കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി നടൻ മോഹൻലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 2021-24 വർഷത്തെ ഭരണസമിതിയിലേക്ക് 19-ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിച്ചപ്പോഴാണ് എതിർ സ്ഥാനാർത്ഥിയില്ലാതെ മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്.

തുടർച്ചയായി രണ്ടാംവട്ടമാണ് മോഹൻലാൽ പ്രസിഡന്റാകുന്നത്. ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്കും എതിരില്ല. ജനറൽ സെക്രട്ടറിയായി ഇടവേള ബാബു, ജോയിന്റ് സെക്രട്ടറിയായി ജയസൂര്യ, ട്രഷററായി സിദ്ദിഖ് എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽപ്പേർ മത്സരിക്കുന്നതിനാൽ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്കും 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പ് നടക്കും. ആശാ ശരത്തും ശ്വേതാ മേനോനുമാണ് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഈ മാസം 19നാണ് ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കുക.

വൈസ് പ്രസിഡന്റായി രണ്ടു പേർക്ക് ജയിക്കാം. മൂന്ന് പേരാണ് മത്സര രംഗത്തുള്ളത്. ശ്വേതാ മേനോനും ആശാ ശരത്തുമാണ് മോഹൻലാലിന്റെ സ്ഥാനാർത്ഥികൾ. എതിരിടാൻ മണിയൻപിള്ള രാജുവും. അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൽസരിക്കാനുള്ള തീരുമാനത്തിൽ മണിയൻപിള്ള രാജുവിന്റെ വിശദീകരണവും വന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് വനിതാ സംവരണം ഔദ്യോഗിക തീരുമാനമല്ല. ചിലർ തീരുമാനിച്ചാൽ അത് ഔദ്യോഗിക തീരുമാനമാകില്ല. കഴിഞ്ഞ കമ്മിറ്റിയിൽ ഭാരവാഹികളായിരുന്ന ജഗദീഷും മുകേഷും ഗണേശനും അറിയാതെ എന്ത് ഔദ്യോഗിക തീരുമാനമെന്നും മണിയൻപിള്ള രാജു മറുനാടനോട് ചോദിച്ചു.

അമ്മയുടെ സ്ഥാപകരിലൊരാളാണ് ഞാൻ. എന്റെ അയ്യായിരം രൂപയും സുരേഷ് ഗോപിയുടെ ഇരുപത്തയ്യായിരം രൂപയും ഗണേശന്റെ അയ്യായിരം രൂപയുമായിട്ടാണ് ലെറ്റർ പാഡൊക്കെ അടിച്ച് സംഘടന ആരംഭിക്കുന്നത്. എന്നാൽ കഴിഞ്ഞ 27 വർഷത്തിനിടയ്ക്ക് ഒരു ഭാരവാഹിത്വം പോലും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഒന്നോ രണ്ടോ തവണ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി മാത്രമാണ് ഇരുന്നിട്ടുള്ളത്.

ഇത്തവണ ഞാൻ വൈസ് പ്രസിഡന്റ് ആകുമെന്നത് എല്ലാവരും സമ്മതിച്ചിട്ടുള്ളതാണ്. എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനം വനിതകൾക്ക് സംവരണം ചെയ്‌തെന്ന് മാധ്യമങ്ങളിൽ വാർത്തകൾ വന്നു. അങ്ങനെയൊരു തീരുമാനം ജനറൽ ബോഡിയോ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോ എടുത്തിട്ടില്ല. എന്നാൽ അവർ അഞ്ച് പേരും ചുളുവിൽ ജയിച്ചുകഴിഞ്ഞപ്പോൾ വൈസ് പ്രസിഡന്റ് വനിതകൾക്ക് സംവരണം ചെയ്ത് തീരുമാനമെടുക്കുകയായിരുന്നു.

11 സ്ഥാനങ്ങളാണ് എക്‌സിക്യൂട്ടീവ് കമ്മറ്റിയിലുള്ളത്. മത്സരിക്കാൻ 13 പേരും. നടനും സംവിധായകനുമായ ലാലും നാസർ ലത്തീഫും ഔദ്യോഗിക പാനലിന് പുറത്ത് മത്സരിക്കുന്നു. ഹണിറോസ്, മഞ്ജുപിള്ള, ലെന, രചന നാരായണൻകുട്ടി, ബാബുരാജ്, നിവിൻ പോളി, സുധീർ കരമന, ടൊവിനോ തോമസ്, ടിനി ടോം, ഉണ്ണി മുകുന്ദൻ, സുരഭി ലക്ഷ്മിയുമാണ് എക്‌സിക്യുട്ടീവിലേക്ക് മത്സരിക്കുന്ന മോഹൻലാൽ പക്ഷക്കാർ. വിജയബാബുവും മത്സരിക്കുന്നുണ്ട്. സുരേഷ് കൃഷ്ണ എക്‌സിക്യുട്ടീവിലേക്ക് മത്സരിക്കാൻ പത്രിക നൽകിയെങ്കിലും പിൻവലിച്ചു. വൈസ് പ്രസിഡന്റ് പദവിയിലേക്ക് മുകേഷിനൊപ്പം ജഗദീഷും പത്രിക പിൻവലിച്ച് മോഹൻലാൽ പക്ഷത്തിന് അനുകൂല നിലപാട് എടുത്തു,

താര സംഘടനയിലെ ഇലക്ഷനിൽ സിപിഎം ആവശ്യപ്പെട്ടിട്ടാണ് മുകേഷ് മത്സരിക്കാൻ തയ്യാറെടുക്കുന്നതെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. വൈസ് പ്രസിഡന്റായി ശ്വേതാ മേനോനെയും ആശാ ശരത്തിനേയും കൊണ്ടു വരാനാണ് മോഹൻലാലിന് താൽപ്പര്യം. വൈസ് പ്രസിഡന്റായി രണ്ടു പേർക്ക് കടന്നുവരാം. ഇത്തവണ ഈ പദവികളിൽ വനിതകൾ എത്തട്ടേ എന്നതായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം.മമ്മൂട്ടിയും ദിലീപും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു.

മുകേഷും കെബി ഗണേശ് കുമാറുമായിരുന്നു വൈസ് പ്രസിഡന്റുമാർ. മോഹൻലാലിന്റെ നിർദ്ദേശം മാനിച്ച് ഗണേശ് മത്സരത്തിനില്ലെന്ന നിലപാട് എടുത്തു. എന്നാൽ മുകേഷ് കടുംപിടിത്തം തുടർന്നു. സിപിഎം നിർദ്ദേശമുണ്ടെന്നും മത്സരിക്കുമെന്നും നിലപാട് എടുത്തു. ഇത് അമ്മയിലെ അംഗങ്ങൾക്ക് പോലും ഞെട്ടലായി. ഇന്നസെന്റ് പറഞ്ഞിട്ടു പോലും അനുസരിച്ചില്ല. സ്ത്രീ സംവരണത്തെ അട്ടിമറിക്കുന്ന എംഎൽഎ എന്ന പേരു ദോഷവും മുകേഷിന് കിട്ടി. ഇതെല്ലാം മനസ്സിലാക്കി മുകേഷ് പിന്മാറി. മത്സരിച്ച് തോൽക്കുന്നത് നാണക്കേടാകുമെന്ന തിരിച്ചറിവിൽ കൂടിയാണ് ഇത്.