കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലിഫ്റ്റിൽ വച്ചു കടന്നുപിടിച്ച കേസിൽ പ്രതിയായ ഗ്രേഡ് എഎസ്ഐക്ക് അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയും ചുമത്തി എറണാകുളം പോക്‌സോ കോടതി ശിക്ഷ വിധിച്ചു. തലയോലപ്പറമ്പ്് സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന നാസറിനാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ നാലു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. തന്റെ മകനുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നെന്നും ഇതു പറഞ്ഞു വിലക്കാൻ ചെന്ന തന്നെ വ്യാജപ്പരാതി നൽകി കുടുക്കിയെന്നുമായിരുന്നു പ്രതിയുടെ വാദം.

എന്നാൽ സാഹചര്യ തെളിവുകളും പെൺകുട്ടിയുടെ മൊഴിയുമൊക്കെ കണക്കിലെടുത്ത് വിചാരണക്കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി.പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകളിലായി ഏഴു വർഷവും ഏഴു മാസവും പ്രതിക്ക് തടവുശിക്ഷ വിധിച്ചെങ്കിലും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാലാണ് അഞ്ചു വർഷമായി കുറഞ്ഞത്. എറണാകുളം സെൻട്രൽ എസ്‌ഐയായിരുന്ന അനന്തലാലാണ് കുറ്റപത്രം സമർപ്പിച്ചത്. 2019 ഓഗസ്റ്റ് രണ്ടിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.

2018 ഏപ്രിൽ 28 ന് എറണാകുളം പുല്ലേപ്പടിയിലെ ഒരു സിവിൽ സർവീസ് കോച്ചിങ് സെന്ററിന്റെ ലിഫ്റ്റിൽ വച്ചാണ് ഇയാൾ പെൺകുട്ടിയെ കടന്നു പിടിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് പെൺകുട്ടി നൽകിയ പരാതിയിൽ 2018 മെയ്‌ 21 ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിവിൽ സർവീസ് പരീക്ഷ പരിശീലനം നടത്തുന്ന പുല്ലേപ്പടിയിലെ സ്ഥാപനത്തിലെ ലിഫ്റ്റിൽ വച്ചു നാസർ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചതായാണ് പരാതി.

താമസിച്ചെത്തിയ പെൺകുട്ടി മുകൾ നിലയിലെ ക്ലാസ്സ് മുറിയിലേക്ക് പോകുവാനായി ലിഫ്റ്റിന് സമീപം നിൽക്കുകയായിരുന്നു. ഈ സമയം നാസർ പെൺകുട്ടിയോട് എന്നെ അറിയുമോ എന്നും ചോദിച്ച്് കുട്ടിയോടൊപ്പം ലിഫ്റ്റിൽ കയറുകയും ചെയ്തു. ലിഫ്റ്റിനുള്ളിൽ വച്ച് ഇയാൾ പെൺകുട്ടിയെ കടന്ന് പിടിക്കുകയും നെഞ്ചിലും വയറിലും കൈ അമർത്തുകയും ചെയ്തു. ഇതോടൊപ്പം മുഖത്ത് ബലമായി ചുംബിച്ചു. ഇതോടെ അലറി വിളിച്ച കുട്ടിയുടെ വായ് പൊത്തി ശ്വാസം മുട്ടിച്ചു. പുറത്ത് പറഞ്ഞാൽ കൊന്ന് കളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മുകൾ നിലയിലെത്തിയപ്പോൾ പെൺകുട്ടി ഓടി ക്ലാസ്സിലെത്തുകയും കൂട്ടുകാരിയോട് വിവരം പറയുകയുമായിരുന്നു. ഇരുവരും ക്ലാസ്സ് മുറിയിൽ നിന്നും പുറത്തിറങ്ങി നോക്കിയപ്പോൾ ഇയാൾ ലിഫ്റ്റിനടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. തിരികെ ക്ലാസ്സിൽ കയറിയ ശേഷം നാസർ അവിടെ നിന്നു പോയി എന്ന് മനസ്സിലാക്കിയ പെൺകുട്ടിയെ കൂട്ടുകാരി ബസ് കയറ്റി വിട്ടു. വീട്ടിലെത്തിയ പെൺകുട്ടി തീരെ അവശയായിരുന്നു. സംഭവിച്ച കാര്യങ്ങൾ വീട്ടുകാരോട് പറഞ്ഞില്ല. രാത്രിയായതോടെ പനിച്ചു വിറച്ച പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ വീട്ടുകാരോടൊപ്പം എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

പരാതി കിട്ടിയപ്പോൾ വനിതാ പൊലീസുകാർ നിസാരവത്ക്കരിച്ചാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതോടെ എ.സി.പി ലാൽജിക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സെൻട്രൽ പൊലീസ് കേസെടുക്കുകയും പ്രതിക്കെതിരെ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഇതിനിടെ ഇയാളെ ജോലിയിൽ നിന്നും സസ്‌പെന്റ്് ചെയ്തു. ഇതോടെ പ്രതി ഒളിവിൽ പോയി. ഇയാൾക്കെതിരെ മുൻപും പെൺകുട്ടികളെ കടന്ന് പിടിച്ചു എന്നാരോപണം ഉണ്ടായിരുന്നു. പൊലീസുകാരനായതിനാൽ പലരും പരാതിപ്പെടാൻ മടിച്ചിരുന്നു. പെൺ വിഷയത്തിൽ ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഇയാളുടെ ബന്ധുക്കൾ തന്നെയാണ് പുറത്ത് പറയുന്നത്. നാസറിന്റെ മകനും പെൺകുട്ടി പഠിക്കുന്ന ഇതേ സ്ഥാപനത്തിലാണ് പഠിക്കുന്നത്. ഇവിടെ മകനെ കാണാനെത്തിയതായിരുന്നു നാസർ.