മലപ്പുറം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മൊബൈൽ ആപ്ലിക്കേഷനുകളിൽ നിന്നും ലോണെടുത്ത് തട്ടിപ്പിന് ഇരയായ നിരവധി പേരുടെ വാർത്തകൾ ദിനം പ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. അത്തരം സംഭവങ്ങളിൽ ഒന്നാണ് മലപ്പുറത്തെ എടവണ്ണ പഞ്ചായത്തിൽപെട്ട ഒതായിയിൽ വാടകക്ക് താമസിക്കുന്ന സുബിതക്കും സംഭവിച്ചിരിക്കുന്നത്. ഒരു ആപ്പിൽ നിന്നും കടമെടുത്ത് അത് തീർക്കാൻ മറ്റൊരു ആപ്പിൽ നിന്ന് വീണ്ടും കടമെടുത്ത് കടക്കെണിയിലായിരിക്കുകയാണ് സുബിത രാജൻ. കാൻസർ രോഗിയായ സുബിത ചികിത്സയുടെ ആവശ്യത്തിന് വേണ്ടിയാണ് ആദ്യം ഒരു ആപ്ലിക്കേഷനിൽ നിന്നും വായ്പയെടുത്തത്.

4000 രൂപയായിരുന്നു വായ്പതുക. എന്നാൽ പ്രൊസസിങ് ഫീസെന്നും മറ്റു കാരണങ്ങൾ പറഞ്ഞു പരമാവധി 2800 രൂപ മാത്രമാണ് സുബിതക്ക് ലഭിച്ചത്. വീട്ടുചെലവും ചികിത്സയും മുടങ്ങുമെന്ന ഘട്ടത്തിലാണ് കഠിനമായ നിബന്ധനകൾ ഉൾക്കൊണ്ട് കൊണ്ട് സുബിത വായ്പയെടുത്തത്. 7 ദിവസമായിരുന്നു വായ്പയുടെ തിരിച്ചടവ് കാലാവധി. 2800 രൂപക്ക് പകരം 4000 രൂപ തിരിച്ചടക്കണം. എന്നാൽ അഞ്ച് ദിവസം കൊണ്ട് തന്നെ പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് വിളികളെത്തി തുടങ്ങി. നിബന്ധനകളിൽ പറഞ്ഞ ദിവസം ആയിട്ടില്ലല്ലോ എന്ന് ചോദിച്ചപ്പോൾ ഭീഷണിയുടെ സ്വരത്തിലായി സംസാരം.

മാത്രവുമല്ല ഈ സമയത്തിനകം തന്നെ സുബിതയുടെ ഫോണിലുണ്ടായിരുന്ന കോൺടാക്ടുകളെല്ലാം വായ്പ നൽകിയ ആപ്ലിക്കേഷൻ സ്വന്തമാക്കിയിരുന്നു. പിന്നീട് ഈ നമ്പറുകളിലേക്കെല്ലാം സുബിത തട്ടിപ്പുകാരിയാണെന്നും പറഞ്ഞ് മെസേജുകൾ എത്താനും തുടങ്ങി. സുബിതയുടെ ചിത്രം ഉപയോഗിച്ച് താഴെ ഫ്രോഡ് എന്നെഴുതിയും സുബിതയുടെ സുഹൃത്തുക്കൾ അടക്കമുള്ളവർക്ക് വാട്സ്ആപ്പിൽ മെസേജുകൾ ലഭിക്കാൻ തുടങ്ങിയതോടെയാണ് സംഭവത്തിന്റെ ഗൗരവം സുബിതക്ക് മനസ്സിലായത്.

നിരവധി സുഹൃത്തുക്കൾ സുബിതയെ വിളിച്ച് തങ്ങൾക്ക് മെസേജ് വന്ന വിവരം അറിയിക്കുകയും ചെയ്തു. മാനഹാനി ഭയന്ന് വായ്പ തിരിച്ചടക്കാൻ ശ്രമിച്ചെങ്കിലും അത്രയും പണം സുബിതയുടെ പക്കലുണ്ടായിരുന്നില്ല. ഈ സമയത്ത് വായ്പ നൽകിയ ആപ്ലിക്കേഷന്റെ ആളുകൾ തന്നെ മറ്റൊരു ആപ്പും പരിചയപ്പെടുത്തിക്കൊടുത്തു. പുതിയ ആപ്പിൽ നിന്നും വായ്പയെടുത്ത് പഴയ വായ്പ തിരിച്ചടക്കാനും പറഞ്ഞു. ഇങ്ങനെ നിരന്തരം പത്തോളം ആപ്പുകളിൽ നിന്നും പണമെടുത്ത് തൊട്ടുമുമ്പത്തെ ആപ്പിലെ കടം വീട്ടേണ്ട അവസ്ഥയിലാണ് സുബിതയിപ്പോൾ.

