പത്തനംതിട്ട: 27 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ കോട്ടയത്തെ മാതാവി ഭിത്തിക്ക് അടിച്ചു കൊലപ്പെടുത്തിയത് തന്റെ തുടർ പഠനത്തിന് അസുഖക്കാരനായ കുഞ്ഞ് തടസ്സമാകുമെന്ന് കരുതി. മാസം തികയാതെ പ്രസവിച്ച കുട്ടിക്ക് സ്ഥിരമായി അസുഖം ഉണ്ടാകുമായിരുന്നു. ബ്ലസ്സിക്ക് ഇതിൽ കഠുത്ത അസ്വസ്ഥതയുണ്ടായി. 21ാം വയസിലെ പ്രസവവും മറ്റുമെല്ലാം സമ്മർദ്ദം കൂട്ടിയപ്പോൾ കുഞ്ഞിന്റെ കരച്ചിലും അരോചകമായി. കുട്ടി നിർത്താതെ കരഞ്ഞപ്പോൾ ദേഷ്യപ്പെട്ട് തല ശക്തിയായി ഭിത്തിയിൽ ഇടിപ്പിച്ചതാണ് മരണകാരണമായത്.

കോട്ടയം നീണ്ടൂർ പുളിയമ്പറമ്പിൽ ബ്ലസി പി. മൈക്കിൾ (21) ആണ് അറസ്റ്റിലായത്. പഴവങ്ങാടി കരികുളത്ത് ഫാ. ജോജി തോമസ് ഡയറക്ടറായി പ്രവർത്തിക്കുന്ന ആകാശപ്പറവകൾ ദിവ്യകാരുണ്യ ആശ്രമത്തിലെ അടുക്കള ജോലിക്കാരിയാണ് ബ്ലസി. ആലപ്പുഴ കാവാലം പന്ത്രണ്ടിൽച്ചിറയിൽ ബെന്നി സേവ്യറി(45)നൊപ്പമാണ് ബ്ലസി ഈ ബഗർ ഹോമിൽ കഴിഞ്ഞിരുന്നത്. ഫോണിലൂടെ പരിചയപ്പെട്ട് ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു.

ബെന്നി നേരത്തേ വിവാഹിതനാണ്. ഈ വിവരം അറിഞ്ഞു കൊണ്ടു തന്നെയാണ് ഇയാൾക്കൊപ്പം ബ്ലസി ഇറങ്ങിപ്പോന്നിട്ടുള്ളത്. ഇവരുടെ ബെഞ്ചമിൻ എന്നു പേരുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒമ്പതിനാണ് സംഭവം. രാവിലെ 11 മണിയോട് കൂടി കുട്ടിക്ക് പനി കാരണം റാന്നി താലൂക്ക് ആശുപത്രിയിൽ എത്തി മരുന്നുവാങ്ങി മടങ്ങിപ്പോയി. ഉച്ച കളിഞ്ഞ് രണ്ടരയോടെ വീണ്ടും കുഞ്ഞിനു വയ്യാതെ ആവുകയും താലൂക്ക് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, തുടർന്നു നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മരിച്ചെന്ന് വ്യക്തമായത്. മൃതദേഹം റാന്നി മർത്തോമ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചു. തുടർന്ന് ഫാദർ ജോജി തോമസിന്റെ മൊഴി വാങ്ങി റാന്നി കേസ് രജിസ്റ്റർ ചെയ്തു.

പത്താം തീയതി കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തു. റാന്നി എസ്എച്ച്ഒ സുരേഷ് പൊലീസ് സർജനെ കണ്ടു സംസാരിച്ചപ്പോൾ കുട്ടിയുടെ തലയ്ക്ക് പിന്നിൽ ക്ഷതം സംഭവിച്ചുവെന്ന് അറിയിച്ചു. കുട്ടികളുടെ തലയോടിന് കട്ടി കുറവായതു കൊണ്ട് ഈ ക്ഷതം പുറമേ തിരിച്ചറിയാൻ കഴിയില്ല. കുട്ടിയുടെ അച്ഛനെയും അമ്മയെയും കണ്ട് എസ്എച്ച്ഓ ചോദ്യം ചെയ്തു. കുഞ്ഞ് മരിച്ചു പോയ വിവരം ബ്ലസിയെ അറിയിച്ചിട്ടില്ലെന്നാണ് ഇവർ പറഞ്ഞത്. സംഭവശേഷം ചെറിയ തോതിൽ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാൽ പൊലീസ് വിശദമായി ചോദ്യം ചെയ്തതുമില്ല.

ദമ്പതികളെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് ഫോണിലുടെ പ്രണയിച്ച് ഒരുമിച്ച് താമസിക്കുകയാണെന്ന് മനസിലായത്. വിശദമായ അന്വേഷണത്തിൽ മാതാവ് തന്നെയാണ് കുട്ടിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ച് കൊന്നതെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് മാതാവിനെ അറസ്റ്റ് ചെയ്തത്. കോട്ടയത്തിൽ സ്വകാര്യ സ്ഥാപനത്തിൽ പഠിച്ചു കൊണ്ടിരിക്കേയാണ് ബെന്നിക്കൊപ്പം ബ്ലസി പോയത്. അസുഖക്കാരനായ കുട്ടി തന്റെ തുടർപഠനത്തിന് വിഘാതമാകുമെന്ന് കണ്ടാണ് ഇല്ലാതാക്കാൻ തീരുമാനിച്ചത്.

ശാസ്ത്രീയ അന്വേഷണത്തിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്‌പി ജോർജ് മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷത്തിൽ ഇൻസ്‌പെക്ടർ എം.ആർ. സുരേഷ്, എസ്‌ഐ സികെ ഹരികുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ മണിലാൽ, ടിഎ അജാസ്, ഷബാന അഹമ്മദ്, വിആർ അഞ്ജന എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.