ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ചുള്ള ചർച്ചകൾ കുറച്ചു കാലമായി തന്നെ കേരളത്തിൽ നടക്കുന്നുണ്ട്. ഇപ്പോൾ അണക്കെട്ട് വൻ സുരക്ഷാഭീതിയിൽ ആണെന്ന വിധത്തിൽ വീണ്ടും വാർത്തകൾ വന്നു തുടങ്ങി. ഡാമിൽ ഗുരുതരമായ ഘടനാപരമായ പ്രശ്‌നങ്ങളുണ്ടെന്നും, ഈ അണക്കെട്ട് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും പറയുന്ന യുഎൻ സർവകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള 'ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്തിന്റെ' റിപ്പോർട്ട് സുപ്രീംകോടതി മുമ്പാകെ എത്തി.

കേരളത്തിൽ ആവർത്തിക്കുന്ന പ്രളയ സാഹചര്യത്തിൽ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് നൽകിയ ഹർജിയിലാണ് കോടതിയുടെ ശ്രദ്ധ റിപ്പോർട്ടിലേക്കും കൊണ്ടുവരാൻ ഹർജിക്കാരൻ ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ട്. വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎൻ ഈ മുന്നറിയിപ്പ് നൽകുന്നത്. അതേസമയം ശുർക്ക മിശ്രിതം കൊണ്ട് പണിത അണക്കെട്ട് ഈ കാലാവധിയും പിന്നിട്ടിട്ടുണ്ട്.

യുഎൻ സർവകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള 'ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്താ'ണ് 'പഴക്കമേറുന്ന ജലസംഭരണികൾ: ഉയർന്നുവരുന്ന ആഗോളഭീഷണി' എന്ന പേരിലുള്ള റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2021 ജനുവരിയിലാണ് റിപ്പോർട്ട് പുറത്ത് വന്നത്.

അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രവർത്തനം നിരീക്ഷിക്കുന്ന സുപ്രീംകോടതി നിയോഗിച്ച നിരീക്ഷണ സമിതി അടക്കം വളരെ അലംഭാവം കാണിക്കുന്നുവെന്നാണ് ഹർജിക്കാരൻ പറയുന്നത്. പ്രളയ സമാനമായ അവസ്ഥയിൽ റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ അടക്കമുള്ള കാര്യങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് റിട്ട് ഹർജിയിൽ പറയുന്നു. വളരെ അലക്ഷമായാണ് പ്രളയകാലത്ത് ഡാമിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന് ഹർജിയിൽ പറയുന്നു. ഇത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് ഹർജിക്കാരൻ പറയുന്നു.

അതേ സമയം യുഎൻ യൂണിവേഴ്‌സിറ്റി റിപ്പോർട്ടിൽ നൂറിലധികം വർഷം പഴക്കമുണ്ട് മുല്ലപ്പെരിയാർ ഡാമിനെന്നും. അണക്കെട്ട് ഭൂകമ്പസാധ്യതാപ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഘടനാപരമായ പ്രശ്‌നങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അണക്കെട്ട് നിർമ്മിച്ച കാലത്തെ നിർമ്മാണ വസ്തുക്കൾ ഇന്ന് തീർത്തും ഉപയോഗശൂന്യമായ വസ്തുക്കളാണെന്നും റിപ്പോർട്ട് പറയുന്നു. അണക്കെട്ട് തകർന്നാൽ 35 ലക്ഷം പേർ അപകടത്തിലാകും. അതിർത്തി സംസ്ഥാനങ്ങളായ കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്ക വിഷയമാണിതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി പിന്നിട്ടു. ഇതോടെ ആദ്യ അറിയിപ്പ് നൽകി. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പിൽവേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം തമിഴ്‌നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് കേന്ദ്രസർക്കാരിനും കത്തയച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഡാം തുറക്കേണ്ടി വന്നാൽ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും കണ്ടെത്തി. മുല്ലപ്പെരിയാർ തുറന്നാലുള്ള വെള്ളം നിലവിൽ ഇടുക്കി ഡാമിന് ഉൾക്കൊള്ളാനാകുമെന്നും റോഷി അഗസ്റ്റിൻ അറിയിച്ചു.