മലപ്പുറം: മണിചെയിൻ മാതൃകയിൽ സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരക്കണക്കിന് ആളുകളിൽ നിന്ന് പണം തട്ടിയെടുത്ത് മലപ്പുറം മമ്പാട് സ്വദേശികൾ നാടുവിട്ടതായി ആരോപണം. മലപ്പുറം മമ്പാട് സ്വദേശികളായ പൊങ്ങല്ലൂർ തൈക്കണ്ടി അബ്ദുൾ ഷുക്കൂറിന്റെ മകൻ തൻസീഹ്, കാട്ടുമുണ്ട മാരമംഗലം പൂവൻകാവിൽ അജ്മൽ റഷാദ് എന്നിവർക്കെതിരെയാണ് നിക്ഷേപകർ ആരോപണമുന്നയിച്ചിരിക്കുന്നത്.

കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഇവരുടെ തട്ടിപ്പിന് ഇരയായിരിക്കുന്നവർ. ഇതുകൂടാതെ സംസ്ഥാനത്തിനകത്ത് വിവിധയിടങ്ങളിൽ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും ഇവർ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. വിര്യ ട്രേഡ്സ്, ആർവി ട്രേഡ്സ് തുടങ്ങി വിവിധ കമ്പനികളുടെ പേരിലാണ് നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്. മലപ്പുറത്തും തമിഴ്‌നാട്ടിലുമായി റിയൽഎസ്റ്റേറ്റ്, ഇംപോർട ആൻഡ്് എക്സ്പോർട് ബിസിനസുകളുമുണ്ടെന്നാണ് പറഞ്ഞിരുന്നത്.

മാത്രവുമല്ല കൂടുതൽ ആളുകളിൽ നിന്ന് നിക്ഷേപം തരപ്പെടുത്തി കൊടുക്കുന്നവർക്ക് മണിചെയ്ൻ മാതൃകയിൽ കമ്മീഷൻ നൽകുമെന്നും പറഞ്ഞിരുന്നു. ഇത്തരം വാഗ്ദാനങ്ങളിൽ വിശ്വിച്ച് നിരവധി പേരാണ് നിക്ഷേപം നടത്തിയത് പതിനായിരം രൂപ മുതൽ ഒരു കോടി വരെ നിക്ഷേപം നടത്തിയവരുണ്ട്.പല തരത്തിലുള്ള ആളുകളാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. പണം നഷ്ടപ്പെട്ടും എന്നതിനപ്പുറം പലരുടെയും കുടുംബ ബന്ധങ്ങളും ഇതിന്റെ പേരിൽ അവതാളത്തിലായിട്ടുണ്ട്.

വിദേശത്തുള്ള ഭർത്താക്കന്മാർ അറിയാതെ പണം നിക്ഷേപിച്ച ഭാര്യമാർ പണം നഷ്ടപ്പെട്ടതിന്റെ പേരിൽ വിവാഹമോചനത്തിന്റെ വക്കിലാണ്. ശസ്ത്രക്രിയക്കായി കരുതിവെച്ചിരുന്ന പണം നിക്ഷേപിച്ച രോഗി ശസ്ത്രക്രിയ അടുത്ത സമയത്ത് നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ശത്രക്രിയ മുടങ്ങുകയും ചെയ്തിട്ടുണ്ട്. വീട് നിർമ്മാണത്തിനും മക്കളുടെ വിവാഹത്തിനും വേണ്ടി കരുതി വെച്ചിരുന്ന പണം നിക്ഷേപിച്ചവരും ബാങ്കിൽ നിന്ന് ലോണെടുത്ത് പണം നൽകിയവരുമുണ്ട്.
##
ദിനംപ്രതി നിക്ഷേപത്തിന്റെ ഒന്നര ശതമാനം ലഭാവിഹിതവും കൂടുതൽ ആളുകളെ പദ്ധതിയിൽ ചേർത്താൽ നിക്ഷേപത്തിന്റെ 10 ശതമാനവും നൽകുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. തുടക്കത്തിൽ ഇവയെല്ലാം കൃത്യമായി പാലിച്ചിരുന്നെങ്കിലും കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ഇവർ നാടുവിടുകയായിരുന്നു. പിന്നീട് വിൽച്ചാൽ ഫോണെടുക്കുകയോ കൃത്യമായി മറുപടി പറയുകയോ ചെയ്യാറില്ലെന്നും തട്ടിപ്പിനിരയായവർ പറയുന്നു. പണം നിക്ഷേപിച്ച് തട്ടിപ്പിന് ഇരയായവർക്ക് പുറമെ മറ്റുള്ളവരെ ഈ പദ്ധതിയിൽ ചേർത്ത ഇടനിലക്കാരും ഇപ്പോൾ പ്രതിസന്ധിയിലാണ്.

