തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ ഭീഷണിയിലാണ് രാജ്യം. വാക്‌സിനെടുക്കുകയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും മാത്രമാണ് ഇപോൾ ചെയ്യാവുന്ന കാര്യം. ദിവസമുള്ള മരണ കണക്കുകളും ആശങ്കയുണ്ടാക്കുന്നു. ഇപ്പോഴിതാ ആരോഗ്യസംരക്ഷണ സംവിധാനത്തിന് നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ തന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ മുന്നോട്ടുവന്ന കാര്യം മോഹൻലാൽ അറിയിച്ചിരിക്കുന്നു.

ഓക്‌സിജൻ സൗകര്യമുള്ള 200ൽ അധികം കിടക്കകൾ, വെന്റിലേറ്റർ സംവിധാനത്തോടെയുള്ള 10 ഐസിയു കിടക്കകൾ, മാറ്റാനാകുന്ന എക്‌സ് റേ മെഷിനുകൾ എന്നിവയാണ് കേരളത്തിലെ വിവിധ ആശുപത്രികൾക്ക് നൽകുക. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഓക്‌സിജൻ പൈപ്പ്‌ലൈന്റെ ഇൻസ്റ്റാലേഷന് വേണ്ട പിന്തുണയും നൽകും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെയും കേരള സർക്കാരിന്റെ ആരോഗ്യസുരക്ഷ സ്‌കീമിന്റെയും പരിധിയിൽ വരുന്ന ആശുപത്രികൾക്കാണ് ഇക്കാര്യങ്ങൾ നൽകുക എന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്.

വിശ്വശാന്തി ഫൗണ്ടേഷൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് ആശുപത്രികൾക്കും ഇതുപോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ സഹായം നൽകുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്.

കളമശ്ശേരി മെഡിക്കൽ കോളേജ്, ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി, എറണാകുളത്തെയും ആലുവയിലെയും ലക്ഷ്ണി ആശുപത്രി, തിരുവനന്തപുരം, എസ് പി ഫോർട് ആശുപത്രി, എറണാകളും സുധിന്ദ്ര മെഡിക്കൽ മിഷൻ, തിരുവനന്തപുരം ആറ്റുകാൽ ദേവി ട്രസ്റ്റ് ആശുപത്രി, എറണാകുളം കൃഷ്ണ ആശുപത്രി, കോട്ടയം ഭരത് ആശുപത്രി, എറണാകുളം സരഫ് ആശുപത്രി, പാലക്കാട് സേവന ആശുപത്രി, തിരുവനന്തപുരം ലോർഡ്‌സ് ആശുപത്രി, എറണാകുളം ലേക്ഷോർ ആശുപത്രി, പട്ടാമ്പി സർക്കാർ താലൂക്ക് ആശുപത്രി എന്നിവടങ്ങളിലാണ് നിലവിൽ സഹായം എത്തിക്കുകയെന്നും മോഹൻലാൽ പറഞ്ഞു.