തിരുവനന്തപുരം: ലക്ഷദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ നടപടി കടുപ്പിച്ച് കേരള എംപിമാർ. യാത്രാനുമതി ആവശ്യപ്പെട്ട് വീണ്ടും കത്ത് നൽകാൻ തീരുമാനിച്ചു. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്കും കവരത്തി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനുമാണ് കേരളത്തിൽ നിന്നുള്ള എംപിമാർ കത്ത് നൽകുക. ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടൻ, എം. വി. ശ്രേയാംസ് കുമാർ, ഡോ. വി. ശിവദാസൻ, കെ. സോമപ്രസാദ്, എ. എം. ആരിഫ്, ജോൺ ബ്രിട്ടാസ് എന്നിവർ ലക്ഷദ്വീപ് സന്ദർശിക്കുമെന്ന് എളമര കരീം എം പി അറിയിച്ചു. അനുമതി നൽകിയില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഏളമരം കരീം പറഞ്ഞു.

അതേസമയം, ലക്ഷദ്വീപിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ചേർന്ന് രൂപീകരിച്ച കോർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ ചേരും. അഡ്‌മിനിസ്‌ട്രേറ്ററുടെ വിവാദ നടപടികൾ തടയുന്നതിന് സേവ് ലക്ഷദ്വീപ് ഫോറം എന്ന് പേരിട്ട ആറംഗ കമ്മിറ്റിയാണ് ചേരുന്നത്. ലക്ഷദ്വീപ് ചീഫ് കൗൺസിലറും എംപിയും നിയമവിദഗ്ധരും യോഗത്തിൽ പങ്കെടുക്കും. ലക്ഷദ്വീപിലെ ജനതാത്പര്യം പരിഗണിക്കുമെന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ പ്രസ്താവന വിശ്വാസത്തിലെടുക്കണോയെന്ന് യോഗം ചർച്ച ചെയ്യും. അഡ്‌മിനിസ്‌ട്രേഷനെതിരായ നിയമപോരാട്ടങ്ങൾ എങ്ങനെ വേണമെന്ന് കോർകമ്മിറ്റിയിൽ ധാരണയാകും.

തദ്ദേശവാസികളുടെ അഭിപ്രായം മാനിക്കാതെ പുതിയ നിയമങ്ങൾ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ഇന്നലെ പറഞ്ഞിരുന്നു. അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മുഹമ്മദ് ഫൈസലിന്റെ പ്രതികരണം. അഡ്‌മിനിസ്ട്രേറ്റർ കൊണ്ടുവന്ന പുതിയ നിയമങ്ങളുടെ കരടിനെ ശക്തമായി എതിർത്തെന്നും എംപി പറഞ്ഞു.

''ലക്ഷദ്വീപിലെ സമരങ്ങളെക്കുറിച്ച് അമിത് ഷായെ ബോധിപ്പിച്ചു. കരട് നിയമം തദ്ദേശവാസികളുമായും ജില്ലാ പഞ്ചായത്ത് പ്രതിനിധികളുമായി ചർച്ച ചെയ്ത് അഭിപ്രായ സമന്വയം നടത്തി മാത്രമേ നിയമം പ്രാബല്യത്തിൽ വരുത്തൂവെന്നും അദ്ദേഹം ഉറപ്പ് നൽകി. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും അമിത് ഷായോട് ആവശ്യപ്പെട്ടു''.- എംപി പറഞ്ഞു.

ദ്വീപിൽ ഗോവധ നിരോധനവും രണ്ട് കുട്ടികളിൽ കൂടുതലുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്നതുമടക്കമുള്ള നിയമങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് എംപി അമിത് ഷായെ ധരിപ്പിച്ചു. പ്രശ്നം ചർച്ച ചെയ്യാൻ മുഹമ്മദ് ഫൈസലിന്റെ പാർട്ടി നേതാവ് എൻസി അധ്യക്ഷൻ ശരദ് പവാർ അമിത് ഷായുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചർച്ച നടത്തും. ലക്ഷദ്വീപിലെ പുതിയ നിയമങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം കേരള നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു.