തിരുവനന്തപുരം: കോവിഡ് അതിന്റെ മൂർധന്യത്തിലേക്ക് എത്തുകയാണ്. ലോകമെങ്ങും പരക്കുന്ന ദുരന്തത്തിന്റെയും മരണത്തിന്റെയും വ്യാപ്തി അതിഭീകരമാണ്. കോവിഡ് വർദ്ധിച്ചാൽ ലോകത്ത് പ്രതിദിനം 12000 ത്തോളം ആളുകൾ മരിച്ചു വീഴാൻ സാധ്യത എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. കോവിഡ് കാരണം പലർക്കും ജോലികൾ നഷ്ടമാണ്. ദുരന്തത്തിലേക്കും മരണത്തിലേക്കും ലോകം കൂപ്പുകുത്തുകയാണ്. സാമ്പത്തിക പ്രയാസം അതിഭീകരവും. പട്ടിണി അനുനിമിഷം വർദ്ധിക്കുകയും സർക്കാരുകൾ നിസ്സഹായമായ അവസ്ഥയിലേക്ക് വീഴുകയുമാണ് എന്നാണ് ലോകമെങ്ങും നിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ റിപ്പോർട്ടുകൾ കണ്ടു മനസുരുകി കോവിഡ് കാലത്ത് ഇന്ത്യയിലെ ആളുകളെ സഹായിക്കാൻ ഒരുങ്ങുകയാണ് മുൻ കേന്ദ്രമന്ത്രിയും എംപിയുമൊക്കെയായ അൽഫോൻസ് കണ്ണന്താനത്തിന്റെ ഇളയ സഹോദരൻ ഫാദർ ജോർജ് കണ്ണന്താനം. ബംഗളൂര് ക്ലരീഷ്യൻ സന്യാസി സമൂഹത്തിലെ ഈ വൈദികൻ നേതൃത്വം നൽകുന്ന മദേഴ്‌സ് മീൽ മൂവ്‌മെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കുകയാണ്. കോവിഡ് കാലത്ത് ഇന്ത്യയിലെ പട്ടിണി മാറ്റാനുള്ള ഹോപ് സൊസൈറ്റിയുടെ ശ്രമമാണ് മദേഴ്‌സ് മീൽസ്. ഇന്ത്യയിലെ 36 സംസ്ഥാനങ്ങളിലെ 55 സ്ഥലങ്ങളിലാണ് മദേഴ്‌സ് മീൽ പരിപാടി വഴി ഇന്ന് നേരിട്ട് സഹായം എത്തുന്നത്. മുൻ സുപ്രീംകോടതി ജസ്റ്റിസ് കുര്യൻ ജോസഫ് ആണ് മദേഴ്‌സ് മീൽ എന്ന് ഹോപ് സൊസൈറ്റിയുടെ പദ്ധതി ഇന്നു നേരിട്ട് ഉദ്ഘാടനം ചെയ്യുന്നത്. കോവിഡ് കാലത്ത് ഇന്ത്യയിൽ പത്ത് ലക്ഷം പേരിലേക്ക് സഹായം എത്തിക്കാനുള്ള പദ്ധതിയായാണ് മദേഴ്‌സ് മീൽ വിഭാവനം ചെയ്തിരിക്കുന്നത്. ആയിരം കുടുംബങ്ങൾക്ക് ഇന്നു സഹായം നൽകും. 500 രൂപയുടെ ഭക്ഷ്യ കിറ്റുകൾ ഇവർക്ക് വിതരണം ചെയ്യും.

