കോഴിക്കോട്: പട്ടർ പാലം എലിയോറമല സംരക്ഷണ സമിതി വൈസ് ചെയർമാനും ബിജെപി പ്രവർത്തകനുമായ ഷാജി (40)യെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ് ഡി പി ഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മായനാട് നടപ്പാലം പുനത്തിൽ വീട്ടിൽ അബ്ദുള്ള (38), പൂവ്വാട്ട് പറമ്പ് ചായിച്ചം കണ്ടി വീട്ടിൽ അബ്ദുൾ അസീസ് (34)എന്നിവരെ സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്ജിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ ചേവായൂർ ഇൻസ്പെക്ടർ ടി.പി ശ്രീജിത്തും നോർത്ത് അസിസ്റ്റൻറ് കമ്മീഷണർ കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.

2019 ഒക്ടോബർ പന്ത്രണ്ടിനാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം രാത്രി എട്ടേമുക്കാലോടെ പട്ടർപാലത്തു നിന്നും ഒട്ടോ ഡ്രൈവറായ ഷാജിയെ വധിക്കണമെന്ന ഉദ്ദേശത്തോട് കൂടി പ്രതികൾ ആസൂത്രണം ചെയ്ത് രണ്ടാം പ്രതി ഓട്ടോയിൽ പറമ്പിൽ ബസാറിലേക്ക് ഉള്ള യാത്രക്കാരനാണെന്ന വ്യാജേന കയറി ചേളന്നൂർ, മൂട്ടോളി, പൊട്ടമുറി വഴി കൊണ്ടുപോവുകയും, കണ്ണങ്കര ഭാഗത്ത് വഴിയിൽ പൾസർ ബൈക്കിൽ കാത്തിരുന്ന ഒന്നും മൂന്നും പ്രതികൾ ഓട്ടോയെ പിന്തുടരുകയും ചെയ്തു. തിരക്കഥ അനുസരിച്ച് പറമ്പിൽ ബസാർ - മല്ലിശ്ശേരിത്താഴത്തിനടുത്ത് തയ്യിൽ താഴം കനാലിന്റെ അരികിലെത്തിക്കുകയും ഓട്ടോ ഇറങ്ങി പണം നൽകുന്ന വ്യാജേന ഷാജിയുടെ മുഖത്തിടിക്കുകയും, പിന്നാലെ ബൈക്കിലെത്തിയവർ കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് തലക്ക് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. അക്രമിക്കുന്നതിനിടയിൽ ഓട്ടോയുടെ ചില്ല് പൊട്ടുകയും ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടിൽ നിന്നും, സി പി എമ്മിന്റെ പാർട്ടി ഓഫീസിൽ നിന്നും ആളുകൾ ഓടിക്കൂടുമ്പോഴേക്കും വണ്ടിയെടുത്ത് മൂവരും രക്ഷപ്പെടുകയായിരുന്നു.

ആദ്യത്തെ ഇടിയിൽ തന്നെ നാലോളം പല്ലുകൾ നഷ്ടപ്പെടുകയും തലക്ക് മാരകമായ മുറിവേൽക്കുകയും ചെയ്തു. ആളുകൾ ഓടിക്കൂടിയതുകൊണ്ട് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. എലിയാറ മല സംരക്ഷണ സമിതി വൈസ് ചെയർമാനായ ഷാജി ക്വാറിക്കെതിരെ നാട്ടുകാരെ സംഘടിപ്പിക്കുന്നതിൽ തുടക്കം മുതൽ മുതലേ മുന്നിലുണ്ടായിരുന്നു ഒളവണ്ണ കള്ളികുന്ന സ്വദേശികളായ ഹസ്സനും എസ്ഡിപിഐ പ്രവർത്തകരായ മക്കളും ക്വാറിയുടെ നടത്തിപ്പ് ഏറ്റെടുത്തത് മുതൽ പലപ്പോഴായി ക്വാറി വിഷയം കയ്യാങ്കളിയിൽ എത്തിയിരുന്നു. ഈ കാലയളവിൽ അത്തോളി സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് ആറോളം കേസുകൾ രജിസ്റ്റർ ചെയ്യുകയുമുണ്ടായി. ഇവർക്ക് മുമ്പ് ക്വാറി നടത്തിയവർ സമരസമിതിക്കാരുടെ പ്രതിഷേധത്താൽ പിൻ മാറി പോയെങ്കിലും ഹസനും മക്കളും പിന്മാറാൻ ഒരുക്കമല്ലായിരുന്നു 2019ജൂലൈ 29 തീയതി ഇപ്പോഴത്തെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പങ്കെടുത്ത ക്വാറി വിരുദ്ധ പൊതുയോഗത്തോടനുബന്ധിച്ച് ഹസ്സൻ താമസിക്കുന്ന ക്വാറിക്ക് സമീപമുള്ള വീടിനു നേരെ ആക്രമണമുണ്ടാവാൻ സാധ്യതയുണ്ടെന്ന് എസ്ഡിപിഐ പ്രവർത്തകർ പ്രാദേശിക നേതൃത്വത്തെ അറിയിച്ചു. അവർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരുടെ സഹായം തേടുകയും പ്രവർത്തകർ അന്നേദിവസം സംരക്ഷണത്തിനുവേണ്ടി സംഘടിച്ചെത്തുകയും ചെയ്തു.

