തിരുവനന്തപുരം: വർക്കല സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആനി ശിവക്ക് അഭിനന്ദനവുമായി നടൻ മോഹൻലാൽ. നിശ്ചയദാർഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിക്ക് അഭിനന്ദനങ്ങളെന്ന് മോഹൻലാൽ ഫേ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങൾക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെയെന്നും അദ്ദേഹം എഴുതി.

അതേസമയം, ആനി ശിവയെ അഭിനന്ദിച്ച് നടൻ ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു.
വലിയ പൊട്ടിലൂടെയല്ല വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാകുന്നതെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

പോസ്റ്റിനടിയിൽ നിരവധി പേരാണ് ഉണ്ണിയെ വിമർശിച്ച് രംഗത്തെത്തിയത്. വലിയപൊട്ടിലൂടെയല്ല സ്ത്രീശാക്തീകരണം പുതിയ അറിവിന് നന്ദിയെന്നും ഒരു തലമുറക്ക് മുമ്പുള്ള പല സ്ത്രീകളും വലിയപൊട്ടുതൊടുന്നവരായിരുന്നുവെന്നും പക്ഷേ അവരാരും സ്ത്രീശാക്തീകരണം എന്നു പറഞ്ഞുനടന്നവരായിരുന്നില്ലെന്നും ചിലർ കമന്റ് ചെയ്തു. അതൊക്കെ സ്വന്തം ഇഷ്ടമാണ് അതും ഇതുമായി കൂട്ടികുഴക്കുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു വിമർശനം.

സ്വന്തം വീട്ടുകാരാൽ തിരസ്‌കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് 18ാമത്തെ വയസിൽ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ആനി ശിവ 14 വർഷങ്ങൾക്കിപ്പുറം സബ് ഇൻസ്‌പെക്ടറായി ജോലി നോക്കുകയാണ്.