വിവധ ആപ്പുകളിൽ നിന്നായി 10000 രൂപ മാത്രമാണ് ഇതുവരെ സുബിതക്ക് ലഭിച്ചത്. എന്നാൽ തിരിച്ചടച്ചതാകട്ടെ 140000 രൂപയും. ഇനിയും കൂടുതൽ തുക തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് വായ്പ നൽകിയവർ ശല്യം ചെയ്തതോടെ സുബിത ഇത്രയും കാലം ഉപയോഗിച്ച സിം കാർഡ് അടക്കം ഉപേക്ഷിക്കുകയായിരുന്നു.

റുപി പ്ലസ്, സ്നാപ്ഇറ്റ് ലോൺ,റുപ്പി ഫ്ളൈ,മണി എൻജോയ്,ഗെറ്റ് റുപ്പീ,സ്റ്റാർ ലോൺ, ആൽപ്കാഷ്, സ്പീഡി റുപ്പീ എന്നീ ആപ്പുകളിൽ നിന്നാണ് വായ്പയെടുത്തിരുന്നത് എന്ന് സുബിത മറുനാടനോട് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ ഈ ആപ്പുകളിൽ നിന്ന് വായ്പയെടുത്ത് തട്ടിപ്പിന് ഇരയായവർ പരാതിയുമായ രംഗത്ത് വന്നതോടെ ഇവയിൽ പലതും പ്ലെസ്റ്റോറിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. എന്നാൽ ഇതേ കമ്പനികൾ തന്നെ പുതിയ പേരിൽ രംഗപ്രവേശനം ചെയ്തിട്ടുമുണ്ട്.

സുബിതയുടെ ഫോണിൽ ഉണ്ടായിരുന്ന നമ്പറുകൾ ചേർത്ത് ഈ കമ്പനികൾ വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കുകയും ആ ഗ്രൂപ്പുകളിൽ സുബിതയെ അപമാനിക്കുന്ന തരത്തിൽ മെസേജുകൾ അയക്കുകയും ചെയ്തതായും സുബിത പറയുന്നു. ഫോൺ നമ്പർ മാറ്റുകയും ഫോൺ ഫോർമാറ്റ് ചെയ്യുകയും ചെയ്തെങ്കിലും ഇപ്പോഴും സുഹൃത്തുക്കൾ അടക്കമുള്ളവർക്ക് സുബിത തട്ടിപ്പുകാരിയാണെന്ന് പറഞ്ഞ് മെസേജുകൾ വരുന്നുണ്ടെന്നും സുബിത മറുനാടൻ മലയാളിയോട് പറഞ്ഞു.

നട്ടെല്ലിലും ശ്വാസകോശത്തിലും കാൻസർ ബാധിച്ച സുബിത ചികിത്സയും വീട്ടുചെലവും താങ്ങാൻ കഴിയാത്ത അവസ്ഥയിലെത്തിയപ്പോഴാണ് ഇത്തരത്തിൽ ആപ്പിൽ നിന്നും ലോണെടുത്തത്. അതാണ് ഇപ്പോൾ സുബിതയുടെ ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുന്നത്. മാനക്കേട് ഭയന്ന് ചികിത്സയ്ക്കായി നാട്ടുകാർ സ്വരൂപിച്ച പണവും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആഭരണങ്ങൾ പണയംവച്ച തുകയുമെല്ലാം ചേർത്ത് 10000 രൂപക്ക് പകരം 140000 രൂപയോളം തിരിച്ചടച്ചു.

സഹികെട്ടാണ് ഒടുവിൽ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതി സൈബർ ഫോറൻസിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നി്ന്നാണ് സുബിത ചികിത്സ തേടുന്നത്. ഒതായിയിലെ വാടക വീട്ടിൽ താമസിക്കുന്ന സുബിതയുടെ ഭർത്താവ് പ്രജീഷ് പെയിന്റിങ് തൊഴിലാളിയാണ്. ഈ വരുമാനം മാത്രമാണ് ഇവരുടെ കുടുംബത്തിന്റെ ഏക ആശ്രയം.