തൃശൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട കൊടി സുനിയുടെ സെല്ലിൽ നിന്നും കഞ്ചാവും മൊബൈൽ ഫോണും പിടികൂടി. വെള്ളിയാഴ്‌ച്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോണും കഞ്ചാവ് കണ്ടെത്തിയിരിക്കുന്നത്. ഹെഡ് സെറ്റ് ഉപയോഗിച്ച് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെയാണ് പിടികൂടിയതെന്നാണ് റിപ്പോർട്ട്. കത്രിക, മൊബൈൽ ചാർജർ എന്നിവയും സെല്ലിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിലെ സി ബ്ലോക്കിൽ കൊടി സുനി ഒറ്റയ്ക്കാണ് കഴിയുന്നത്.

നേരത്തെയും സമാന സംഭവങ്ങൾ ജയിലിൽ റിപ്പോർട്ട് ചെയ്തിരുന്നു. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന മറ്റു പ്രതികളിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. എവിടെനിന്ന് കിട്ടിയതാണെന്നത് സംബന്ധിച്ച് ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിയ്യൂർ പൊലീസും അന്വേഷണം തുടങ്ങി. കോവിഡ് കാലമായതിനാൽ തടവുകാരെ പുറത്തേക്ക് കൊണ്ടുപോകുന്നില്ല. അതിനാൽ, ജയിൽ അധികൃതർക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടന്നേക്കും

നേരത്തെ, ഹവാല കൊള്ളസംഘത്തലവൻ കോടാലി ശ്രീധരന്റെ കൂട്ടാളിയും കൊലക്കേസിലെ മുഖ്യപ്രതിയുമായ റഷീദാണ് വിയ്യൂരിൽ സുനിയുടെ കൂട്ടാളി എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സെൻട്രൽ ജയിലിൽ ഫോൺ ഉപയോഗിച്ചതിനു പിടിക്കപ്പെട്ടതോടെ കഴിഞ്ഞ വർഷം പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയ സുനിയെ രണ്ടരമാസം മുൻപാണ് വിയ്യൂർ ജയിലിലെത്തിച്ചത്. ഇത് വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. ടിപി കേസിലെ മറ്റൊരു കുറ്റവാളി മുഹമ്മദ് ഷാഫി ആയിരുന്നു നേരത്തെ വിയ്യൂരിലെ വില്ലൻ. പലവട്ടം ജയിലിൽ ഫോൺ ഉപയോഗത്തിനു പിടിയിലായിട്ടും ജയിലിൽ സൂപ്രണ്ടിന്റെ ഓഫീസിലെ സഹായിയായി ജോലി ചെയ്യുകയായിരുന്നു ഷാഫി. സുനിയുടെ വരവിനു മുൻപായി ഷാഫിയെ കണ്ണൂർ ജയിലിലേക്കു മാറ്റി.ടിപി കേസിലെ കുറ്റവാളികളായ കിർമാണി മനോജ്, എം.സി. അനൂപ് എന്നിവരും വിയ്യൂരിലാണെങ്കിലും ഇവർ പരോളിലാണ്.

സുനി എത്തിയതോടെ ബി ബ്ലോക്കിൽ തന്റെ സെല്ലിനു മുന്നിലെ പച്ചക്കറിത്തോട്ടത്തിന്റെ ജോലികളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. റഷീദിന്റെ ഹവാല ബന്ധങ്ങൾ ഉപയോഗിച്ച് ടിപി കേസ് കുറ്റവാളികൾ ക്വട്ടേഷൻ, സ്വർണക്കടത്ത് സംഭവങ്ങൾ ആസൂത്രണം ചെയ്യുന്നതായി സൂചന പുറത്തു വന്നിരുന്നെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല. വാർത്തകൾ വന്നതോടെ സുനിയെ സി ബ്ലോക്കിൽ ഒറ്റയ്്ക്കാക്കി.

ടിപി കേസ് കുറ്റവാളികൾ ഭരിക്കുന്ന ബ്ലോക്കുകളിൽ കാര്യമായ പരിശോധന നടക്കുന്നില്ല. കഞ്ചാവ്, മദ്യം, മൊബൈൽ ഫോൺ എന്നിവയുടെ ഉപയോഗം തടസ്സമില്ലാതെ തുടരുന്നു. കഞ്ചാവ് ഉപയോഗത്തെക്കുറിച്ചുള്ള തർക്കത്തിന്റെ പേരിൽ വിയ്യൂരിൽ മാത്രം അടുത്തിടെ 2 ഏറ്റുമുട്ടലുകളുണ്ടായി. മദ്യക്കുപ്പിയുടെ പേരിൽ ഒരു തവണയും തല്ലുണ്ടായി. പ്രതികളുടെ ഉന്നത രാഷ്ട്രീയ സ്വാധീനം കാരണം ജയിൽ അധികൃതർ കണ്ണടയ്ക്കുന്നു എന്നാണ് ആക്ഷേപം.