ലക്‌നൗ: രാമജന്മഭൂമി ട്രസ്റ്റിനെതിരായ അഴിമതി ആരോപണങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയോദ്ധ്യയിൽ നിന്നുള്ള സന്യാസിമാർ. അയോദ്ധ്യ കേസിൽ പങ്കാളികളായ നിർവാണി അഖാരയുടെ തലവൻ മഹന്ത് ധരം ദാസ്, ദിഗംബർ അഖാര മേധാവി മഹന്ത് സുരേഷ് ദാസ്, നിർമ്മോഹി അഖാര തലവൻ മഹാന്ത് സീതാറാം ദാസ് എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ടത്.ട്രസ്റ്റ് സംഭാവന ദുരുപയോഗം ചെയ്യുന്നതായി അയോദ്ധ്യയിൽ വെള്ളിയാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കവെ മഹന്ത് ധരം ദാസ് ആരോപിച്ചു.

ഈ ട്രസ്റ്റ് അഴിമതി പുരണ്ടതാണ്. ട്രസ്റ്റ് രൂപീകരിച്ചവർക്ക് അവരുടേതായ നിക്ഷിപ്ത താത്പര്യങ്ങൾ ഉണ്ട്. അതിനാലാണ് അഴിമതി നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാമക്ഷേത്രം, സന്യാസിമാരുടെ സേവനം, ഗോ മാതാ എന്നിവയ്ക്കായി ആളുകൾ സംഭാവന ചെയ്തിട്ടുണ്ട്. സ്ഥലം വാങ്ങുന്നതിനും ഹോട്ടലുകൾ പണിയുന്നതിനും ബിസിനസ് ചെയ്യുന്നതിനും വേണ്ടിയല്ല പണം. അത്തരം കാര്യങ്ങൾ ചെയ്യുന്നവർ ശ്രീരാമ വിശ്വാസികൾ അല്ലെന്നും മഹന്ത് ധരം ദാസ് കൂട്ടിച്ചേർത്തു.കഴിഞ്ഞ ആഴ്ച അവസാനത്തോടെയാണ് രാമക്ഷേത്ര നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിവാദം പൊട്ടിപുറപ്പെട്ടത്. മതിപ്പു വിലയിൽ കവിഞ്ഞ് അധികതുക നൽകിയാണ് ഭൂമി പലപ്പോഴും ഏറ്റെടുത്തതെന്ന ആരോപണം വിവിധ കോണുകളിൽ നിന്നും ഉയരുകയായിരുന്നു.

47 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് പ്ലോട്ട് ഭൂമി രാമക്ഷേത്ര ട്രസ്റ്റിന് 3.5 കോടി രൂപയ്ക്ക് വിറ്റ ഇടപാടാണ് ഏറ്റവും പുതിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.20 ലക്ഷത്തിന്റേയും 27 ലക്ഷത്തിന്റേയും പ്ലോട്ടുകളാണ് യഥാക്രമം 2.5 കോടിക്കും ഒരു കോടി രൂപയ്ക്കുമായി രാമക്ഷേത്ര ട്രസ്റ്റിന് വിൽപന നടത്തിയത്. ഈ പ്ലോട്ടുകൾ വിൽപന നടത്തിയത് ബിജെപി നേതാവും അയോദ്ധ്യ മേയറുമായ ഋഷികേഷ് ഉപാദ്ധ്യായയുടെ മരുമകൻ ദീപ് നാരായൺ ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

890 ചതുരശ്ര മീറ്ററുള്ള ഭൂമി ഫെബ്രുവരി 20ന് ദേവേന്ദ്ര പ്രസാദ് എന്നയാളിൽ നിന്ന് 20 ലക്ഷം രൂപയ്ക്കാണ് ദീപ് വാങ്ങിയത്. 35.6 ലക്ഷം രൂപ വരെ മതിപ്പ് വിലയുള്ള ഈ ഭൂമി മെയ്‌ പതിനൊന്നിന് ഇയാൾ രാമക്ഷേത്ര ട്രസ്റ്റിന് 2.5 കോടി രൂപയ്ക്കാണ് വിറ്റത്.ദീപ് അയോദ്ധ്യ ട്രസ്റ്റിന് വിറ്റ മറ്റൊരു പ്ലോട്ട് ഭൂമി 676.86 ചതുരശ്ര മീറ്റർ വരും. മതിപ്പുവില അനുസരിച്ച് 27.08 ലക്ഷം രൂപ മാത്രം വിലയുള്ള ഈ ഭൂമി ഫെബ്രുവരി 20ന് ഇയാൾ രാമക്ഷേത്ര ട്രസ്റ്റിന് ഒരു കോടി രൂപയ്ക്ക് വിറ്റു.

ഈ രണ്ട് ഇടപാടുകൾക്കും സാക്ഷ്യം വഹിച്ചത് ട്രസ്റ്റ് അംഗമായ അനിൽ മിശ്രയാണ്. ക്ഷേത്രനിർമ്മാണത്തിനായി നടത്തിയ ഭൂമി വിൽപ്പനയിൽ അഴിമതി ആരോപിച്ച് സമാജ് വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു.