പൂക്കോട്ടുംപാടം: മോറിസ് കോയിൻ ക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ വീണു പണം പോയവരുടെ പരാതികൾക്ക് അന്ത്യമില്ല. ഒറ്റയടിക്ക് പണമുണ്ടാക്കാൻ കുറുക്കുഴിയായി മോറിസ് കോയിനെ കണ്ടവരാണ് ശരിക്കും വെട്ടിലായിരിക്കുന്നത്. മോറിസ് കോയിന്റെ പേരിൽ അനധികൃത നിക്ഷേപം സമാഹരിച്ച കേസിൽ പരാതിയുമായി കൂടുതൽ പേർ പൊലീസിനെ സമീപിച്ചു. കാസർകോട്, കോഴിക്കോട്, കൊണ്ടോട്ടി, വഴിക്കടവ് എന്നിവിടങ്ങളിൽ നിന്നായി 35 പേരാണ് സംഘടിച്ചെത്തിയത്. ഇവരിൽ 10 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. സ്വത്തുക്കൾ പണയപ്പെടുത്തിയും വിറ്റും പണം സമാഹരിച്ചവർ വരെ ഇക്കൂട്ടത്തിലുണ്ട.

സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ ആദ്യം ലോംഗ്‌റിച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. നിഷാദ് കിളിയിടുക്കിലിന്റെ വീട്ടിലേക്കാണ് എത്തിയത്. നിഷാദിനെ കാണണമെന്നായിരുന്നു ആവശ്യം. ഇവിടെവെച്ച് ചെറിയതോതിൽ തർക്കവുണ്ടായി. പിന്നീട് പൊലീസെത്തി ഇവരെ പൂക്കോട്ടുംപാടം പൊലീസ്സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ നടത്തിയ ചർച്ചയിൽ ഏറെ പരാതികളാണ് ഇവരുന്നയിച്ചത്. ഉണ്ടായിരുന്ന സ്വത്തുക്കൾ വിറ്റും പണയംവെച്ചുമാണ് പലരും അമിതലാഭം പ്രതീക്ഷിച്ച് നിക്ഷേപം നടത്തിയത്. തുക നിക്ഷേപിച്ചശേഷം രണ്ടോ മൂന്നോ തവണ മാത്രമാണ് അക്കൗണ്ടിലേക്ക് പണം വന്നിട്ടുള്ളതെന്നും പണം നഷ്ടപ്പെട്ടതുകാരണം പലരും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിക്കാർ പറയുന്നു. ഇവരോട് പരാതി രേഖാമൂലം അതത് പൊലീസ്സ്റ്റേഷനിൽ നൽകാൻ പൂക്കോട്ടുംപാടം പൊലീസ് നിർദേശിച്ചു.

കേസ് മലപ്പുറം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നതെന്നും വിവരങ്ങൾ ലഭ്യമാക്കാൻ അവരുമായി ബന്ധപ്പെടണമെന്നും പൊലീസ് ഇവരെ ബോധ്യപ്പെടുത്തി. പൂക്കോട്ടുംപാടം പൊലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. 15 പേരാണ് വിവരങ്ങൾ നൽകിയത്.

പണമിടപാടുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നേരത്തേ ജില്ലാ പൊലീസ് മേധാവി സ്വമേധയാ കേസെടുക്കാൻ പൂക്കോട്ടുംപാടം പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. അനധികൃതമായി കോടികളുടെ നിക്ഷേപം സമാഹരിച്ചതിന് പ്രൈസ് ചിറ്റ്‌സ് ആൻഡ് മണി സർക്കുലേഷൻ സ്‌കീംസ് (ബാനിങ് ) ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. നാലിലധികം ബാങ്ക് അക്കൗണ്ടുകൾ വഴി നിക്ഷേപങ്ങൾ സ്വീകരിച്ചതായാണ് വിവരം. 2020 സെപ്റ്റംബറിൽ കേസെടുത്തിട്ടും വ്യാപകമായ പരാതികൾ ലഭിച്ചിരുന്നില്ല. ആദ്യമായാണ് ഒരുകൂട്ടം ആളുകൾ ഒന്നിച്ചുവരുന്നത്.

കേരളത്തിനകത്തും പുറത്തുമായി 11 ലക്ഷത്തോളം ഇടപാടുകളുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. എം.ഡിയുടെ രണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് ഒമ്പതുമാസത്തിനിടെ 500 കോടിയുടെ നിക്ഷേപം എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ആയിരക്കണക്കിന് അക്കൗണ്ടുകളിൽനിന്നാണ് ഈ തുക എത്തിയത്. ഇതിൽ ഭൂരിഭാഗം പണവും മറ്റു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായും പണം പിൻവലിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.