ആലുവ: ആലുവയിൽ ജീവനൊടുക്കിയ മോഫിയ ഭർതൃവീട്ടിൽ അനുവഭിച്ചിരുന്നത് കടുത്ത പീഡനങ്ങൾ.തൊടുപുഴ അൽ അസർ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയും മോഫിയയുടെ സഹപാഠിയുമായ ജോവിൻ ആണ് മോഫിയ പങ്കുവച്ച കാര്യങ്ങൾ പറഞ്ഞത്. വിവാഹത്തിന് മുമ്പ് സുഹൈലിന് ഗൾഫിലാണ് ജോലി എന്നാണ് പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞതോടെ ഗൾഫിലേക്ക് ഇല്ല എന്നായി. സിനിമയിൽ ഒരു കൈ നോക്കാൻ പോകുക ആണെന്നും, ഉഗ്രൻ തിരക്കഥ കൈയിലുണ്ടെന്നും ഒക്കെ മോഫിയയെ വിശ്വസിപ്പിച്ചു.

എന്നാൽ, സുഹൈലിന് ജോലിക്ക് പോകാൻ താൽപര്യമില്ലെന്ന് വൈകാതെ മോഫിയ തിരിച്ചറിഞ്ഞു. മുഴുവൻ സമയവും മൊബൈലിലായിരിക്കും. ഇത് കണ്ട് മടുത്ത മോഫിയ അത് ചോദ്യം ചെയ്തതോടെ ഈർഷ്യയായി. മാനസിക പീഡനത്തിന് പുറമേ ശാരീരിക പീഡനവും തുടങ്ങി. സുഹൈലിന്റെ വീട്ടുകാരും മോശമായിരുന്നില്ല. പെരുമാറ്റം താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു. സ്ത്രീധനം പോരെന്ന പേരിൽ പഴി ചാരൽ വേറെ. ഇതെല്ലാം മോഫിയയെ മാനസികമായി വല്ലാതെ തളർത്തിയിരുന്നു.

ഇതിന് പുറമേ സുഹൈൽ പറയുന്ന ശരീരഭാഗങ്ങളിലെല്ലാം പച്ച കുത്താൻ നിർബന്ധിക്കുമായിരുന്നു. പറയാൻ പറ്റാത്ത പല കാര്യങ്ങൾക്കും നിർബന്ധിച്ചിരുന്നു. ജോവിനും മോഫിയയും അടുത്ത സുഹൃത്തുക്കളായതുകൊണ്ട് വിഷമങ്ങൾ എല്ലാം ഷെയർ ചെയ്തിരുന്നു. പലതും വീട്ടിൽ അറിയിക്കുമെന്ന അവസ്ഥ വന്നതോടെയാണ് മോഫിയയെ മാനസിക രോഗിയായി ചിത്രീകരിച്ചു തുടങ്ങിയത്. സുഹൈലിന്റെ മാതാപിതാക്കളും മോഫിയയെ പല തരത്തിലും ദ്രോഹിച്ചിട്ടുണ്ട്. എല്ലാം എതിർത്തതോടെ അവളെ മാനസിക രോഗിയായി നാട്ടിലും വീട്ടിലും ചിത്രീകരിച്ചു. പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത് അവളുടെ കൂടെ അവരെങ്കിലും നിൽക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അവരൊന്ന് അവളെ കേൾക്കാൻ കൂട്ടാക്കിയിരുന്നുവെങ്കിൽ ഞങ്ങൾക്കൊപ്പം അവളും ഇന്നും ക്ലാസിൽ ഉണ്ടാകുമായിരുന്നുവെന്നും ജോവിൻ പറഞ്ഞു.

 സുഹൈൽ, ഇയാളുടെ പിതാവ് യുസൂഫ്, മാതാവ് റുഖിയ എന്നിവർ ഇന്ന് പിടിയിലായി. പ്രതികൾ കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.ഇന്ന് പുലർച്ചെയാണ് സുഹൈലും കുടുംബവും പൊലീസിന്റെ പിടിയിലായത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വൈകിട്ട് കോടതിയിൽ ഹാജരാക്കും.

റിപ്പോർട്ട് തേടി ഡിജിപി

മോഫിയയുടെ ആത്മഹത്യ സംബന്ധിച്ച വിവാദത്തിൽ സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് തേടി. കൊച്ചി റേഞ്ച് ഡിഐജിയോടാണ് റിപ്പോർട്ട് തേടിയത്. വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്റെ നിർദ്ദേശം. വിഷയത്തിൽ ഇന്ന് വൈകുന്നേരത്തിനകം റിപ്പോർട്ട് നൽകണം എന്നും ഡിജിപി നിർദ്ദേശിക്കുന്നു.

പൊലീസിനെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കിയ ആലുവയിൽ പെൺകുട്ടിയുടെ ആത്മഹത്യയിൽ സംഭവ സ്ഥലം നേരിട്ട് സന്ദർശിച്ച് റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകൾ അടക്കം പരിശോധിക്കണമെന്നും കൊച്ചി റേഞ്ച് ഡി ഐ ജി നീരജ് കുമാർ ഗുപ്തയോട് ഡി ജി പി ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ സേനയ്ക്ക് വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി നേരത്തെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചും ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഡി ഐ ജി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി ഐ യ്ക്ക് എതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചനകൾ.ആലുവ സിഐയ്ക്കെതിരെ നടപടിയെടുക്കണം എന്ന് ആത്മഹത്യാകുറിപ്പിൽ എഴുതിവച്ച് എടയപ്പുറത്ത് സ്വദേശിനിയായ മോഫിയ ജീവനൊടുക്കിയതതിന് പിന്നാലെ വിഷയം വലിയ വിവാദമായതിന് പിന്നാലെയാണ് നിർദ്ദേശം. വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ആലുവ ഡിവൈഎസ്‌പി ഇന്ന് റിപ്പോർട്ട് കൈമാറും. ഇതിന് പിന്നാലെയാണ് വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് തേടുന്നത്.

മോഫിയയുടെ മരണത്തിന് പിന്നാലെ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിഐ സി.എൽ.സുധീറിന് എതിരെ വ്യാപകമായ വിമർശനങ്ങൾ ഉയരുന്നത്. മോഫിയയുടെ മരണത്തിന് പിന്നാലെ കൂടുതൽ യുവതികളും രംഗത്ത് എത്തിയരുന്നു. ഭർത്താവിനെതിരെ പരാതി നൽകിയപ്പോൾ സുധീർ കേസെടുക്കാതെ തന്നെ ആപമാനിക്കുന്ന നിലയാണ് ഉണ്ടായത് എന്നായിരുന്നു യുവതിയുടെ ആക്ഷേപം