കൊച്ചി: ഇടതുമുന്നണി അധികാരത്തിൽ വന്ന ശേഷം നടത്തിയ ആദ്യ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ഇനി മന്ത്രി മന്ദിരങ്ങൾ മോടി കൂട്ടാൻ വേണ്ടി അനാവശ്യമായി പണം ചെലവിടില്ലെന്നത്. എന്നാൽ, ഈ വാക്കു തെറ്റിക്കാൻ അധികം സമയമൊന്നും വേണ്ടിവന്നില്ല. ധൂർത്തിന്റെ അയ്യരു കളി തന്നെയായിരുന്നു ഇടതു സർക്കാറിന്റെ കാലത്ത് നടന്നത്. അനാവശ്യമായി പലവിധത്തിൽ ചെലവ് വന്നപ്പോൾ എല്ലാ നിയന്ത്രണങ്ങളും കാറ്റിൽപ്പറത്തി. മന്ത്രിമന്ദിരങ്ങൾ മോടി പിടിപ്പിക്കാനായി ലക്ഷങ്ങൾ ഖജനാവിൽ നിന്നും ചിലവഴിച്ചു. ഇക്കാര്യത്തിൽധൂർത്തിൽ ഏറ്റവും മുമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.

ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കും മോടികൂട്ടാനുമായി ചെലവഴിച്ചത് രണ്ടു കോടിയോളം രൂപ (192.52 ലക്ഷം)യാണെന്നോണ് പുറത്തുവന്ന കണക്ക്. ഒന്നാം സ്ഥാനത്തുള്ള മുഖ്യമന്ത്രി 29.22 ലക്ഷം രൂപയാണ് ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണിക്കു ചെലവഴിച്ചത്. ഏറ്റവും കുറച്ച് തുക ചെലവഴിച്ചത് സി. രവീന്ദ്രനാഥാണ് -1.37 ലക്ഷം മാത്രമാണ് അദ്ദേഹം ഔദ്യോഗിക വസതിയുടെ അറ്റക്കുറ്റ പണിക്കായി ചിലവഴിച്ചത്.

എറണാകുളം വാഴക്കാല സ്വദേശി എം.കെ. ഹരിദാസിനു ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്. ക്ലിഫ് ഹൗസിൽ 13.11 ലക്ഷം ഫർണിച്ചർ വാങ്ങാനാണ് ഉപയോഗിച്ചത്. മകൾ വീണയുടെ വിവാഹം അടക്കം നടന്നത് ക്ലിഫ് ഹൗസിലായിരുന്നു. അതുകൊണ്ടാണ് ഈപണം ഉപയോഗിച്ച് പുതിയ ഫർണിച്ചർ വാങ്ങിയത് എന്ന കാര്യം അറിവില്ല. അതിലും ഭീകരമായ കണക്ക് കർട്ടന്റെ കാര്യത്തിലാണ്. ക്ലിഫ്ഹൗസിലെ കർട്ടൻ വാങ്ങാൻ മാത്രം 2.07 ലക്ഷം രൂപ ചെലവിട്ടു എന്നതാണ് റിപ്പോർട്ട്. പൊതുമരാമത്ത് ജോലികൾക്കായി 9.56 ലക്ഷവും വൈദ്യുതീകരണ ജോലികൾക്ക് 4.50 ലക്ഷവും ചെലവഴിച്ചിട്ടുണ്ട്. േ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 4.07 ലക്ഷം രൂപ കന്റോൺമെന്റ് ഹൗസിന്റെ അറ്റകുറ്റപ്പണിക്കു ചെലവഴിച്ചു. ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ വി എസ്. അച്യുതാനന്ദൻ 52,000 രൂപ ചെലവഴിച്ചു. ചീഫ് സെക്രട്ടറി താമസിക്കുന്ന മന്ദിരത്തിന്റെ അറ്റകുറ്റപ്പണിക്കായി 3.17 ലക്ഷവും ചെലവഴിച്ചു.

