കൊച്ചി: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരായ ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് മടക്കി അയച്ചു.തിങ്കളാഴ്ച ഹാജരാകാനാണ് വീണ്ടും നിർദ്ദേശം നൽകിയിരിക്കുന്നത്. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നെങ്കിലും ഷാഫി ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്‌നമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. വയറു വേദന കാരണം ഹാജരാകാൻ സാധിക്കില്ലെന്നായിരുന്നു ഷാഫി പറഞ്ഞത്.

ഇതിന് പിന്നാലെയാണ് ഇന്ന് ഹാജരായത്. ഇതോടെ തിങ്കളാഴ്‌ച്ച എത്തിയാൽ മതിയെന്ന് പറഞ്ഞ് കസ്റ്റംസ് തിരിച്ചയക്കുകയായിരുന്നു. സ്വർണക്കടത്തിന് ചുക്കാൻ പിടിക്കുന്നത് ഷാഫിയും കൊടി സുനിയുമാണെന്ന് അർജുൻ ആയങ്കി തന്നോട് പറഞ്ഞെന്ന മുഹമ്മദ് ഷെഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഷാഫിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

സ്വർണക്കടത്തും അർജുൻ ആയങ്കിയുമായി ഷാഫിക്കുള്ള ബന്ധമാണ് അന്വേഷണ സംഘം കണ്ടെത്താൻ ശ്രമിക്കുന്നത്.ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഷാഫി നിലവിൽ പരോളിലാണ്. സ്വർണക്കടത്ത്, കവർച്ച സംഘങ്ങൾക്കു വേണ്ടി ഷാഫി നേരിട്ട് പലരെയും ഭീഷണിപ്പെടുത്തിയതായി കസ്റ്റംസ് സംഘം കണ്ടെത്തിയിരുന്നു.

അതിനിടെ മുഹമ്മദ് ഷാഫി ആറു മാസത്തോളം വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ സ്വന്തം സഹായി ആയിരുന്നു എന്ന വാർത്തയും പുറത്തുവന്നു. കുപ്രസിദ്ധ കേസുകളിലെ തടവുകാരെ ഓഫിസ് ജോലികൾക്കു നിയോഗിക്കരുതെന്ന ജയിൽ ഡിജിപിയുടെ സർക്കുലർ നിലവിലുള്ളപ്പോഴായിരുന്നു ഈ സേവനം.

മൂന്നു മാസം മുൻപു സ്വന്തം അപേക്ഷയിൽ കണ്ണൂർ ജയിലിലേക്കു മാറുന്നതുവരെ ഷാഫി ഈ ജോലിയിൽ തുടർന്നു. സൂപ്രണ്ടിന്റെ താത്പര്യപ്രകാരമുള്ള നിയമനമായിരുന്നതിനാൽ കീഴുദ്യോഗസ്ഥരാരും ചോദ്യം ചെയ്തില്ല. ജയിൽ ആസ്ഥാനത്ത് അറിയിച്ചതുമില്ല. മുഹമ്മദ് ഷാഫിക്കൊപ്പം, തൃശൂർ പുഴയ്ക്കലിലെ ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദിനെയും ഓഫിസ് ജോലിക്കു നിയോഗിച്ചു. കഠിനതടവിനു ശിക്ഷിക്കപ്പെട്ട തടവുകാർക്കാണു ജയിലിലെ ഏറ്റവും കാഠിന്യം കുറഞ്ഞ ജോലി നൽകിയത്. ഷാഫി സൂപ്രണ്ടിന്റെ സ്വന്തം സഹായിയായിരുന്നെങ്കിൽ, റഷീദിനെ തൊട്ടടുത്ത മുറിയിലെ വാറന്റ് വിഭാഗത്തിലാണു നിയോഗിച്ചത്.

കഴിഞ്ഞ മാസം സഹതടവുകാരെ ആക്രമിച്ചതിനു റഷീദിനെതിരെ വിയ്യൂർ പൊലീസ് കേസെടുത്തെങ്കിലും ഇയാൾ ഇപ്പോഴും ഓഫിസ് ജോലിയിൽ തുടരുന്നു. സഹതടവുകാരുടെ പരോൾ വിഷയങ്ങളിലടക്കം ഈ സഹായികൾ ഇടപെട്ടതായി ആക്ഷേപമുണ്ട്. സൂപ്രണ്ടിന്റെ ഓഫിസിൽ സ്വാതന്ത്ര്യമുള്ളവരായതിനാൽ ഇവർക്കെതിരെ പരാതിപ്പെടാൻ കീഴുദ്യോഗസ്ഥർ മടിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ഫോൺ ഉപയോഗിച്ചതിനാണു ഷാഫിയെ വിയ്യൂരിലേക്കു മാറ്റിയത്.

ജയിലിൽ കഴിയവേ കുറ്റകൃത്യത്തിലേർപ്പെടുന്നവർക്കു പരോൾ ലഭിക്കുക പോലും ദുഷ്‌കരമാണെന്നിരിക്കെയാണു സൂപ്രണ്ടിന്റെ സഹായിയായത്. സൂപ്രണ്ടിനെ ഓഫിസ് കാര്യങ്ങളിൽ സഹായിക്കാൻ ഒരു എപിഒയെയാണ് ഔദ്യോഗിക ഓർഡർലിയായി വയ്ക്കുക. ഇദ്ദേഹത്തെ സഹായിക്കുകയാണ് അനൗദ്യോഗിക ഓർഡർലിയാകുന്ന തടവുകാരന്റെ ചുമതല.