തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ ആശങ്ക വേണ്ടെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ്. ഡാമിലെ സ്ഥിതി ഓരോ മണിക്കൂറിലും വിലയിരുത്തുന്നുണ്ട്.

കേന്ദ്ര ജലകമ്മീഷന്റെയും മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടേയും ചെയർമാന്മാരോട് നടപടികൾ ആവശ്യപ്പെട്ടു. തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായും ബന്ധപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ജലനിരപ്പ് ഉയർന്നതിനു പിന്നാലെ കൂടുതൽ ജലം കൊണ്ടുപോകണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തെഴുതി.

ചീഫ് സെക്രട്ടറിയുടെ വാർത്താകുറിപ്പ്:

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ലഭ്യമായ മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ നടപടികൾ മഴക്കാലം തുടക്കം മുതൽ ചെയ്തു വരുന്നു. കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ കണക്കിലെടുത്ത് 16.10.2021 തീയതി മുതൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രവർത്തനം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്തുകയും തമിഴ്‌നാടുമായി ഉദ്യോഗസ്ഥ തലത്തിലും സർക്കാർ തലത്തിലും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനായി നിരന്തരം ആശയവിനിമയം നടത്തി വരുന്നു. കൂടാതെ ചീഫ് സെക്രട്ടറി തലത്തിൽ കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ, മുല്ലപ്പെരിയാർ മേൽനോട്ട സമിതി ചെയർമാൻ, തമിഴ്‌നാട് ചീഫ് സെക്രട്ടറി എന്നിവരോടും മേൽ വിഷയത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അടിയന്തിരമായി ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ കേരള മുഖ്യമന്ത്രി തമിഴ് നാട് മുഖ്യമന്ത്രിക്ക് എഴുതിയിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് മഴ മൂലം 24.10.2021 തീയതി രാത്രി 9 മണിക്ക് 136.95 അടിയായി ഉയർന്നിട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മുല്ലപ്പെരിയാറിൽ നിന്നും തമിഴ്‌നാട്ടിലേക്ക് ടണൽ വഴി കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് 16.10.201 തീയതിയിൽ 1300 ക്യുസെക്ക്‌സ് എന്നത് 24.10.2021 തീയതിയിൽ പൂർണ്ണ ശേഷിയായ 2200 ക്യുസെക്‌സിലേക്ക് ഉയർത്തിയിട്ടുണ്ട്. കൂടാതെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി അധികജലം പുറത്തേയ്ക്ക് ഒഴുക്കേണ്ട സാഹചര്യമുണ്ടായാൽ 24 മണിക്കൂർ മുൻപുതന്നെ അറിയിപ്പ് ലഭ്യമാക്കാൻ തമിഴ്‌നാട് സർക്കാരിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജലനിരപ്പ് 136 അടിയിൽ എത്തിയപ്പോൾ 23.10.2021 തീയതിയിൽ തമിഴ്‌നാട് ഒന്നാം മുന്നറിയിപ്പ് സന്ദേശം ലഭ്യമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി 2018 ലെ ഇടക്കാല ഉത്തരവിൽ കേരളത്തിലെ പ്രളയ സാഹചര്യം നിയന്ത്രിക്കുന്നതിനായി അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് ക്രമീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. ബഹുമാനപ്പെട്ട കോടതിയിൽ നാളെ പരിഗണിക്കാനിരിക്കുന്ന കേസിന്റെ ഭാഗമായി, 139 അടിയിലേക്ക് ജലനിരപ്പ് ക്രമീകരിക്കാനുള്ള ഉത്തരവിനായി അപേക്ഷ സമർപ്പിക്കുന്നതാണ്. ആയതിനാൽ സ്ഥിതിഗതികൾ വിലയിരുത്തിയതിൽ നിന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലായെന്ന് അറിയിക്കുന്നു.