മുംബൈ: പ്രമുഖ ടെലിവിഷൻ താരം വൈഭവി ഉപാധ്യായ (34) കാറപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് ഹിമാചൽ പ്രദേശിൽ വച്ചാണ് സംഭവം. വളവ് തിരിയുന്നതിനിടയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കാറിൽ നടിക്കൊപ്പം പ്രതിശ്രുത വരനും ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

സാരാഭായ് വേഴ്സസ് സാരാഭായി എന്ന സിറ്റ്കോം ഷോയിലൂടെയാണ് വൈഭവി ശ്രദ്ധിക്കപ്പെട്ടത്. നിർമ്മാതാവും നടനുമായ ജെഡി മജീതിയ നടിയുടെ വിയോഗ വാർത്ത പുറത്തുവിട്ടത്. ഇത് അവിശ്വസനീയവും സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് നടൻ ജെഡി മജീതിയ കുറിച്ചു.

ഹിമാചലിൽ നിന്ന് വൈഭവിയുടെ ഭൗതിക ശരീരം മുംബൈയിലേക്ക് കൊണ്ടുവരും. പൊതുദർശനത്തിന് ശേഷം സംസ്‌കാര ചടങ്ങുകൾ നടക്കും. ദീപിക പദുക്കോൺ പ്രധാനവേഷത്തിലെത്തിയ ഛപക് എന്ന സിനിമയിൽ വൈഭവി വേഷമിട്ടിട്ടുണ്ട്. സിഐഡി, അദാലത് എന്നീ സിറ്റ്കോം ഷോകളിലും പ്ലീസ് ഫൈൻഡ് അറ്റാച്ച്ഡ് എന്ന വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്.