ന്യൂഡൽഹി: കേരളത്തിലും തമിഴ്‌നാട്ടിലും കുറച്ചുകാലം മുമ്പ് സജീവ ചർച്ചാവിഷയമായിരുന്നു മുല്ലപ്പെരിയാർ വിഷയം. ഇപ്പോൾ വീണ്ടുമൊരു തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോൾ മുല്ലപ്പെരിയാർ വിഷയം വീണ്ടും സജീവമാകുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട 1886 ലെ കേരളവും തമിഴ്‌നാടും തമ്മിലുള്ള കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഈ നടപടിയാണ് മുല്ലപ്പെരിയാർ വിഷയം വീണ്ടും സജീവമാക്കി നിർത്തുന്നത്.

ഭരണഘടനാ ബെഞ്ചിന്റെ നിർദ്ദേശങ്ങൾ തമിഴ്‌നാട് സർക്കാർ ലംഘിച്ചതിനാൽ പാട്ടക്കരാർ റദ്ദാക്കാൻ കേരളത്തിന് അവകാശമുണ്ടെന്ന് വാദിച്ചുകൊണ്ട് നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ഹർജിയിൽ ഏപ്രിൽ 22 ന് സുപ്രീംകോടതി വിശദമായ വാദം കേൾക്കും.

1886 ഒക്ടോബർ 29 ലെ പാട്ടക്കരാർ റദ്ദാക്കാൻ കേരള സർക്കാരിനോട് ആവശ്യപ്പടണമെന്നാവശ്യപ്പെട്ട് സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടനയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 2014 ലെ സുപ്രീം കോടതി ഉത്തരവിലെ പല നിർദ്ദേശങ്ങളും തമിഴ്‌നാട് സർക്കാർ പാലിച്ചിട്ടില്ല. അതിനാൽ പാട്ടക്കരാർ റദ്ദാക്കാൻ കേരളത്തോട് നിർദ്ദേശിക്കണമെന്ന് ഹർജിയിൽ പറയുന്നു.

അഭിഭാഷകൻ വിൽസ് മാത്യു ആണ് ട്രസ്റ്റിനു വേണ്ടി കോടതിയിൽ ഹാജരായത്. മുല്ലപ്പെരിയാറിൽ കേരളവും തമിഴ്‌നാടും തമ്മിലുള്ളത് സ്വകാര്യപാട്ടക്കരാറാണ്. അതിനാൽ വ്യവസ്ഥകളിൽ ലംഘനമുണ്ടായാൽ കരാർ റദ്ദാക്കാൻ കേരളത്തിന് അവകാശമുണ്ടെന്ന് അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.