടുത്തുവെന്നതും വിവാദത്തിന് പുതിയ തലം നൽകുന്നു. എന്നാൽ ഇംഗ്ലീഷ് അദ്ധ്യാപകനാകാനുള്ള യോഗ്യത ഫാദറിനുണ്ടെന്നാണ് ഉയരുന്ന വാദം.

അദ്ധ്യാപകന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും എം ഫിലും പി.എച്ച്.ഡിയും ഉണ്ട്. എന്നാൽ യുജിസി. ചട്ടപ്രകാരം ഒരു വിഷയത്തിൽ നിയമിക്കുന്ന അദ്ധ്യാപകനെ മറ്റൊരു വിഷയത്തിലേക്ക് മാറ്റാൻ സ്റ്റാറ്റിയൂട്ട് അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സർവകലാശാലയുടെ അവകാശങ്ങളിൽ മന്ത്രി ഇടപെടുന്നുവെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയത്. ഇത്തരം വിഷയങ്ങളിൽ സർവ്വകലാശാലയ്ക്ക് സമ്പൂർണ്ണ അധികാരമാണുള്ളത്.

എന്നാൽ ഈവിവാദം ചർച്ചയായാലും ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് സർക്കാർ. തിരുവനന്തപുരത്ത് നിർണ്ണായക സ്വാധീനമുള്ള സഭയുടേതാണ് കോളേജ്. പ്രിൻസിപ്പലും വൈദികനാണെന്നതാണ് ഇതിന് കാരണം.