കൊൽക്കത്ത: ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ തിരികെയെത്തിയ മുതിർന്ന നേതാവായ മുകുൾ റോയിയെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ബംഗാൾ ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നിയമസഭാ സ്പീക്കർക്ക് പരാതി നൽകി. സ്വപൻ ദാസ്ഗുപ്ത, അമിത് മാളവ്യ തുടങ്ങിയ ബിജെപി നേതാക്കളും മുകുൾ റോയി എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗവർണർ ജഗ്ദീപ് ധൻകറുമായും സുവേന്ദു അധികാരി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എംഎൽഎമാർ പാർട്ടിമാറുന്നത് തടയാൻ സംസ്ഥാനത്ത് കൂറുമാറ്റ നിരോധന നിയമം നടപ്പാക്കേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഗവർണറെ ധരിപ്പിച്ചു.

ബിജെപി ദേശീയ ഉപധ്യക്ഷനായിരുന്ന മുകുൾ റോയി കഴിഞ്ഞ ആഴ്ചയാണ് പാർട്ടിവിട്ട് തൃണമൂലിലേക്ക് ചേക്കേറിയത്. നാല് വർഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ചാണ് അദ്ദേഹം തൃണമൂലിലേക്ക് തിരിച്ചെത്തിയിരുന്നത്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ കൃഷ്ണനഗർ നോർത്ത് മണ്ഡലത്തിൽ നിന്ന് ജയിച്ചാണ് മുകുൾ റോയ് നിയമസഭയിലേക്കെത്തിയത്.

മുകുൾ റോയിയുടെ സെഡ് കാറ്റഗറി സുരക്ഷ നേരത്തെ പിൻവലിച്ചിരുന്നു. മുകുൾ റോയിയുടെ സുരക്ഷച്ചുമതലയിൽനിന്ന് പിന്മാറാൻ സെൻട്രൽ റിസർവ് പൊലീസിന് (സിആർപിഎഫ്) കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.

തൃണമൂൽ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറി എന്ന പദവിയിൽനിന്ന് നീക്കിയതിൽ പ്രതിഷേധിച്ചാണ് മുകുൾ ബിജെപിയിലേക്ക് പോയത്. 2017 നവംബറിൽ ടിഎംസി വിട്ട മുകുളിനെ ബിജെപി അവരുടെ ദേശീയ വൈസ് പ്രസിഡന്റാക്കിയിരുന്നു. അതിനു പിന്നാലെ വൈ പ്ലസ് സുരക്ഷ നൽകി. തുടർന്ന് സെഡ് കാറ്റഗറിയിലെ രണ്ടാം നിര സുരക്ഷയിലേക്ക് ഉയർത്തിയത്. 2224 സിആർപിഎഫ് ആയുധധാരികളായ കമാൻഡോകളാണ് മുകുളിനൊപ്പമുണ്ടായിരുന്നത്.

മുകുളിനു പുറമെ മകൻ ശുഭ്രാൻസുവിന് നൽകിയിരുന്ന സുരക്ഷയും പിൻവലിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസിന്റെ സുരക്ഷയാകും ഇരുവർക്കും ഇനി ലഭിക്കുക.

മമതയെ നന്ദിഗ്രാമിൽ തോൽപിച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് തന്നേക്കാളും പ്രധാന്യം ലഭിച്ചത് മുകുളിനെ അസ്വസ്ഥനാക്കിയിരുന്നു. ബിജെപിയിൽ തനിക്കു ശ്വാസംമുട്ടുന്നുവെന്നു മുകുൾ അടുപ്പക്കാരോടും സൂചിപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വേണ്ടത്ര പ്രാധാന്യം അദ്ദേഹത്തിനു ബിജെപി നൽകിയില്ല. ഇതോടെയാണ് തിരികെ ടിഎംസിയിലേക്കെത്താൻ മുകുൾ റോയിയെ പ്രേരിപ്പിച്ചത്.