ആയിരം കുടുംബങ്ങൾ വഴി അയ്യായിരം ആളുകളാണ് ഇന്ന് മദേഴ്‌സ് മീൽ ഗുണഭോക്താക്കളായി മാറുന്നത്. കോവിഡ് കാലത്ത് പട്ടിണി മാറ്റുക. കഴിയാവുന്ന സഹായങ്ങൾ ഹോപ് സൊസൈറ്റിയുടെ പുതിയ പദ്ധതിയായ മദേഴ്‌സ് മീൽ വഴി എത്തിക്കുകയാണ് ജോർജ് കണ്ണന്താനം. കോവിഡ് കാലത്തെ കാരുണ്യ വഴിയിലെ ശ്രദ്ധേയമായ സംരംഭമാണ് കണ്ണന്താനത്തിന്റെ ഈ സഹോദരന്റെത്. അമ്മ ബ്രിജിത് ജോസഫിന്റെ കാരുണ്യപ്രവർത്തനങ്ങൾ കണ്ടു വളർന്നതാണ് കുടുംബത്തിലെ ഇളയ സഹോദരനായ ജോർജ്. ജോർജ് പിന്നീട് വൈദികവൃത്തി സ്വീകരിക്കുകയും ചെയ്തു. വൈദിക വിദ്യാർത്ഥിയായിരിക്കെ ജോർജ് തുടക്കമിട്ട ഹോപ് സൊസൈറ്റി വഴിയാണ് ഇന്ന് ആയിരം കുടുംബങ്ങളെ ഇന്ത്യയോട്ടാകെ സഹായിക്കാൻ ഫാദർ ജോർജ് കണ്ണന്താനം ഒരുങ്ങുന്നത്. കോവിഡ് കഴിയും വരെ ഈ രീതിയിൽ ഇന്ത്യയോട്ടാകെ സഹായം എത്തിക്കാനാണ് ജോർജ് കണ്ണന്താനം ശ്രമിക്കുന്നത്. വളരെ ആഴത്തിൽ പട്ടിണിയെക്കുറിച്ച് പഠനം നടത്തിയ കാരുണ്യ പ്രവർത്തകനാണ് ജോർജ്. പന്ത്രണ്ടു വർഷമാണ് ബംഗളൂര് സുമനഹള്ളിയിലെ ലെപ്രസി സെന്ററിൽ ജോർജ് കാരുണ്യ പ്രവർത്തനം നടത്തിയത്. കാരുണ്യവഴികളിൽ വളരെ ശക്തമായ ഇടപെടലാണ് ജോർജിന്റേത്. ലോകത്തിന്റെ ദാരിദ്രത്തിലേക്കും ജനങ്ങളുടെ നിസ്സഹായ അവസ്ഥയിലേക്കുമാണ് ജോർജിന്റെ കണ്ണുകൾ എപ്പോഴും എത്തിയത്. അതുകൊണ്ട് തന്നെയാണ് കോവിഡ് കാലം സഹായങ്ങളുടെയും പട്ടിണി മാറ്റാനുള്ള പ്രയത്‌നത്തിന്റെയും കാലമായി ജോർജ് മാറ്റുന്നത്. മദേഴ്‌സ് മീൽ മൂവ്‌മെന്റിന് ജോർജ് സഹായം അഭ്യർത്ഥിക്കുകയാണ്. ഓരോ കുടുംബവും മറ്റൊരു കുടുംബത്തെ സഹായിക്കുക. പകർച്ചവ്യാധി ദുരന്തമായി മനുഷ്യനെ പിന്തുടർന്ന് നശിപ്പിക്കുമ്പോൾ ഇതല്ലാതെ മറ്റു വഴികൾ ഇല്ലെന്നാണ് ജോർജ് പറയുന്നത്.

