ഹൈദരാബാദ്: കോവിഡിൽ മാതാപിതാക്കളെ നഷട്‌പ്പെട്ട കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനായി പുതുവഴിയിൽ തെലുങ്കാന സർക്കാർ. കുട്ടികൾക്ക് മൊബൈൽഫോണുകൾ നൽകാനാണ് തീരുമാനം. വനിതാ വികസന വകുപ്പ്, ശിശുക്ഷേമ വകുപ്പ് ജില്ലാ ശിശു സംരക്ഷണ ഓഫീസർ തുടങ്ങിവരുടേതും സംസ്ഥാനത്തെ പ്രധാന ഹെൽപ്പ്‌ലൈൻ, എമർജൻസി നമ്പറുകൾ അടങ്ങിയ മൊബൈൽ ഫോണുകളാണ് നൽകുക.

ഒരു കാളിലുടെ അനാഥരായ കുട്ടികൾക്ക് സഹായവും സുരക്ഷയും ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹൈദരാബാദിലെ ജില്ലാ വെൽഫെയർ ഓഫീസർ ടി.എ അകേശ്വർ റാവു പറഞ്ഞു. കുട്ടികൾക്ക് ഫോൺ നൽകുമ്പോൾ സഹായത്തിന് ഏത് ഉദ്യോഗസ്ഥനെയാണ് ബന്ധപ്പെടേണ്ടത് എന്നതുൾപ്പടെയുള്ളവയിൽ പരിശീലനം നൽകി.

കോവിഡ് മൂലം ഹൈദരാബാദ് ജില്ലയിൽ മാത്രം 138 കുട്ടികൾക്കാണ് രക്ഷിതാക്കളെ പൂർണമായോ ഭാഗികമായോ നഷ്ടമായത്.200 ൽ അധികം വരുന്ന ഈ കുട്ടികൾക്ക് ഒരു എൻ.ജി.ഒയുമായി സഹകരിച്ച് പ്രതിമാസ റേഷൻ കിറ്റുകൾ അടിയന്തര ആശ്വാസമായി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഒരു രക്ഷിതാവിനെ നഷ്ടപ്പെട്ട കുട്ടിയുടെ കുടുംബത്തിനും മൊബൈൽ ഫോൺ നൽകുന്നുണ്ട്.

അനാഥരായ കുട്ടികളെ സംരക്ഷിക്കാൻ ആരുമില്ലെങ്കിൽ നഗരത്തിലുടനീളമുള്ള 57 ശിശു വീടുകളിലേക്ക് മാറ്റുമെന്നും അവരുടെ എല്ലാ ആവശ്യങ്ങളും വകുപ്പ് ഏറ്റെടുക്കുമെന്നും അധികൃതർ വിശദീകരിച്ചു.