കൊച്ചി: അനിത പുല്ലയിലിന് തന്നോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ കാരണം കടം വാങ്ങിയ പണം തിരികെ ചോദിച്ചതെന്ന് മോൻസൻ മാവുങ്കൽ. അനിതയുടെ സഹോദരിയുടെ വിവാഹം നടത്തിയത് തന്റെ പണം ഉപയോഗിച്ചാണ്. സ്വർണവും വസ്ത്രവും വാങ്ങുന്നതിന് 18 ലക്ഷം രൂപ നൽകിയിരുന്നു. ഇത് ഒരു മാസത്തിനുള്ളിൽ യൂറോ ആയി തിരികെ നൽകാം എന്ന് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ 10 ലക്ഷം രൂപ തിരികെ ചോദിച്ചതാണ് അനിത തന്നോട് അകലാൻ കാരണമെന്ന് മോൻസൻ ഫോൺ സംഭാഷണത്തിൽ പറയുന്നത്. ഇതിന്റെ ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് മോൻസൻ പരാതിക്കാരുമായി നടത്തിയ സംഭാഷണമാണ് പുറത്തായത്. അനിതയുടെ സഹോദരിയുടെ വിവാഹത്തിന് 18 ലക്ഷം രൂപ മുടക്കിയത് താനാണെന്നാണ് ഇതിൽ മോൻസൻ പറയുന്നത്. പണം മടക്കി ചോദിച്ചതോടെ അനിതയ്ക്ക് വിരോധമായി. പണം തന്റെ അക്കൗണ്ടിൽ നിന്ന് കൊടുത്തതിന് രേഖകളുണ്ട്. എല്ലാം വെളിപ്പെടുത്തിയാൽ അനിത കുടുങ്ങുമെന്നും ഫോൺ സംഭാഷണത്തിൽ മോൻസൻ പറയുന്നുണ്ട്.

തന്റെ കൈയിൽ അന്ന് പണമുണ്ടായിരുന്നപ്പോൾ സഹായിച്ചതാണ്. അനിതയുടെ സഹോദരിയുടെ വിവാഹം തന്റെ ആളുകൾ അതിമനോഹരമായി, അടിപൊളിയായി നടത്തിയെന്നും മോൻസൺ പറയുന്നുണ്ട്. അനൂപ് എന്നയാളുടെ സഹോദരന്റെ വിവാഹവും അന്നേ ദിവസമായിരുന്നുവെന്നും അതും താനാണ് മുഴുവൻ ചിലവും വഹിച്ച് നടത്തിയതെന്നും മോൻസൺ പറയുന്നു.

അനിതയുടെ കൈയിൽ പണമുണ്ട്. ഇക്കാരണത്താലാണ് സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ താൻ മുടക്കിയ പണം തിരികെ ചോദിച്ചു.യ 18 ലക്ഷം മുടക്കിയതിൽ 10 ലക്ഷം മാത്രമാണ് തിരികെ ചോദിച്ചത്. 114 പെൺകുട്ടികളുടെ വിവാഹം നടത്തിയ പണം തിരികെ ചോദിക്കാതെ തന്നോട് മാത്രം ചോദിക്കുന്നതെന്തിനെന്ന് അനിത ചോദിച്ചുവെന്നും മോൻസൺ പറയുന്നു.

അനാഥാലയങ്ങളിലെ പാവപ്പെട്ട പെൺകുട്ടികളുടെ കല്യാണം നടത്തിയ പണം എങ്ങനെയാണ് തിരികെ ചോദിക്കുകയെന്നും അനിതയോട് ചോദിച്ചു. പണം മുടക്കിയത് മുഴുവൻ തന്റെ അക്കൗണ്ടിൽ നിന്നാണെന്നതിന്റെ തെളിവുകളുണ്ടെന്നും മോൻസൺ പറയുന്നു.

അനിത പുല്ലയിലിനെ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് വീഡിയോ കോൺഫറൻസ് വഴി വിളിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ തന്റെ ഭാഗം ന്യായീകരിക്കുകമാത്രമാണ് അനിത പുല്ലയിൽ ചെയ്തത്. ഇത് പ്രാഥമിക മൊഴിയായി മാത്രം കണ്ട് അന്വേഷണം മുന്നോട്ട് കൊണ്ട് പോകും.

ഇനിയും രണ്ട് കേസുകളിൽ മോൻസണെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഉദ്ദേശിക്കുന്നുണ്ട്. അപ്പോഴായിരിക്കും അനിത പുല്ലയിലുമായിട്ടുള്ള ഇടപാടുകളിൽ കൂടുതൽ അന്വേഷണം വരിക. അപ്പോൾ മൊഴിയിൽ എന്തെങ്കിലും വൈരുദ്ധ്യങ്ങളുണ്ടെങ്കിൽ അനിതയെ നേരിട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് പദ്ധതി. മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുകളെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് അനിത ആവർത്തിക്കുന്നത്. ചില സംശയങ്ങൾ ഉണ്ടായപ്പോഴാണ് മോൻസണുമായി അകന്നതെന്നും അവർ പറയുന്നു.

മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് അനിത പുല്ലയിലിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വീഡിയോ കോൾ വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകൾ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലയിൽ മുൻപ് ഒരു ന്യൂസ് ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.

മോൻസന്റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് സുഹൃത്തായ അനിത പുല്ലയിലിന് എല്ലാമറിയാമായിരുന്നുവെന്ന് മുൻ ഡ്രൈവർ അജി വെളിപ്പെടുത്തിയിരുന്നു. മോൻസന്റെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും വിദേശമലയാളികളായ ഉന്നതരെ മോൻസന് പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി മൊഴി നൽകിയിരുന്നു. 2019 മെയ്മാസം അനിത പ്രവാസിമലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പം മോൻസന്റെ വീട്ടിൽ എത്തിയിരുന്നു. ഒരാഴ്ച കലൂരിലെ വീട്ടിൽ താമസിച്ച അനിതയോട് അന്നത്തെ മാനേജർ തട്ടിപ്പിനെക്കുറിച്ച് എല്ലാം പറഞ്ഞതായാണ് അജി വെളിപ്പെടുത്തുന്നത്.

എന്നാൽ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിട്ടും അനിത പുല്ലയിൽ ഇതുവരെ എവിടെയും പരാതി നൽകിയിട്ടില്ല. മോൻസന്റെ തട്ടിപ്പ് മനസ്സിലായിട്ടും അനിത സൗഹൃദം തുടർന്നിരുന്നു. ഈ കാലയളവിലാണ് അനിത മുൻ ഡിജിപിയെ മ്യൂസിയത്തിന്റെ പൊലിമ വിവരിച്ച് കലൂരിലെ സന്ദർശനത്തിന് ക്ഷണിച്ചത്.

ഇടുക്കിയിലെ രാജകുമാരി എസ്റ്റേറ്റിൽ മോൻസന്റെ പിറന്നാൾ ആഘോഷത്തിൽ അനിത സജീവമായിരുന്നു. മോൻസനുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം മോൻസന്റെ അടുത്ത സുഹൃത്തായ ഐജി ലക്ഷണണയുമായി അനിത നടത്തിയ ചാറ്റും പുറത്ത് വന്നിരുന്നു. മോൻസനെ സൂക്ഷിക്കണമെന്ന് ലോക്‌നാഥ് ബഹ്‌റ തന്നോട് പറഞ്ഞിരുന്നതായും അനിത പുല്ലയിൽ ഐജി ലക്ഷമണയോട് സംസാരിക്കുന്നുണ്ട്.