ലോകത്ത് പത്ത് ശതമാനം ആളുകൾ നിലവിൽ ദാരിദ്ര്യത്തിലാണ്. ഈ ദാരിദ്ര്യം വർദ്ധിപ്പിച്ചാണ് കോവിഡ് എത്തിയിരിക്കുന്നത്. 80 കോടി ജനങ്ങൾ ലോകത്തിൽ പട്ടിണിയിലാണ്. സമൂഹത്തിലെ അമ്പത് ശതമാനം ആളുകൾക്ക് മറ്റുള്ളവരെ സഹായിക്കാൻ കഴിയും. ഇവരെ സ്വാധീനിച്ച് പത്ത് ശതമാനം ആളുകൾക്ക് സഹായം എത്തിക്കുക. നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി ഒരു കുടുംബത്തെ കൂടി കണക്കാക്കുക. ഇതാണ് മദേഴ്‌സ് മീൽസ് ആശയം-ജോർജ് കണ്ണന്താനം മറുനാടനോട് പറഞ്ഞു. അഞ്ഞൂറ് രൂപയാണ് കോവിഡ് കാലം മറികടക്കാൻ ഹോപ് സൊസൈറ്റി ആവശ്യപ്പെടുന്നത്. ഈ പണം ദരിദ്രകുടുംബങ്ങളെ സഹായിക്കാൻ നൽകും. പണമായി നൽകില്ല ഭക്ഷ്യ കിറ്റുകൾ ആയി വിതരണം ചെയ്യും. ഇന്ത്യയിൽ താഴെ തട്ടിലുള്ളവർക്ക് സഹായം എത്തിക്കുന്ന ഗ്രാസ് റൂട്ട് ഏജൻസികളുമായി മദേഴ്‌സ് മീലിന്റെ ഹോപ് സൊസൈറ്റിക്ക് ബന്ധമുണ്ട്. പണം ഞങ്ങൾ ഏജൻസികൾക്ക് നൽകും. അവർ സഹായം ആവശ്യമുള്ള ആളുകളെ തിരിച്ചറിഞ്ഞു അവർക്ക് ഭക്ഷ്യകിറ്റുകൾ വാങ്ങി നൽകും. ഏത് കുടുംബത്തെയാണ് സഹായിക്കുന്നത് എന്ന് ഞങ്ങൾ അവരെ അറിയിക്കും. ഒരു രൂപ പോലും നഷ്ടമാകാതെ സൊസൈറ്റി അവർക്ക് എത്തിക്കും. ഒരു ഓപ്പറേഷണൽ ചിലവും കൂടുതൽ ഈടാക്കില്ല. ഏജൻസികളാണ് സഹായം എത്തിക്കുന്നത്. 36 സ്റ്റേറ്റിൽ നിന്നും 55 ഏജൻസികളുമായി ബന്ധമുണ്ട്. കേരളത്തിൽ വയനാട് സഹായം എത്തിക്കുന്നുണ്ട്. വയനാട് രൂപതയ്ക്ക് കീഴിലുള്ള സൊസൈറ്റിയാണ് സഹായം നൽകുന്നത്. ആറുമാസത്തെക്കുള്ള സഹായമാണ് ഉദ്ദേശിക്കുന്നത്. കോവിഡ് കാലം കഴിയുന്നത് വരെ, റിവ്യൂ ചെയ്യും. ഒരു വർഷത്തേക്ക് വേണമെങ്കിൽ തുടരാം. ഏറ്റവും താഴെ തട്ടിലുള്ള കുടുംബങ്ങൾക്കാണ് സഹായം എത്തിക്കുന്നത്-ജോർജ് പറയുന്നു.

നിങ്ങൾക്ക് സഹായിക്കാം എങ്ങനെ:

നിങ്ങൾ ഒരു കുടുംബത്തെകൂടി സഹായിക്കുന്നു എന്ന് കരുതി അഞ്ഞൂറ് രൂപ മദേഴ്‌സ് മീൽസ് പദ്ധതിക്ക് എത്തിക്കുക. ആ സഹായം അവർക്ക് എത്തിയിരിക്കും. ഒരു രൂപ പോലും നഷ്ടമാകാതെ ഈ പണം പോകുന്നത് കോവിഡ് കാരണം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളിലേക്ക് ആണ്. ഏജൻസികൾ തിരഞ്ഞെടുക്കുന്ന കുടുംബങ്ങൾക്ക് ഈ സഹായം ഭക്ഷ്യ കിറ്റുകൾ ആയി എത്തും. ഒരു കുടുംബത്തെ സഹായിക്കാൻ മാത്രം എങ്കിൽ അഞ്ഞൂറ് രൂപ അയക്കുക. കൂടുതൽ കുടുംബങ്ങളെ സഹായിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ ആയിരം രൂപ അയക്കുക. ഇന്ത്യയിലെ ഏത് ഇടത്തെ കുടുംബത്തിനാണ് സഹായം എത്തിക്കുന്നത് എന്ന് നോക്കി അവരുടെ വിലാസം സഹിതം പണം നൽകിയവരെ അറിയിക്കും. നിങ്ങൾ നൽകിയ പണം ഉദ്ദേശിച്ച സ്ഥാനത്ത് എത്തി എന്ന് അറിയിക്കാനാണ് കുടുംബങ്ങളുടെ വിലാസം പണം നൽകിയ ആളുകൾക്ക് അയച്ചു കൊടുക്കുന്നത്. അതിനു ഒരു പ്ലാറ്റ്‌ഫോം ക്രിയേറ്റ് ചെയ്യും. പണം അയക്കുന്നവർക്ക് മദേഴ്‌സ്മീൽസ്.ലൈഫ് വെബ്സൈറ്റ് വഴി അയക്കാം.



