ന്യൂഡൽഹി: സർക്കാരിന്റെ പുതിയ ഐടി നിയമങ്ങൾ അനുസരിച്ച് പ്രകോപനപരമായ പോസ്റ്റുകൾ സ്വമേധയ നീക്കം ചെയ്ത ഗൂഗിൾ, ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളെ പ്രശംസിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.

നിന്ദ്യമായ ഉള്ളടക്കമുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സുതാര്യതയിലേക്കുള്ള വലിയ ചുവടുവെപ്പാണെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. ഗൂഗിൾ, ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവ പോസ്റ്റുകൾ നീക്കം ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

'പുതിയ ഐടി നിയമങ്ങൾ ഗൂഗിൾ, ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള സുപ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പാലിച്ചു കണ്ടതിൽ സന്തോഷം. അവർ പ്രസിദ്ധീകരിച്ച പ്രകോപനപരമായ പോസ്റ്റുകൾ ഐടി നിയമങ്ങൾ അനുസരിച്ച് സ്വമേധയാ നീക്കംചെയ്യുന്നത് സുതാര്യതയിലേക്കുള്ള വലിയ കാൽവെപ്പാണ്.' - രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു.

ചട്ടലംഘനത്തെ തുടർന്ന് മെയ്‌ 15 മുതൽ ജൂൺ 15 വരെയുള്ള ഒരു മാസക്കാലയളവിൽ മൂന്ന് കോടിയിലധികം പോസ്റ്റുകൾക്കെതിരേ ഫേസ്‌ബുക്ക് നടപടി സ്വീകരിച്ചിരുന്നു. ഇന്ത്യയിലെ പുതുക്കിയ ഐടി ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പത്തോളം വിഭാഗങ്ങളിൽ പെടുന്ന ലംഘനങ്ങൾക്കെതിരേയാണ് നടപടിയെന്ന് ഫേസ്‌ബുക്ക് വ്യക്തമാക്കി.

ഒമ്പതോളം ചട്ടലംഘനവിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ ഇൻസ്റ്റഗ്രാം ഇരുപത് ലക്ഷം പോസ്റ്റുകൾക്കെതിരെ ഇതേ കാലയളവിൽ നടപടിയെടുത്തിട്ടുണ്ട്. ഗൂഗിൾ യൂട്യൂബിലെ ഉൾപ്പെടെ 59,350 ലിങ്കുകൾ നീക്കംചെയ്തു. 5,502 പരാതികളിൽ 1,253 എണ്ണം കൈകാര്യം ചെയ്തതായി രാജ്യത്ത് ട്വിറ്ററിന് ബദലായി അവതരിപ്പിച്ച കൂ അവരുടെ റിപ്പോർട്ടിൽ പറയുന്നു.

അമ്പത് ലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ പോസ്റ്റുകളെ സംബന്ധിച്ച് ലഭിച്ച പരാതികളും അതിന്റെ അടിസ്ഥാനത്തിൽ കൈക്കൊണ്ട നടപടികളെ കുറിച്ചുമുള്ള പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പുതുക്കിയ ഐടി ചട്ടങ്ങൾ നിഷ്‌കർഷിക്കുന്നു. ഓട്ടോമേറ്റഡ് ടൂൾസ് ഉപയോഗിച്ച് നീക്കം ചെയ്ത പോസ്റ്റുകളിലെ പ്രകോപനപരമായ ഭാഗങ്ങളെ കുറിച്ചുള്ള പ്രത്യേക സൂചനകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

നടപടിയെടുത്ത ഉള്ളടക്കങ്ങളിൽ പോസ്റ്റുകൾ, ഫോട്ടോകൾ, വീഡിയോകൾ, കമന്റുകൾ എന്നിവ ഉൾപ്പെടുന്നു. പ്രകോപനപരമായതോ ഉപദ്രവകരമായതോ ആയ ഭാഗം നീക്കം ചെയ്യുന്നതോ ചില ഉപയോക്താക്കൾക്ക് മാനസികബുദ്ധിമുട്ടുണ്ടാക്കുന്നതോ ആയ വീഡിയോകളോ ഫോട്ടോകളോ മറയ്ക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നതും നടപടികളിൽ പെടും.