തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്‌കാനിങ്ങ് യന്ത്രം നവീകരണം വിവാദത്തിൽ. വർഷങ്ങൾ പഴക്കമുള്ള യന്ത്രം കോടികൾ മുടക്കി നവീകരിക്കുന്നതാണ് വിവാദത്തിന് വഴിവെച്ചത്.12 വർഷം പഴക്കമുള്ള യന്ത്രം നവീകരിക്കുന്നത് ആറ് കോടി രൂപയാണ് ആരോഗ്യവകുപ്പ് അനുവദിച്ചിരിക്കുന്നത്. കാലപ്പഴക്കം ചെന്ന യന്ത്രം വൻ തുകയ്ക്ക് നവീകരിക്കുന്നതിന് പിന്നിൽ അഴിമതി നീക്കമുണ്ടെന്നാണ് ആരോപണം.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംആർഐ സ്‌കാനിങ്ങ് യന്ത്രം 2009 ലാണ് സ്ഥാപിച്ചത്. കാലപ്പഴക്കവും പ്രവർത്തനക്ഷമതയേയും ഗുരുതരമായി ബാധിച്ചതോടെ സോഫ്റ്റ് വെയർ ഉൾപ്പടെ യന്ത്രം നവീകരിക്കാൻ തീരുമാനമായി.ഇതിനായി ആറു കോടി പത്ത് ലക്ഷം രൂപ അനുവദിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.നവീകരണത്തിന് ഇനി ഇത്ര തുക വരില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

നിലവിൽ ഈ യന്ത്രം വാങ്ങുന്നതിന് തന്നെ എഴുകോടിയോളം രൂപയെ വരുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.സമാനമായ കമ്പനിയുടെ എംഐർഐ സ്‌കാനിങ്ങ് യന്ത്രം കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വാങ്ങിയപ്പോൾ 7 കോടി 58 ലക്ഷം രൂപയാണ് ചെലവായത്. അങ്ങിനെ നോക്കുമ്പോൾ നിലവിലെ നവീകരണ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന തുകയോട് 1 കോടി 48 ലക്ഷം രൂപ അധികമായി മുടക്കിയാൽ ആധുനികമായ പുതിയ യന്ത്രം വാങ്ങാനാവും.

ഈ വസ്തുത പകൽപോലെ നിലനിൽക്കുമ്പോഴാണ് നവീകരണ പ്രവർത്തനങ്ങൾ മതി എന്ന് തീരുമാനിച്ച് 6 കോടി 10 ലക്ഷം രൂപ ആരോഗ്യ വകുപ്പ് അനുവദിച്ചിരിക്കുന്നത്.ആരോഗ്യ വകുപ്പിനെ ഈ വകുപ്പിലെ ചില ഉദ്യോഗസ്ഥർ ബോധപൂർവ്വം കബളിപ്പിക്കുകയാണെന്നും നവീകരണ പ്രവൃത്തി കമ്പിനിയുമായുള്ള ഉദ്യോഗസ്ഥരുടെ രഹസ്യധാരണയാണ് ഈ നീക്കത്തിന് പിന്നിലെന്നും ആക്ഷേപം ഉയർന്നുകഴിഞ്ഞു.ഇത്രയും ഭീമമായ തുക നൽകി ഇനി ആപഗ്രേഡ് ചെയ്താലും എത്രകാലം അത് തകരാറുകൾ കൂടാതെ പ്രവർത്തിക്കുമെന്ന് ചോദ്യചിഹ്നമായി മാറുകയാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

പുതിയ യന്ത്രം വാങ്ങുകയാണെങ്കിൽ അതിന്റെ നടപടി ക്രമങ്ങൾ കെഎംഎസ്‌സിഎൽ മുഖേനയെ വാങ്ങാനാകു.എന്നാൽ അറ്റകുറ്റപ്പണിക്കാണെങ്കിൽ സാങ്കേതിക സമിതിയുടെ അനുമതി മാത്രം മതി.പുതിയ വാങ്ങുന്നതിനേക്കാൾ കൂടുതൽ കമ്മീഷൻ നനീകരണത്തിലുടെ ഈടാക്കമെന്നതാണ് ഈ നീക്കത്തിന് പിന്നിലെന്നും ആരോപണം ഉണ്ട്.

അതേസമയം നവീകരണത്തിന് തുക നിശ്ചയിച്ചത് കമ്പനിയെന്നാണ് അധികൃർ നൽകുന്ന വിശദീകരണം.സാങ്കേതിക സമിതിയുടേയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടേയും അനുമതിയോടെയാണ് തീരുമാനമെന്നും അധികൃതർ കൂട്ടിച്ചേർത്തു.