ചെലവഴിച്ച തുക (ലക്ഷത്തിൽ)

മുഖ്യമന്ത്രി പിണറായി വിജയൻ - 29.22, കടന്നപ്പള്ളി രാമചന്ദ്രൻ-23.41, കടകംപള്ളി സുരേന്ദ്രൻ - 18.50, എം.എം. മണി - 13.81, ഇ.പി. ജയരാജൻ - 13.57, കെ. കൃഷ്ണൻകുട്ടി - 11.25, തോമസ് ഐസക് - 9.81, ടി.പി. രാമകൃഷ്ണൻ - 8.14, കെ.കെ. ശൈലജ - 7.74, പി. തിലോത്തമൻ - 7.66, എ.സി. മൊയ്തീൻ - 7.43, കെ. രാജു - 6.56, എ.കെ. ബാലൻ - 6.26, ഇ. ചന്ദ്രശേഖരൻ - 6.13, എ.കെ. ശശീന്ദ്രൻ - 6.23, ജെ. മേഴ്സിക്കുട്ടിയമ്മ - 5.71, കെ.ടി. ജലീൽ - 3.93, വി എസ്. സുനിൽകുമാർ - 3.14, ജി. സുധാകരൻ-2.65, സി. രവീന്ദ്രനാഥ്-1.37.

അതേസമയം ക്ലിഫ്ഹൗസിൽ സുരക്ഷയുടെ പേരിൽ ഇനിയും പണം ചിലവഴിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. പുറത്തു നിന്നുള്ളവർക്ക് ക്ലിഫ്ഹൗസ് കാണാൻ കഴിയാത്തവിധം ചുറ്റുമതിലിന്റെ ഉയരം വർധിപ്പിക്കണമെന്നു പൊലീസ് ശുപാർശ നൽകിയിട്ടുണ്ട്. ദേവസ്വംബോർഡ് ജംഗ്ഷനിൽ നിന്നു ക്ലിഫ്ഹൗസ് റോഡിലേക്ക് യാത്രക്കാരെ കർശന പരിശോധനയ്ക്ക് ശേഷമേ കടത്തിവിടുകയുള്ളൂ. മാത്രമല്ല ക്ലിഫ്ഹൗസ് മതിൽ ഒരാൾക്ക് ചാടിക്കടക്കാൻ കഴിയാത്ത വിധം ഉയരം കൂട്ടി മുകളിൽ മുള്ളുവേലി സ്ഥാപിക്കണമെന്നും പൊലീസ് നൽകിയ ശുപാർശയിൽ പറയുന്നുണ്ട്. ഇപ്പോൾ പുറത്ത് നിന്നു നോക്കുന്നയാൾക്ക് എളുപ്പത്തിൽ ക്ലിഫ്ഹൗസ് കാണാൻ കഴിയും. ഉയരം കൂട്ടുന്നതിനു കാരണമായി പൊലീസ് പറയുന്ന മറ്റൊരു കാര്യം ഇതാണ്.

ക്ലിഫ്ഹൗസിനകത്തേക്ക് ഇറങ്ങാൻ സാധിക്കുന്ന തരത്തിൽ പന്തലിച്ചു നിൽക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റും. ഈ ശിഖരങ്ങളിലൂടെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എളുപ്പത്തിൽ ഇറങ്ങാൻ കഴിയുമെന്നും പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. വസതിക്കു മുന്നിലെ ഗാർഡ് റൂമിന്റെ സൗകര്യങ്ങൾ വർധിപ്പിച്ച് വാച്ച് ടവറിനേതിനു തുല്യമായ ഉയരം കൂട്ടും. ഇതോടെ , ദേവസ്വം ബോർഡ് ജംഗ്ഷനിൽ നിന്നു ആളുകൾ കടക്കുമ്പോൾ തന്നെ പൊലീസിനു അറിയാൻ കഴിയും. നിലവിലുള്ളതിനു പുറമേ ഒരു സി.സി.ടി.വി ക്യാമറ കൂടി ദേവസ്വം ബോർഡ് ജംഗ്ഷനിൽ സ്ഥാപിക്കും. വൈദ്യുതി മുടക്കമില്ലാതെ ലഭിക്കുന്നതിനു ഒരു ജനറേറ്റർ കൂടി സ്ഥാപിക്കാനും തീരുമാനമാച്ചിരുന്നു.