തിരുവനന്തപുരം: കൊച്ചിയിലെ ആക്രമണത്തെ അതിജീവിച്ച നടിക്ക് പിന്തുണ അർപ്പിച്ച് മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ. മെഗാ സ്റ്റാർ മമ്മൂട്ടിയും മോഹൻലാലുമാണ് ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. മലയാളത്തിലെ യുവതാരങ്ങളിൽ പലരും നടിക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും മുതിർന്ന തലമുറയിൽ പെട്ട താരങ്ങൾ താരത്തിനു പിന്തുണ നൽകുന്നത് ഇത് ആദ്യമായാണ്.

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മമ്മൂട്ടി നടിയുടെ പോസ്റ്റ് പങ്കുവച്ച് ഐകദാർഢ്യം പ്രഖ്യാപിച്ചത്. 'നിനക്കൊപ്പം' എന്ന കുറിപ്പടക്കമായിരുന്നു മമ്മൂട്ടി പോസ്റ്റ് പങ്കുവച്ചത്. ഇതോടെ അടുത്തത് മോഹൻലാലിന്റെ ഊഴമായിരുന്നു. ബഹുമാനം എന്നു പറഞ്ഞു കൊണ്ടായിരുന്നു ഇൻസ്റ്റാഗ്രാമിൽ മോഹൻലാലിന്റെ പോസ്റ്റ്.

നിരവധി താരങ്ങൾ നടിക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ ആദ്യം ഐകദാർഢ്യം പ്രഖ്യാപിച്ചപ്പോൾ പിന്നീട് കുഞ്ചാക്കോ ബോബൻ, നീരജ് മാധവ്, ആഷിഖ് അബു, അന്ന ബെൻ, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, ആര്യ, റിമ കല്ലിങ്കൽ, അഞ്ജലി മേനോൻ തുടങ്ങി നിരവധി സിനിമാപ്രവർത്തകർ പിന്തുണ അറിയിച്ചു.

ആക്രമണത്തിനു ശേഷം താൻ നടത്തുന്ന അതിജീവന യാത്രയെക്കുറിച്ചും അതിന് ആളുകൾ നൽകുന്ന പിന്തുണയെക്കുറിച്ചും നടി തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ തുറന്നുപറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ചലച്ചിത്ര ലോകം നടിക്ക് പിന്തുണയുമായി എത്തിയത്.

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വർഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു, എനിക്കുവേണ്ടി സംസാരിക്കാൻ. എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്കുവേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. വിചാരണ നീട്ടാൻ ആസൂത്രിത നീക്കം നടക്കുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വ്യാജമാണെന്നും ദിലീപ് ആരോപിച്ചു. ഇതിനിടെ ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും കോടതിയെ സമീപിച്ചു.