കാസർകോട്: ബദിയഡുക്കയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ. ബദിയഡുക്ക ചെടേക്കാൽ സ്വദേശി ഷാഹിന(28) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയർഫോണിന്റെ വയർ കഴുത്തിൽ കുരുക്കിയാണ് ഷാഹിന കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസന്വേഷിക്കുന്ന ബേഡകം സി ഐ ഉത്തംദാസ് വ്യാഴാഴ്ച ഉച്ചയോടെയാണ് ഷാഹിനയെ അറസ്റ്റ് ചെയ്തത്.

കുഞ്ഞു ജനിച്ച് പൊക്കിൾകൊടി മുറിച്ച് മുലപ്പാൽ പോലും നൽകാതെയാണ് ഉടനെ കൊലപെടുത്തിയത്. ഇത് ചെയ്തത് താൻ തന്നെയാണെന്ന് വ്യാഴാഴ്ച രാവിലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഷാഹിന സമ്മതിച്ചത്. ദിവസങ്ങളായി നടത്തിവന്ന ചോദ്യം ചെയ്യലിൽ കൊലപാതകം ഏറ്റെടുക്കാതെ ഒന്നും അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു യുവതി. യുവതിയുടെ മാതാപിതാക്കളെയും ഭർത്താവിനെയും മൂന്നിലധികം തവണ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.

ലാബ് ടെക്നീഷ്യൻ കോഴ്സ് കഴിഞ്ഞ ഷാഹിന ബദിയടുക്കയിലെ ഒരു ലാബിൽ ജോലി ചെയ്തിരുന്നു. കോവിഡ് കാലത്ത് ജോലി കുറഞ്ഞതിനാലാണ് മതിയാക്കിയത്. കുഞ്ഞിനെ പ്രസവിച്ച ശേഷം പൊക്കിൾകൊടി മുറിച്ച് തുണിയിൽ പൊതിഞ്ഞ് ഇയർഫോണിന്റെ കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

ഡിസംബർ 15-നായിരുന്നു കേസിനാസ്പദമായ സംഭവം. രക്തസ്രാവമുണ്ടായതിനെതുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് മണിക്കൂറുകൾക്ക് മുമ്പ് യുവതി പ്രസവിച്ചതായി വ്യക്തമായത്. തുടർന്ന് വീട്ടിലെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്.

ആദ്യ കുഞ്ഞ് ജനിച്ച് അധികംവൈകാതെ രണ്ടാമത്തെ കുഞ്ഞുണ്ടായതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് യുവതിയുടെ മൊഴി. ഗർഭിണിയാണെന്ന വിവരം ഭർത്താവോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല. ഡിസംബർ 15-ന് കുഞ്ഞിനെ പ്രസവിച്ചയുടൻ കൊലപ്പെടുത്തിയെന്നും യുവതി പൊലീസിന് മൊഴി നൽകി.

ചെറിയ വയർ കഴുത്തിൽ കുരുങ്ങിയതിനാൽ ശ്വാസംമുട്ടിയാണ് ശിശു മരിച്ചതെന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ മൃതദേഹപരിശോധനയിൽ വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന ഇയർഫോണിന്റെ വയർ കഴുത്തിൽ കുരുക്കി, കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്.