ഗാന്ധിനഗർ: കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശവനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ന്, പ്രതിപക്ഷത്തുള്ളവരും കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നവരും അവരുടെ സർക്കാരിന്റെ കാലത്ത് ഈ പരിഷ്‌കാരങ്ങളോട് അനുകൂല നിലപാടുള്ളവരായിരുന്നു. അവർക്ക് അവരുടെ സർക്കാരിന്റെ കാലത്ത് ഒരു തീരുമാനം എടുക്കാൻ സാധിച്ചില്ല. ഇന്ന് രാജ്യം ചരിത്രപരമായ ചുവടുവെപ്പ് നടത്തുമ്പോൾ ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി.ഗുജറാത്തിലെ കച്ചിൽ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പരമാർശം.

വർഷങ്ങളായി കാർഷിക സംഘടനകളും പ്രതിപക്ഷം പോലും ഉന്നയിച്ചിരുന്ന അതേ ആവശ്യങ്ങളാണ് ഇപ്പോൾ കാർഷിക മേഖലയിൽ കൊണ്ടുവന്നിരിക്കുന്ന പരിഷ്‌കാരങ്ങളെന്നും അദ്ദേഹം പറഞ്ഞു.കർഷരെ തെറ്റിദ്ധരിപ്പിക്കാൻ ഡൽഹിയിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കാർഷിക പരിഷ്‌കാരങ്ങൾ നിലവിൽ വരുമ്പോൾ കർഷകരുടെ ഭൂമി മറ്റുള്ളവർ കൈവശപ്പെടുത്തുമെന്ന് അവരെ ഭയപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.

കേന്ദ്രസർക്കാർ എല്ലായ്‌പ്പോഴും കർഷകക്ഷേമത്തിന് പ്രതിജ്ഞാബദ്ധമാണെന്നും കർഷകരുടെ ആശങ്കകൾ പരിഗണിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.