നിക്ഷേപം നടത്തിയവരുടെ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇവർ വാട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നു. ഈഗ്രൂപ്പുകളിലൂടെയായിരുന്നു ഇവർ വിവരങ്ങൾ കൈമാറിയത്. തട്ടിപ്പ് നടത്തി പ്രതികൾ മുങ്ങിയതോടെ നിക്ഷേപം നടത്തിയ ചിലർ സമൂഹമാധ്യമങ്ങളിലൂടെയും പ്രതികളുടെ വീടുകളിൽ പോയും പരാതി പറയുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരത്തിൽ പരാതിയുമായി എത്തുന്നവരോടെല്ലാം ഇവർ ഉടൻ തന്നെ പണം തിരികെ തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. വീണ്ടും പരാതി പറയുകയാണെങ്കിൽ ഒരിക്കലും പണം തിരികെ ലഭിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

പൊലീസിലോ മറ്റ് അധികാര കേന്ദ്രങ്ങളിലോ രേഖാമൂലം പരാതി നൽകിയാൽ ക്വട്ടേഷൻ സംഘങ്ങളെ ഏർപ്പാടാക്കി പരാതി നൽകുന്നവരെ ഉപദ്രവിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തുന്നതായി തട്ടിപ്പിനിരയായവർ പറയുന്നു. അതുകൊണ്ട് തന്നെ പൊലീസിൽ പരാതി നൽകാൻ പലരും ഇതുവരെ തയ്യാറായി്ട്ടില്ല. എന്നാൽ തട്ടിപ്പിനിരയായ ചിലർ യുട്യൂബ്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളിൽ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. പദ്ധതിയിൽ ചേരുന്ന സമയത്ത് ഇത് മണിചെയ്ൻ മാതൃകയിലുള്ള പദ്ധതിയാണെന്ന് പറഞ്ഞിരുന്നില്ലെന്നും ബിസിനസിലേക്ക് നിക്ഷേപം സ്വീകരിക്കുകയാണ് എന്നാണ് പറഞ്ഞിരുന്നത് എന്നും തട്ടിപ്പിന് ഇരയായവർ പറയുന്നു.

ഡോളർ നിലവാരത്തിലാണ് നിക്ഷേപകരിൽ നിന്നും പണം സ്വീകരിച്ചിരുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള കമ്പനിയാണെന്ന് തോന്നിപ്പിക്കാനാണ് സ്വീകരിക്കുന്ന തുകയും തുടക്കത്തിൽ തിരിച്ച് നൽകിയിരുന്ന തുകയും ഡോളർ നിലവാരത്തിൽ പറഞ്ഞിരുന്നത്. ഇടക്കാലത്ത് വലിയ ഹോട്ടലുകളിൽ നിക്ഷേപകരെ വിളിച്ചുവരുത്തി മീറ്റിംഗുകളും നടത്തിയിരുന്നു. ചിലയിടങ്ങളിൽ വീടുകളിൽ വെച്ചും മീറ്റിംഗുകൾ നടത്തിയിരുന്നതായും തട്ടിപ്പിന് ഇരയായവർ പറയുന്നു.

പണം തിരികെ ലഭിക്കാതായതോടെ ഫോണിൽ വിളിച്ച ചിലരോട് പറഞ്ഞത് കമ്പനിയുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും അത് കഴിഞ്ഞാൽ പണം തിരികെ നൽകാമെന്നുമാണ്. പിന്നീട് ഫോൺ വിളിച്ചാൽ മറുപടിയില്ലാതായെന്നും നിക്ഷേപം നടത്തി തട്ടിപ്പിനിരയായ വ്യക്തികൾ പറയുന്നു.