ചെന്നൈ: ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന സൂപ്പർ സ്റ്റാർ രജനീകാന്തിനെ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ . ആരോഗ്യമന്ത്രിക്കൊപ്പമാണ് സ്റ്റാലിൻ രജനീകാന്തിനെ സന്ദർശിച്ചത്.

പത്തുമിനിട്ട് നീണ്ടു നിന്ന കൂടിക്കാഴ്ചക്ക് ശേഷം ഡോക്ടർമാരോട് മുഖ്യമന്ത്രി രജനീകാന്തിന്റെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ തന്നെ രജനി പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.

ഈമാസം 28നാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാധാരണഗതിയിൽ നടത്താറുള്ള പതിവ് പരിശോധനകളുടെ ഭാഗമായാണ് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പേടിക്കാനൊന്നുമില്ലെന്നും ഭാര്യ ലത അറിയിച്ചിരുന്നു. രജനികാന്തിന്റെ ആരോഗ്യനില മോശമായെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചിരുന്നു.

ഡൽഹിയിലെ ദേശീയ പുരസ്‌കാര വേദിയിൽ ഏതാനും ദിവസം മുൻപാണ് രജനീകാന്ത് ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങിയത്. പ്രസിഡന്റ് രാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിക്കുകയും ചെയ്തിരുന്നു അദ്ദേഹം. അതേസമയം അണ്ണാത്തെ ആണ് രജനീകാന്ത് നായകനാവുന്ന പുതിയ ചിത്രം.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസ് ആണ്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ റിലീസ് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അണ്ണാത്തെയുടെയും സ്ഥാനം. സിരുത്തൈ ശിവ തന്നെ രചനയും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ നയൻതാര, കീർത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ്, മീന, സൂരി, ജഗപതി ബാബു, അഭിമന്യു സിങ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം വെട്രി പളനിസാമി, സംഗീതം ഡി ഇമ്മൻ.