ഇന്നു സഹായം എത്തിക്കുന്നത് ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളിലെ 25 കുടുംബങ്ങൾക്ക്

ആയിരം കുടുംബങ്ങൾക്ക് ഇന്ന് സഹായം എത്തിക്കും. മദേഴ്‌സ് മീൽസ് മൂവ്‌മെന്റ് ആണ്. നാളെ ഇന്ത്യയിലെ 36 സംസ്ഥാനങ്ങളിലെ 55 ഇടങ്ങളിൽ നേരിട്ട് സഹായം എത്തിക്കുകയാണ്. ഈ പദ്ധതിയുടെ ഉദ്ഘാടനം സുപ്രീംകോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫാണ് നടത്തുന്നത്. പത്ത് കുടുംബങ്ങൾക്ക് ജസ്റ്റിസ് നേരിട്ട് സഹായവിതരണം നടത്തും. ആൻഡമാൻ ദ്വീപിലും ലക്ഷദ്വീപിലും നോർത്ത് ഈസ്റ്റിലും, ലഡാക്കിലും നാളെ സഹായവിതരണം നടത്തും. 25 കുടുംബങ്ങളെയാണ് സഹായം നൽകാൻ തിരഞ്ഞെടുത്തത്. 45 ഏജൻസികളാണ് ഈ കുടുംബങ്ങളെ തിരഞ്ഞെടുത്തത്. ലയൺസ് ക്ലബ്, റോട്ടറി ക്ലബ്, വൈസ് മെൻസ് ക്ലബ്, കാത്തലിക് അസോസിയേഷൻ ഗ്രൂപ്പുകൾ എന്നിവരാണ് കുടുംബങ്ങളെ തിരഞ്ഞെടുത്തത്. 500 രൂപയുടെ ഭക്ഷ്യ കിറ്റ് ആണ് ഓരോ കുടുംബങ്ങൾക്കും നൽകുന്നത്.

ഹോപ്പിന്റെ വഴികളും പദ്ധതികളും ഇങ്ങനെ:

ബംഗളൂരുവിൽ വൈദിക വിദ്യാർത്ഥിയായിരിക്കെ 1990 രജിസ്റ്റർ ചെയ്ത സൊസൈറ്റിയാണ് ഹോപ്. അമ്മയായിരുന്നു ജോർജിന്റെ മനസ്സിൽ. . കോട്ടയം മണിമലയിൽ അമ്മ ബ്രിജിത് ജോസഫ് ആളുകളെ സഹായിക്കുന്നത് കണ്ടിട്ടാണ് ജോർജ് വളരുന്നത്. ഈ വഴിയിൽ തന്നെയാണ് ഹോപ് തുടങ്ങിയത്.പന്ത്രണ്ടു വർഷം ബംഗളൂര് സുമനഹള്ളിയിലെ ലെപ്രസി സെന്ററിൽ ജോലി നോക്കി. . കൂടുതൽ സാമൂഹിക സേവനം എന്ന ആശയം ഈ കാലത്ത് തോന്നി. പിന്നീട് ആ അവഴിയിൽ ചുവടുകൾ ഉറപ്പിച്ചു. ബംഗളൂര് ആണ് ഹോപ് സൊസൈറ്റിയുടെ ആസ്ഥാനം. ഈ സൊസൈറ്റിയുടെ കീഴിലാണ് മദേഴ്‌സ് മീൽ വരുന്നത്. ആറോളം പ്രോജക്ടുകൾ ഈ സൊസൈറ്റിക്ക് കീഴിലുണ്ട്. ഡീ അഡിക്ഷൻ സെന്ററുകൾ നടത്തുന്നുണ്ട്. ബൽഗാമിലുണ്ട്. ബംഗളൂര്വിലുമുണ്ട്. രണ്ടു എച്ച്‌ഐവി കെയർ സെന്ററുകളുണ്ട്. പ്രളയത്തിൽ വീട് നഷ്ടമായവർക്ക് വീട് വെച്ച് കൊടുക്കുന്നുണ്ട്. നേപ്പാളിലെ പ്രളയത്തിലും ഭൂകമ്പത്തിലും കുടുങ്ങിയ ആളുകളെ സഹായിക്കുന്നുണ്ട്.

