പത്തനംതിട്ട: പോക്‌സോ കേസ് ഇരകളെ പാർപ്പിക്കുന്ന അഭയ കേന്ദ്രത്തിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണ് ഇരുവരെയും കണ്ടെത്തിയത്. പെൺകുട്ടികളെ കാണാതായതിന് പിന്നാലെ സംസ്ഥാനമൊട്ടാകെ പൊലീസ് വിവരങ്ങൾ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് റെയിൽവേ പൊലീസ് ഇരുവരെയും തിരിച്ചറിഞ്ഞത്.

തിരുവല്ല നഗരത്തിൽ സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. പുലർച്ചെയാണ് കാണാതായത്. കേന്ദ്രത്തിൽ നാലു പെൺകുട്ടികളാണ് ഉള്ളത്. ഇതിൽ രണ്ടു പെൺകുട്ടികളെയാണ് കാണാതായത്. 15, 16 വയസ് പ്രായമുള്ള പെൺകുട്ടികളെയാണ് കാണാതായത്. അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് ഊർജ്ജിതമായി അന്വേഷണം നടത്തുകയായിരുന്നു.

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള ട്രെയിനിൽ കുട്ടികൾ കയറിപ്പോയതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ വിവരം അറിയിച്ചിരുന്നു. പെൺകുട്ടികളെ തമ്പാനൂർ പൊലീസിന് കൈമാറി.