പുതുപ്പള്ളി: ജനക്കൂട്ടങ്ങളുടെ രാജാവായിരുന്നു അദ്ദേഹം.. ഇഷ്ടജനങ്ങളുടെ സാന്നിധ്യം ഊർജ്ജമാക്കി മാറ്റിയ നേതാവ്. ആൾക്കൂട്ടത്തിന്റെ ആരവമായിരുന്നു അദ്ദേഹത്തിന് കരുത്തായി മാറിയത്. ജനങ്ങളുടെ കണ്ണീരുകൾ ഒപ്പാനുള്ള മനസ്സായിരുന്നു ആ മഹാന്റെ മനസ്സു നിറയെ.. ഇതിനിടയും ആൾക്കൂട്ടത്തിൽ നിന്നും അദ്ദേഹത്തിന് നേർക്ക് കല്ലേറുകൾ ഉണ്ടായി.. എന്നാൽ, സ്‌നേഹം കൊണ്ടും ക്ഷമകൊണ്ടും ആ കല്ലേറുകളെയും പുഷ്പ്പങ്ങളാക്കി മാറ്റാൻ സാധിച്ച മഹാനുഭാവനായിരുന്നു അദ്ദേഹം. അങ്ങനെ ജനങ്ങളാൽ പ്രിയപ്പെട്ടവനെ ജനലക്ഷങ്ങളുടെ അകമ്പടിയിൽ അന്ത്യയാത്ര.. ഇനി നിത്യതയിലേക്ക് ലയിക്കുകയാണ് കേരളീയരുടെ പ്രിയപ്പെട്ട നേതാവ്. തന്റെ പ്രിയജനങ്ങളെ നോക്കി വിടപറഞ്ഞു പോകുന്ന കുഞ്ഞൂഞ്ഞിനെ നോക്കി പുതുപ്പള്ളിപ്പക്കാർ പറയുന്നത് പ്രിയപ്പെട്ടവനെ ഇനി താങ്കൽ നക്ഷത്ര കൂട്ടങ്ങളുടെ രാജാവാകുക.. എന്നാണ്...

കേരളക്കര ഹൃദയംപറിച്ചു കൊടുത്തു കൊണ്ടാണ് പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിക്ക് യാത്രമൊഴി നൽകിയത്. മൂന്ന് ദിവസം നീണ്ട വിലാപയാത്ര. കേരളത്തിൽ മെേറ്റാരു നേതാവിനും ഇത്രയും വലിയ ഹൃദയവായ്‌പ്പ് ലഭിച്ചിട്ടില്ല. അണപൊട്ടി എത്തിയ ജനസഞ്ചയം കണ്ട് ഇത്രയും വലിയ നേതാവായിരുന്നോ ഉമ്മൻ ചാണ്ടിയെന്ന് ചോദിച്ചു അത്ഭുതം കൂറുകയാണ് ഇന്ത്യാ രാജ്യം മുഴുവനും. ചൊവ്വാഴ്‌ച്ച പുലർച്ചെ 4.25ന് ബംഗളുരുവിൽ വെച്ചു മരണപ്പട്ട ഉമ്മൻ ചാണ്ടിയുടെ സംസ്‌ക്കാരം വ്യാഴാഴ്‌ച്ച അർത്ഥരാത്രിയോടെയാണ് നടന്നത്.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ വൻ ജനവാലിയുടെ സാന്നിധ്യത്തിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ സംസ്‌ക്കാരം നടന്നത്. പ്രിയപ്പെട്ടവർ അന്ത്യചുംബനം നൽകിയ ശേഷം ശുശ്രൂഷകൾക്ക് ശേഷം പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് മണ്ണിലേക്ക് മടങ്ങി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സംസ്‌ക്കാര ചടങ്ങുകൾക്ക് മുഖ്യകാർത്തികത്വം വഹിച്ചത്. 20 മെത്രാപ്പൊലിത്തമാരും 1000 പുരോഹിതന്മാരും സഹകാർമികരായി.

ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം നേരത്തെ അറിയിച്ചതിനാൽ ഇതുപ്രകാരം ഔദ്യോഗിക ബഹുമതിയില്ലാതെയാണ് സംസ്‌കാരം നടക്കുക. കർദിനാൾ ജോർജ്ജ് ആലഞ്ചേരി അടക്കമുള്ളവർ സന്നിഹിതരായിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ മണിക്കൂറുകൾ വൈകി രാത്രി ഒമ്പതു മണിയോടെ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി പള്ളിയിലെത്തിച്ചത്. ഇവിടെ പൊതുദർശനത്തിന് വെച്ചതിന് ശേഷമാണ് സംസ്‌ക്കര ചടങ്ങുകൾ നടന്നത്.

കുടുംബത്തെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു രാഹുൽ ഗാന്ധി

കേരളത്തിലെ കോൺഗ്രസിലെ മാസ് ലീഡറായിരുന്ന ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ രാഹുൽ ഗാന്ധി നേരിട്ട് പുതുപ്പള്ളിയിൽ എത്തിയിരുന്നു. രാഹുൽഗാന്ധി ഏഴരയോടെ തന്നെ പുതുപ്പള്ളി പള്ളിയിലെത്തി. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുവരുന്നത് വരെ ഒരുമണിക്കൂറോളം അദ്ദേഹം കാത്തിരുന്നു. തുടർന്ന് അദ്ദേഹം വിലാപയാത്രയ്ക്കൊപ്പം ചേർന്നാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നിടത്തേക്ക് എത്തിയത്.

രാഹുലിനെ കൂടാതെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി. അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ സജി ചെറിയാൻ, കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, പി. പ്രസാദ്, റോഷി അഗസ്റ്റിൻ തുടങ്ങിയവർ സംസ്‌കാരചടങ്ങുകൾക്കായി പള്ളിയിലെത്തിയിരുന്നു.