നേപ്പാളിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ച് നൽകിയിട്ടുണ്ട്. ബംഗളൂര് കെയേഴ്‌സ് ഫോർ നേപ്പാൾ പദ്ധതിയുണ്ട്. 2015-ൽ നേപ്പാളിൽ ഭൂകമ്പം വന്നപ്പോൾ തുടങ്ങിയതാണ്. അവിടുത്തെ കുട്ടികളെ ഇന്ത്യയിൽ കൊണ്ട് വന്നു വിദ്യാഭ്യാസം നൽകുന്ന പ്രോഗ്രാമാണിത്. വീട് പദ്ധതിയും ഇതിന്റെ ഭാഗം തന്നെ. നേപ്പാളി കുട്ടികൾക്ക് ഇന്ത്യയിൽ വന്നു വിദ്യാഭ്യാസം നല്കുന്നതിനാവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്. പല പദ്ധതികളും ഹോപ് ചെയ്യുന്നുണ്ട്.ബംഗളൂര് കെയേഴ്‌സ് ഫോർ കേരള. 2018ലെ പ്രളയം വന്നപ്പോൾ കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ തുടങ്ങിയ പദ്ധതിയാണിത്. വീട് നഷ്ടമായവർക്കായി കേരളത്തിൽ 25 വീടുകൾ പണിതിട്ടുണ്ട്. 300 താത്കാലിക വീടുകൾ പണിതിട്ടുണ്ട്. ഇത് കൂടാതെ കൊറോണ കെയർ ബംഗളൂര് പദ്ധതിയുമുണ്ട്.

രണ്ടു ലക്ഷത്തോളം ആളുകളെയാണ് കൊറോണ കാലത്ത് സൊസൈറ്റി സഹായിച്ചത്. ഇപ്പോൾ ഈ സഹായം ആറു മാസത്തേക്ക് നീട്ടിയിട്ടുണ്ട്. അത് തന്നെ ഒരു വർഷത്തേക്ക് നീട്ടാനാണ് പദ്ധതി. 50 ഓളം ആളുകൾ ഒപ്പം ജോലി ചെയ്യുന്നുണ്ട്. 500 ഓളം വളണ്ടിയർമാർ ഓൾ ഇന്ത്യ തലത്തിൽ ജോലി ചെയ്യുന്നുണ്ട്. ഏത് ദുരന്തം വന്നാലും ഇവർ ഒപ്പമുണ്ടാകും. നേപ്പാളിലും വയനാടിലും ഈ വളണ്ടിയർ സഹായം ലഭിക്കുന്നുണ്ട്. ഐ ഡോണേഷൻ പ്രോജക്റ്റ് ഉണ്ട്. ഹോപ്പിന്റെ കീഴിലാണ് മദേഴ്‌സ് മീൽസും നടപ്പിലാക്കുന്നത്. പദ്ധതിയുടെ പണം വരുന്നത് ഹോപ് സൊസൈറ്റിയിലേക്കാണ്. ഹോപിനു വെബ്സൈറ്റ് ഉണ്ട്. മദേഴ്‌സ്മീൽസ്.ലൈഫ് എന്ന് പറഞ്ഞു ഒരു വെബ്സൈറ്റ് ഉണ്ട്. ഈ സൈറ്റ് വഴി ആളുകൾക്ക് പദ്ധതിയിലേക്ക് പണം അയക്കാം. നാളത്തെ വിതരണം ചെയ്യുന്നതിന് ഉള്ള പണം സൊസൈറ്റി ആദ്യമേ സമാഹരിച്ചിരുന്നു.