മുംബൈ: കനത്ത മഴ തുടരുന്ന് മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുംബൈ നഗരത്തിലെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ വെള്ളം പമ്പ് ചെയ്ത് നീക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

കൊങ്കൺ കിനാർപറ്റി, മുംബൈ എന്നിവിടങ്ങളിൽ ഇന്നും അടുത്ത നാല് ദിവസവും കനത്ത മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. അടുത്ത നാല് ദിവസത്തേക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുംബൈ മുൻസിപ്പൽ കോർപ്പറേഷനിലെ ദുരന്തനിവാരണ സേനയുടെ കൺട്രോൾ റൂം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മഴയും വെള്ളക്കെട്ടും കാരണം ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ എല്ലാവിധ സജ്ജീകരണങ്ങളും ഉറപ്പാക്കാൻ മുഖ്യമന്ത്രി ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി.

തെലങ്കാന, ആന്ധപ്രദേശ്, ഒഡിഷ , പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും അടുത്തദിവസം കനത്ത മഴ ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.