സർക്കാരിനുവേണ്ടി മന്ത്രിമാർ പുഷ്പചക്രം സമർപ്പിച്ചു. മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളും സംസ്‌കാര ചടങ്ങുകൾക്ക് സാക്ഷിയാവാനെത്തി. മറ്റ് രാഷ്ട്രീയപ്പാർട്ടികളിൽ നിന്നുള്ള നേതാക്കളും ഇവിടെയെത്തിയിരുന്നു. ഭാര്യ എലിസബത്ത് ആന്റണിക്കൊപ്പമാണ് എ.കെ. ആന്റണി പള്ളിയിലെത്തിയത്. രാഷ്ട്രീയ- സാംസ്‌കാരിക- സാമൂഹിക രംഗത്തെ മറ്റ് പ്രമുഖരും സെയന്റ് ജോർജ് പള്ളി അങ്കണത്തിലേക്ക് എത്തി. സിനിമാതാരം ഭാമയും അദ്ദേഹത്തെ കാണാനായി പുതുപ്പള്ളിയിൽ എത്തിയിരുന്നു.

ഒഴുകിയെത്തിയത് ജനസാഗരം

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് ആരംഭിച്ച്, 28 മണിക്കൂർ പിന്നിട്ടാണ് വിലാപയാത്ര തിരുനക്കരയിൽ എത്തിയത്. തലസ്ഥാനത്തെ വിവിധയിടങ്ങളിലെ പൊതുദർശനത്തിന് ശേഷം ഇന്നലെ രാവിലെ ഏഴിനാണ് പ്രത്യേകം തയാറാക്കിയ വാഹനത്തിൽ പുതുപ്പള്ളി ഹൗസിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ ജന്മനാട്ടിലേക്ക് വിലാപയാത്ര പുറപ്പെട്ടത്. എട്ടു മണിക്കൂറിലധികം എടുത്താണ് തിരുവനന്തപുരം ജില്ല പിന്നിട്ടത്. ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. രാത്രി ഒമ്പതോടെ വിലാപയാത്ര പത്തനംതിട്ട ഏനാത്ത് പിന്നിട്ടു.

പ്രിയനേതാവിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ റോഡിന് ഇരുവശവും തടിച്ചുകൂടിയതോടെ വിലാപയാത്രയുടെ മുൻനിശ്ചയിച്ച സമയക്രമമെല്ലാം തെറ്റി. കണ്ഠമിടറി മുദ്രാവാക്യം വിളികളോടെയാണ് ജനം വഴിനീളെ നേതാവിനെ ഒരുനോക്ക് കാണാൻ കാത്തിരുന്നത്. രാത്രിയിലും മഴയത്തും ഹൃദയാഭിവാദ്യം അർപ്പിക്കാൻ വഴിയരികയിൽ കാത്തുനിന്നത് ആയിരക്കണക്കിനാളുകളാണ്. തിരുനക്കരയയിൽ മൃതദേഹം എത്തിയതോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ബംഗാൾ ഗവർണർ സിവി ആനന്ദബോസ്, മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങൾ ഉൾപ്പടെ ലക്ഷക്കണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിച്ചു.

ജനസാഗരത്തിന്റെ അന്തിമോപചാരമേറ്റുവാങ്ങി ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കര മൈതാനിയിൽനിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. ജനത്തിരക്ക് കാരണം മുൻനിശ്ചയിച്ചതിൽനിന്ന് മണിക്കൂറുകളോളം വൈകി അഞ്ചരയോടെയാണ് പുതുപ്പള്ളിയിലെത്തിയത്. തറവാട്ട് വീട്ടിൽ പൊതുദർശനത്തിനു ശേഷം ഭൗതിക ശരീരം പുതിയതായി പണികഴിപ്പിക്കുന്ന വീട്ടിലേക്ക് എത്തിച്ചു.

എട്ടുമണിക്കു ശേഷമാണ് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്ക് പുറപ്പെട്ടത്. ഒമ്പത് മണിയോടെ പള്ളിയിൽ സംസ്‌കാരശുശ്രൂഷ ആരംഭിച്ചു. പ്രത്യേകമായി തയ്യാറാക്കിയ കല്ലറയിലാണ് അന്ത്യവിശ്രമം ഒരുക്കിയത്. 11.40തോടെയാണ് പ്രാർത്ഥനകളോടെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലേക്ക് മൃതദേഹം എത്തിച്ചത്. കല്ലറക്കരികിലും ഇരമ്പിയാർത്ത് ജനക്കൂട്ടമുണ്ടായിരുന്നു. അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രമുള്ള പുതുപ്പള്ളി പള്ളിപ്പെരുന്നാളിനും വിശേഷദിവസങ്ങളിലും ഇതുവരെ കാണാത്ത ജനസാഗരമായിരുന്നു അവിടെ.

അവസാനമായി ആ മുദ്രാവാക്യം മുഴക്ക കേട്ടാണ് ഉമ്മൻ ചാണ്ടി മടങ്ങുന്നത്. കണ്ണേ കരളേ കുഞ്ഞൂഞ്ഞേ...' ഇത് തൊണ്ടപൊട്ടുമാറ് ഏറ്റുവിളിച്ച പല കണ്ണുകളും നിറഞ്ഞിരുന്നു. എന്നും ജനക്കൂട്ടത്തിനൊപ്പം ജീവിച്ച നേതാവാണ് ആ ആൾക്കൂട്ടത്തിൽ അലിഞ്ഞ് നിത്യതയിലേക്ക് മടങ്ങുകയാണ്...