തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണിൽ വിളിച്ചാണ് നരേന്ദ്ര മോദി ആശംസകൾ അറിയിച്ചത്. ചരിത്രം തിരുത്തി കുറിച്ച തുടർഭരണത്തിന്റെ നിറവിൽ പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാം സമ്മേളനം ചേരുന്ന ദിവസം തന്നെയാണ് പിണറായി വിജയൻ 76-ാം ജന്മദിനം ആഘോഷിക്കുന്നതെന്ന പ്രത്യേകതയും ഇക്കുറി ഉണ്ടായിരുന്നു.

അഞ്ച് വർഷം മുമ്പ്, അതായത് ഒന്നാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് തലേന്നാളാണ് ആദ്യമായി പിണറായി വിജയൻ തന്റെ ജന്മദിനത്തെ കുറിച്ച് തുറന്നു പറഞ്ഞത്. നേരത്തെ, സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം തവണ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോഴും പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചിരുന്നു.

രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങൾ എന്നാണ് അന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിക്ക് പിറന്നാൽ ആശംസകൾ നേർന്നിരുന്നു.