തിരുവനന്തപുരം: എംഎൽഎ മുകേഷുമായി ബന്ധപ്പെട്ട ടെലിഫോൺ വിവാദത്തിൽ പ്രതികരണവുമായി ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാർ.കുട്ടി ആരാണെന്നോ കുട്ടിയുടെ പ്രശ്‌നം എന്താണെന്നോ അറിയില്ല.വിഷയം അറിഞ്ഞാൽ ഉടൻ തന്നെ പരിഹാരം കാണുമെന്ന് എംഎൽഎ പ്രതികരിച്ചു.പിന്നെ ടെലിഫോൺ സംഭാഷണത്തിന്റെ കാര്യത്തിൽ ശബ്ദം മുകേഷിന്റെത് തന്നെയാണോ എന്ന് ഉറപ്പിക്കാതെ ഒന്നും പറയാൻ സാധിക്കില്ലെന്നും എംഎൽഎ പ്രതികരിച്ചു.

'സംഭവത്തിന്റെ സത്യാവസ്ഥയറിയാൻ മുകേഷ് എംഎൽഎയെ വിളിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ ഫോണിൽ കിട്ടിയില്ല. ഇത് അദ്ദേഹത്തിന്റെ ശബ്ദമാണോ എന്നും ഏത് സാഹചര്യത്തിലാണ് ഇത്തരത്തിൽ പ്രതികരിച്ചതെന്നും അറിയാതെ പ്രതികരിക്കുന്നത് ശരിയായ കാര്യമല്ല'. കുട്ടിയുടെ പ്രശ്നമെന്താണെന്ന് അറിഞ്ഞാൽ പരിഹരിക്കുമെന്നും പ്രേംകുമാർ ഉറപ്പു നൽകി.അത്യാവശ്യ കാര്യം പറയാൻ വിളിച്ച ഒറ്റപ്പാലം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയോട് മുകേഷ് കയർത്ത് സംസാരിച്ച സംഭവം വിവാദമായതോടെയാണ് പ്രതികരണവുമായി എംഎൽഎ രംഗത്തെത്തിയത്.

അത്യാവശ്യ കാര്യം പറയാൻ വേണ്ടി കൂട്ടുകാരന്റെ കൈയിൽ നിന്നും നമ്പർ വാങ്ങി എംഎൽഎയെ വിളിച്ച വിദ്യാർത്ഥിയോടാണ് മുകേഷ് എംഎൽഎ കയർത്ത് സംസാരിച്ചത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാർത്ഥി സ്വന്തം എംഎൽഎയെ വിളിക്കാതെ തന്നെ വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത്. നമ്പർ തന്ന കൂട്ടുകാരൻ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണമെന്നും മുകേഷ് വിദ്യാർത്ഥിയോട് പറയുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. അത്യാവശ്യം പറയാനാണ് വിളിച്ചതെങ്കിലും ഒരിക്കൽ പോലും മുകേഷ് വിദ്യാർത്ഥി വിളിച്ചതിന്റെ കാര്യവും അന്വേഷിക്കുന്നില്ല. പാലക്കാട് എംഎൽഎ എന്നൊരു ആൾ ജീവനോടെ ഇല്ലേയെന്നാണ് മുകേഷ് മറിച്ച് ചോദിക്കുന്നത്.

ഫോൺ സംഭാഷണം പുറത്തായതോടെ വ്യാപക പ്രതിഷേധമാണ് എംഎൽഎക്ക് നേരെ ഉയരുന്നത്.രാഹുൽ മാങ്കൂട്ടത്തിൽ, വിടി ബലറാം തുടങ്ങിയവർ എംഎൽഎയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

അന്തസ്സ് വേണം മുകേഷേ , അന്തസ്സ്....നിങ്ങളുടെ തന്നെ വിഖ്യാതമായ ഒരു ഫോൺ സംഭാഷണത്തിലെ ഒരു വാചകമാണത്. അന്ന് നിങ്ങളെ ഫോൺ ചെയ്തത്, നിങ്ങളുടെ സിനിമ കണ്ട് ആരാധന തോന്നിയ വ്യക്തിയാണ്, അയാളോട് എങ്ങനെ പ്രതികരിക്കണമെന്നത് തികച്ചും വ്യക്തിപരമായ സംസ്‌കാരത്തിന്റെ ഭാഗമാണ്.

