തിരുവനന്തപുരം: ഫാനിസത്തിനപ്പുറത്ത് മോഹൻലാൽ എന്ന നടനവൈഭവത്തെ തമാശയക്കെങ്കിലും എല്ലാവരും ഒരുപോലെ വിളിക്കുന്നതാണ് 'ചരിഞ്ഞ അത്ഭുതമെന്ന്'. അതിന്റെ പ്രധാനകാരണം മോഹൻലാലിന്റെ മാത്രം പ്രത്യേകതയായ തോളിലെ ചരിവ് തന്നെയാണ്.കൊച്ചുകുട്ടി മുതൽ ഏതൊരാളും മോഹൻലാൽ എന്ന നടനെ അനുകരിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് തോളിലെ ഈ ചെരിവാണ്.അത്രയേറെ പ്രേക്ഷകനെ സ്വാധീനിച്ചിട്ടുണ്ട് ഈ ശരീരപ്രകൃതി.

ഇത്രയും വർഷങ്ങളായിട്ടും ഈ ചരിവിന് പിന്നിലെ രഹസ്യത്തെപ്പറ്റി മോഹൻലാൽ പ്രതികരിച്ചിരുന്നില്ല.എന്നാൽ ഇപ്പോഴിത ചരിവിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് വാചാലനായിരിക്കുകയാണ് താരം.തോളിലെ ചരിവ് പാരമ്പര്യമായി ലഭിച്ചതാണെന്നും ഒരു മാന്യുഫാക്ചറിങ്ങ് ഡിഫ്ക്ടാണ് എന്നാണ് മോഹൻലാൽ പറയുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് മോഹലാലിന്റെ പ്രതികരണം.'എന്റെ മുത്തച്ഛന്റെയും അമ്മയുടെയും തോളിനും ചരിവുണ്ട്. സത്യത്തിൽ അതൊരു മാനുഫാക്ചറിങ് ഡിഫക്ട് ആണ്'- മോഹൻലാൽ പറഞ്ഞു.

മോഹൻലാലിന്റെ ഈ ശരീരഘടനയെക്കുറിച്ച് സംവിധായകനും ഉറ്റചങ്ങാതിയുമായ പ്രിയദർശനും പറയുന്നുണ്ട്.താൻ കാണുമ്പോഴേ മോഹൻലാലിന് ചെരിവുണ്ടായിരുന്നുവെന്നാണ് പ്രിയദർശൻ പറയുന്നത്.എല്ലാവർക്കും അവരുടേതായ ശരീരഭാഷയുണ്ട്. മമ്മൂട്ടിക്കും അമിതാഭ് ബച്ചനുമെല്ലാം അവരുടേതായ പ്രത്യേകതയും ശബ്ദവുമുണ്ട്.മരയ്ക്കാറിൽ കുഞ്ഞാലിയെക്കുറിച്ചുള്ള ആറു വരികൾ ഞാൻ തന്നെയാണ് എഴുതിയത്, 'ചായുന്ന ചന്ദന തോളാണ്' എന്ന വരിയുണ്ട്. - പ്രിയദർശൻ പറഞ്ഞു.

കാത്തിരിപ്പുകൾക്ക് വിരാമമിട്ടാണ് മരക്കാർ റിലീസിനെത്തുന്നത്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാർ. 100 കോടി രൂപയാണ് ബഡ്ജറ്റ്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിന്മെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമ്മിച്ചത്. മരണപ്പെട്ട വിഖ്യാത സംവിധായകൻ ഐവി ശശിയുടെ മകൻ അനി ഐവി ശശിയും പ്രിയദർശനൊപ്പം തിരക്കഥയിൽ പങ്കാളിയാണ്. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയത്.

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സിനിമയാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരും വേഷമിടുന്നു. 16ാം നൂറ്റാണ്ടാണ് സിനിമയുടെ പശ്ചാത്തലം.മാസ് മൂവിയാണോ ക്ലാസ് മൂവിയാണോ എന്ന് ചോദിച്ചാൽ ഫാൻസുകാരും പറയുന്നത് ക്ലാസ് എന്നാണ്. ദേശീയ തലത്തിൽ കിട്ടിയ അവാർഡുകൾക്കുള്ള ജസ്റ്റിഫിക്കേഷനാണ് ചിത്രമെന്ന് കടുത്ത മോഹൻലാൽ ആരാധകർ പോലും പറയുന്നു.