തിരുവനന്തപുരം: മോഹൻലാൽ ചിത്രമായ ദൃശ്യം 2 സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ ഹിറ്റായി കഴിഞ്ഞു. ആമസോൺ പ്രൈമിനെ സംബന്ധിച്ചിടത്തോളം ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഓപ്പണിംഗാണ് ഇതോടെ ലഭിച്ചിരിക്കുന്നത്. തീയറ്ററുകളിൽ വലിയ ഓളം ഉണ്ടാക്കേണ്ട സിനിമയാണ് ദൃശ്യമെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം ഉയരുന്നത്. അതേസമയം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം വിജയകരമായി സ്‌ക്രീനിങ് തുടരുമ്പോൾ കുടുംബം സമേതം സിനിമ കണ്ട് മോഹൻലാൽ.

ദൃശ്യം കുടുംബത്തിനൊപ്പം കാണുന്ന വീഡിയോ മോഹൻലാൽ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു. വീട്ടിലെ തിയറ്ററിൽ ഇരുന്നാണ് കുടുംബ സമേതം താരം സിനിമ കാണുന്നത്. ഫേസ്‌ബുക്കിലൂടെയാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തിയറ്ററിന്റെ മുൻ നിരയിൽ തന്നെ ഇരിക്കുന്ന പ്രണവിനെയും വിസ്മയയെയും വീഡിയോയിൽ കാണാം. പുറത്ത് വന്ന് നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറലായി കഴിഞ്ഞു. പ്രിയദർശനും ലാലിനൊപ്പം സിനിമ കാണുന്നവരുടെ കൂട്ടത്തിലുണ്ട്. സംവിധായകൻ ജീത്തു ജോസഫിനെയും മോഹൻലാലിനെയും അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

അതേസമയം സിനിമ ഡൗൺലോഡ് ചെയ്തവരുടെ കണക്ക് ആമസോൺ പ്രൈം പുറത്തു വിടുന്നില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ കിട്ടിയ വൻ പിന്തുണയും റേറ്റിങ്ങും സിനിമ ഹിറ്റായെന്ന് വ്യക്തമാക്കുന്നതാണ്. അതിനിടെ സിനിമയുടെ വ്യാജ പതിപ്പും പുറത്തിറങ്ങി.8 വർഷം മുൻപു റിലീസ് ചെയ്തു ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ നിർമ്മിച്ചത് ആന്റണി പെരുമ്പാവൂരാണ്.

തിയറ്ററിൽ റിലീസ് ചെയ്താലും 42 ദിവസത്തിനു ശേഷം ദൃശ്യം 2 ഒടിടിയിൽ കാണിക്കുമായിരുന്നു. അതാണു പൊതുവേയുള്ള കരാർ. പകുതി കാണികളെ മാത്രമേ തിയറ്ററിൽ കയറ്റുന്നുള്ളു. അതിനാൽ 42 ദിവസം പ്രദർശിപ്പിച്ചാലും 21 ദിവസത്തെ കലക്ഷനേ പ്രതീക്ഷിക്കാനാകൂ. ഇതിൽ 15 ദിവസമേ ഹൗസ് ഫുൾ ഷോ ഉണ്ടാകൂ എന്നാണു കണക്ക്. ഇതുകൊണ്ടു മുതലാകില്ല എന്ന് ഉറപ്പായതോടെയാണു ദൃശ്യം തിയറ്ററിലേക്കു വിടാതെ ഒടിടിക്കു നിർമ്മാതാക്കൾ വിറ്റത്.

ദൃശ്യം 2 തെലുങ്കിൽ നിർമ്മിക്കാൻ ഇന്നലെ കരാർ ഒപ്പുവച്ചു. ആശിർവാദ് സിനിമാസിന്റെ ആദ്യ തെലുങ്കു ചിത്രം കൂടിയാണിത്. വെങ്കടേഷ് ആണ് ഇതിൽ നായകൻ. ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയർന്ന വിലയ്ക്കു ഒടിടിക്കു വിറ്റ ചിത്രമാണു ദൃശ്യം 2 എന്നു വ്യവസായ രംഗത്തുള്ളവർ പറയുന്നു. തുക ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഒടിടി റിലീസിലൂടെ 17 കോടി രൂപയെങ്കിലും ലാഭമുണ്ടാക്കി എന്നാണു സൂചന.

അതേസമയം ചതിച്ചു, പറ്റിച്ചു എന്നെല്ലാം പറയുമ്പോഴും സിനിമ പരമാവധി ആളുകളിൽ എത്തിക്കുക എന്നതും പ്രധാനമെന്ന് ഓർക്കണമെന്നാണ് മോഹൻലാൽ സിനിമയെ കുറിച്ച് പറഞ്ഞത്. ദൃശ്യം 2 എന്ന സിനിമയെ ഭാഷയ്ക്കും അപ്പുറത്തുള്ള വലിയൊരു കൂട്ടം കാഴ്ചക്കാരിലേക്ക് എത്തിക്കാനായി. ഇതു മലയാള സിനിമയുടെ നേട്ടമായി കാണണം. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് നിർമ്മാതാവാണ്. ഈ സിനിമ വലിയ സ്‌ക്രീനിൽ കാണാൻ അവസരമുണ്ടാകും എന്നുതന്നെയാണ് എന്റെ പ്രതീക്ഷയെന്നും ലാൽ പറഞ്ഞു.

തിയറ്ററിൽ റിലീസ് ചെയ്യാതെ ഒടിടിക്കു വിറ്റതിൽ സങ്കടപ്പെടുന്നില്ലെന്ന് ആന്റണി പെരുമ്പാവൂരും പ്രതികരിച്ചു. തിയറ്ററിൽ ആളുകൾ എത്തുന്ന കാലം വരെ സിനിമ വച്ചുകൊണ്ടിരിക്കുക എന്നതു പ്രായോഗികമല്ല. കാരണം, 70 കോടി ഇതിനകം മുടക്കിയ മുടക്കിയ മരയ്ക്കാർ എന്ന സിനിമ റിലീസ് ചെയ്യാനാകാതെ ഇരിക്കുകയാണ്. അതിന്റെ ഭാരം താങ്ങിയില്ലെങ്കിൽ ഞാൻ ഇല്ലാതാകും. തിയറ്ററിൽ കൂടുതൽ പണം കിട്ടുമായിരിക്കാം. എന്നാൽ ബിസിനസിൽ വരാനിരിക്കുന്ന കാലത്തെ കണക്കുകളെക്കാൾ പ്രധാനം അപ്പപ്പോൾ എടുക്കുന്ന തീരുമാനമാണെന്നു ഞാൻ കരുതുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.