ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മോത്തിലാൽ വോറ അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി ഫോർട്ടിസ് എസ്‌കോർട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും മാസങ്ങൾക്കു മുൻപ് കോവിഡ് ബാധിച്ചിരുന്നു. ഒക്ടോബറിലാണ് വൈറസ് ബാധ കണ്ടെത്തിയത്. അസുഖം ഭേദമായതിനെ തുടർന്ന് ഒക്ടോബർ 16ന് ആശുപത്രി വിട്ടു. ഡിസംബർ 19ന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കു
കയായിരുന്നു.

മാധ്യമപ്രവർത്തകനായിരുന്ന മോത്തിലാൽ വോറ 1968ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1970ൽ മധ്യപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, മധ്യപ്രദേശ് റോഡ് ഗതാഗത കോർപ്പറേഷന്റെ ഡപ്യൂട്ടി ചെയർമാനായി. 1977ലും 1980ലും വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1983ൽ മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി. 1988ൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അതേവർഷം ഏപ്രിലിൽ രാജ്യസഭാംഗമായി.1985 മുതൽ 1988 വരെ മൂന്നു വർഷക്കാലമാണ് മോത്തിലാൽ വോറ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്. 1993 മുതൽ 1996 വരെ ഉത്തർപ്രദേശ് ഗവർണറായും സേവനമനുഷ്ഠിച്ചു.

കഴിഞ്ഞദിവസം ഇദ്ദേഹത്തിന്റെ 93-ാം ജന്മദിനമായിരുന്നു.