പാലക്കാട്: ആലത്തൂരിൽ കാണാതായ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആൺകുട്ടികളെയും കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി. റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. 14 വയസുള്ള കുട്ടികളെ 5 ദിവസം മുമ്പാണ് കാണാതായത്. ഇരട്ട സഹോദരിമാരും , രണ്ട് ആൺകുട്ടികളെയുമാണ് പൊലീസ് കണ്ടെത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് നാല് പേരും.

തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ കുട്ടികൾ ഇത്രയും ദിവസം എവിടെയൊക്കെ പോയെന്നോ എന്താണ് വീട് വിട്ടിറങ്ങാൻ കാരണമായതെന്നോ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

നവംബർ മൂന്നാം തീയതിയാണ് ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആൺകുട്ടികളും ആലത്തൂരിൽനിന്ന് വീട് വിട്ടിറങ്ങിയത്. പാലക്കാട് ബസ് സ്റ്റാൻഡിലെ സിസിടിവികളിൽനിന്ന് ഇവരുടെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഗോപാലപുരം വഴി തമിഴ്‌നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പൊള്ളാച്ചിയിൽനിന്നും കുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. തുടർന്ന് പൊള്ളാച്ചി, കോയമ്പത്തൂർ മേഖലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജിതമാക്കുകയായിരുന്നു.

കുട്ടികൾ ഗോവിന്തപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടേക്ക് അന്വേഷണം വ്യാപിക്കുന്നത്. ഇവർ പാലക്കാട് ബസ് സ്റ്റാൻഡിലൂടെയും പാർക്കിലൂടെയും നടക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

ഒരാളുടെ കൈവശം മൊബൈൽ ഫോൺ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതൽ അത് സ്വിച്ച് ഓഫായതായി കണ്ടെത്തി. കുട്ടികൾ എന്തിനാണ് വീട് വിട്ടിറങ്ങിയതെന്നോ എവിടേക്കാണ് പോകുന്നതെന്നോ സംബന്ധിച്ച് വിവരമൊന്നുമില്ല. ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം. വീട് വിട്ടത് എന്തിനെന്നത് സംബന്ധിച്ചടക്കം കൂടുതൽ കാര്യങ്ങൾ ചോദ്യം ചെയ്യലിൽ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.

സ്‌കൂൾ വിദ്യാർത്ഥികളെ കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും ഒരുവിവരവും ലഭിക്കാതിരുന്നത് പൊലീസിനും തലവേദന സൃഷ്ടിച്ചിരുന്നു. കുട്ടികളുടെ ചിത്രങ്ങൾ സഹിതമുള്ള നോട്ടീസുകൾ തമിഴ്‌നാട്ടിലെ പലഭാഗങ്ങളിലും പൊലീസ് പതിക്കുകയും ചെയ്തു. ഇതിനിടെയാണ് തിങ്കളാഴ്ച വൈകിട്ടോടെ കുട്ടികളെ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഒരിടവേളത്ത് ശേഷം സ്‌കൂൾ തുറന്നതിന് പിന്നാലെ വീട് വിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. ഇടുക്കിയിൽ സ്‌കൂളിലെത്താതെ ആനയെ കാണാൻ പോയതിന് അദ്ധ്യാപകൻ വഴക്ക് പറഞ്ഞതോടെ നാടുവിട്ട രണ്ട് കുട്ടികളെ രണ്ട് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് കണ്ടെത്താൻ കഴിഞ്ഞത്.

അതേ സമയം ആലത്തൂരിൽ ഡിഗ്രി വിദ്യാർത്ഥിനിയായ സൂര്യ കൃഷ്ണയെ കാണാതായിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും അന്വേഷണം ഏങ്ങുമെത്തിയിട്ടില്ല. കാണാതായ സൂര്യ കൃഷ്ണയുടെ ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയെങ്കിലും വിവരമൊന്നുമില്ല. ഓഗസ്റ്റ് മുപ്പതാം തീയതിയാണ് പാലക്കാട് മേഴ്‌സി കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയായ സൂര്യകൃഷ്ണ വീട് വിട്ടിറങ്ങിയത്. പുസ്തകം വാങ്ങാനെന്നായിരുന്നു അമ്മയോട് പറഞ്ഞത്.

പുസ്തക കടയിൽ കാത്തുനിന്നിട്ടും മകളെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ ആലത്തൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഓഗസ്റ്റ് മുപ്പതിന് പകൽ പതിനൊന്നേകാലോടെ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞത്. മൊബൈൽ ഫോണും എടിഎം കാർഡും എടുക്കാതെ വീടു വിട്ടിറങ്ങിയ സൂര്യ യാതൊരു സൂചനകളും അവശേഷിപ്പിക്കാതെ പോയതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.