എന്നാൽ ഇപ്പോൾ ആ പത്താം ക്ലാസ്സുകാരൻ വിളിച്ചത് മുകേഷ് എന്ന കൊല്ലം എംഎൽഎ യെയാണ്. അവന് മറുപടി കൊടുക്കേണ്ടുന്ന ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയിൽ നിങ്ങൾക്കുണ്ട്. അവൻ വാങ്ങുന്ന ബുക്കിന്റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം.ആറ് തവണ വിളിച്ചതിന്റെ പേരിലാണോ ആ പതിനാറുകാരന്റെ നേർക്ക് നിങ്ങളുടെ ധിക്കാരവും, ധാർഷ്ട്യവും, അഹങ്കാരവും യഥേഷ്ടം വലിച്ചെറിഞ്ഞത്. നിങ്ങളുടെ നമ്പർ അവന് കൊടുത്തതിന്റെ പേരിൽ അവന്റെ കൂട്ടുകാരന്റെ ചെവിക്കുറ്റിക്കടിക്കണം എന്ന് പറയുന്ന നിങ്ങളെ തിരഞ്ഞെടുത്ത കൊല്ലത്തുകാരും നിങ്ങളുടെ നമ്പർ കൊടുത്താൽ ചെവിക്കുറ്റിക്കടിക്ക് വിധേയരാകണോ?

സാർ എന്ന് പതിഞ്ഞ ദയനീയതയുടെ ശബ്ദത്തിൽ വിളിച്ച്, ഒരു അത്യാവശ്യ കാര്യം പറയാനാണെന്ന് പല കുറി പറഞ്ഞിട്ടും, നിങ്ങൾ അവനോട് ആക്രോശിക്കുന്നതിനിടയിൽ ഒരു തവണയെങ്കിലും അവനോട് ആ അത്യാവശ്യം എന്താണെന്ന് ചോദിക്കാനുള്ള കരളലിവ് നിങ്ങൾക്കില്ലെ? ഒരുപാട് സാധാരണക്കാരന്റെ വിഷമങ്ങൾ കേട്ട്, നാടകങ്ങൾ സൃഷ്ടിച്ച ഒ മാധവന്റെ മകന് ഇങ്ങനെ ചെയ്യുവാൻ കഴിയുമോ?

പ്രിയ കൊല്ലംകാരെ, എംഎൽഎയുടെ പേരറിയാത്തവരെ നേരിൽ കണ്ടാൽ ചൂരലിനു അടിക്കുമെന്ന് പറയുന്ന എം മുകേഷാണ് നിങ്ങളുടെ എംഎൽഎ, അതിനാൽ ചൂരലിനടികൊള്ളാതിരിക്കുവാൻ അയാളുടെ പേര് പറഞ്ഞ് പഠിക്കുക.

പിന്നെ ഒറ്റപ്പാലം എംഎൽഎ ബഫൂണാണോ, ജീവനോടെയുണ്ടോ, മരിച്ചുപോയോ എന്നൊക്കെയുള്ള മുകേഷിന്റെ സംശയത്തിന് സ്ഥലം എംഎൽഎ അഡ്വ കെ പ്രേംകുമാർ മറുപടി പറയുക.ആ ശബ്ദത്തിനുടമയായ സഹോദരനെ അറിയുന്നവർ പറയുക, യൂത്ത് കോൺഗ്രസ്സിന് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും രാഹുൽ പറയുന്നു

ഇതാദ്യമായല്ല ടെലിഫോൺ സംഭാഷണം മുകേഷ് എംഎൽഎക്ക് പുലിവാലാകുന്നത്.വിഷയം വിവാദമായെങ്കിലും എംഎൽഎ ഇതുവരെ പ്രതികരണവുമായി രംഗത്ത് വന്നിട്ടില്ല.