കോഴിക്കോട്: എം.എസ്.എഫിന്റെ വനിതാവിഭാഗം 'ഹരിത'യുടെ പരാതിയിൽ പി.കെ. നവാസ് അറസ്റ്റിൽ. എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷനാണ് നവാസ്.സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ചാദ്യം ചെയ്യാൻ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ് നടപടി.

എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് പികെ നവാസ് എന്നിവർക്കെതിരെ കഴിഞ്ഞ മാസം 17 നാണ് വെള്ളയിൽ പൊലീസ് കേസെടുത്തത്. തുടർന്ന് ചെമ്മങ്ങാട് വനിതാ സിഐക്ക് കേസ് കൈമാറുകയായിരുന്നു. ഇതാദ്യമായാണ് നവാസിനെ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്. ജൂൺ 22ന് കോഴിക്കോട് ചേർന്ന എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിൽ ഹരിത പ്രവർത്തകരെ അധിക്ഷേപിച്ചു എന്നാണ് പരാതി.

ചെങ്ങമനാട് സ്റ്റേഷനിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പൊലീസ് ആവശ്യപ്പെട്ട പ്രകാരം നവാസ് എത്തിയത്. മൊഴി നൽകാനും വിശദാംശങ്ങൾ നൽകാനുമണ് തന്നെ വിളിപ്പിച്ചതെന്നാണ് ചോദ്യം ചെയ്യലിന് കയറും മുൻപേ നവാസ് പറഞ്ഞത്.മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്റ്റേഷനിൽനിന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് നവാസിനുമേൽ ചുമത്തിയിരിക്കുന്നത്. ജാമ്യത്തിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം. നവാസിനൊപ്പം സ്റ്റേഷനിലെത്തിയ എം.എസ്.എഫ്. സംസ്ഥാന ട്രഷറർ, മറ്റു ഭാരവാഹികൾ തുടങ്ങിയവർ ഇതിനുള്ള നടപടികളിലേക്ക് കടക്കുകയാണ്.

നേരത്തെ ഹരിതയിലെ പത്ത് അംഗങ്ങൾ ലൈംഗിക അധിക്ഷേപ പരാതി വനിതാ കമ്മിഷന് നൽകിയിരുന്നു. ഈ പരാതി പിന്നീട് പൊലീസിന് കൈമാറുകയും നിയമനടപടികളിലേക്ക് കടക്കുകയുമായിരുന്നു. ഈ പരാതിക്കാരായ പെൺകുട്ടികളെ ചെമ്മങ്ങാട് സ്റ്റേഷനിൽ വിളിക്കുകയും അവരിൽനിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. നിയമനടപടികളുമായി മുന്നോട്ടുപോകാൻ പെൺകുട്ടികൾ തീരുമാനിച്ചതിനു പിന്നാലെയാണ് നവാസിന്റെ അറസ്റ്റിലേക്ക് കടക്കുന്നത്.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് നവാസിനു മേൽ ചുമത്തിയിരിക്കുന്നത്. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ ആളുകളിൽനിന്ന് പൊലീസിന് മൊഴി കൂടുതൽ ആളുകളിൽനിന്ന് മൊഴി രേഖപ്പെടുത്തുകയും തെളിവ് ശേഖരിക്കേണ്ടതുമുണ്ട്. ജൂൺ 22-ന് നടന്ന യോഗത്തിലാണ് അധിക്ഷേപ പരാമർശമുണ്ടായതായി പരാതിയിൽ പറയുന്നത്. ഈ യോഗത്തിന്റെ മിനുട്ട്സും മറ്റ് വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.