എന്നാൽ പൊലീസ് ഇടപെട്ട് പ്രവർത്തകരെ പിരിച്ചുവിട്ടു അതേസമയം പട്ടർ പാലം അങ്ങാടിയിൽ വച്ച് ഇവരുടെ കൂടെ വന്ന അന്നത്തെ പി എഫ് ഐ ഏരിയാ പ്രസിഡന്റുമായി ബിജെപി പ്രവർത്തകർ ഉന്തുംതള്ളും ഉണ്ടാവുകയും പൊലീസ് ഇടപെട്ട് പ്രവർത്തകനെ സ്റ്റേഷനിലേക്ക് മാറ്റി കരുതൽ തടങ്കലിൽ വെച്ച് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇരുകൂട്ടരും വിഷയം സ്റ്റേഷനിൽ വെച്ച് ഒത്തുതീർപ്പാക്കുകയും ചെയ്തു.
എന്നാൽ ബിജെപി പ്രവർത്തകർ ആക്രമിച്ചു എന്നും സ്കൂട്ടർ നശിപ്പിച്ചു എന്നും ആയതിന് പകരം ചോദിക്കണമെന്നും ഒരു വിഭാഗം പ്രവർത്തകർ ശക്തമായി വാദിച്ചു. അന്നത്തെ ഡിവിഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ വിഷയം ഏറ്റെടുക്കുകയും അന്നത്തെ ജില്ലാ കമ്മിറ്റി അംഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.

കോഴിക്കോട് സിറ്റിയിലെ യും പരിസരപ്രദേശങ്ങളിലും പി എഫ് ഐ രൂപീകരണത്തിനുശേഷം ഉണ്ടായതിൽ ഏറ്റവും ഗൗരവമായ കേസുകളിൽ പെട്ട ഒരു കേസായിരുന്നു ഇത്. അതുകൊണ്ടുതന്നെ സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജിന്റെ നിർദ്ദേശപ്രകാരം നോർത്ത് അസിസ്റ്റൻറ് കമ്മീഷണർ അഷറഫ് കെയുടെ നേതൃത്വത്തിൽ ഉടൻതന്നെ വിദഗ്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണസംഘം രൂപീകരിക്കുകയുണ്ടായി. ശാസ്ത്രീയമായ എല്ലാവിധ സാധ്യതകളെയും ഉപയോഗിച്ച് നീണ്ട 11 മാസങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.

പിടിക്കപ്പെടാതിരിക്കാൻ മൊബൈൽഫോൺ പരമാവധി ഒഴിവാക്കിയും ഓപ്പറേഷൻ സമയത്ത് പൂർണ്ണമായും സ്വിച്ച് ഓഫ് ചെയ്തും വളരെ ആസൂത്രിതമായിട്ടാണ് കൃത്യം നടത്തിയത്. തുടക്കം മുതൽ ഷാജിയുടെ വ്യക്തിപരമായ കാര്യങ്ങളുമുയർത്തി കേസ് വഴിതിരിച്ചുവിടാൻ പോപ്പുലർ ഫ്രണ്ടുകാർ മനപ്പൂർവ്വം നീക്കങ്ങൾ നടത്തിയിരുന്നു. അന്വേഷണത്തിന് ഇടക്ക് കേസ് ക്രൈം ബ്രാഞ്ചിനോ സിബിഐ എൻ ഐ എ പോലുള്ള കേന്ദ്ര ഏജൻസികൾക്കോ വിടണമെന്ന് വിവിധ തലങ്ങളിൽ ആവശ്യം ഉന്നയിക്കപ്പെട്ടപ്പോഴും പരാതിക്കാരനും കുടുംബവും സ്പെഷൽ ടീമിന്റെ അന്വേഷണത്തിൽ പൂർണ്ണ തൃപ്തി അറിയിക്കുകയായിരുന്നു .പഴുതടച്ചുള്ള പൊലീസിന്റെ മികവുറ്റ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റിലേക്ക് എത്തുന്നത്. അബ്ദുള്ള പോപ്പുലർ ഫ്രണ്ടിന്റെ അയോധനകല പരിശീലകനാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉള്ള പ്രവർത്തകർക്ക് 'ഫിറ്റ്നസ് ക്ലാസ്സ് ' എന്ന പേരിൽ നടത്തുന്ന കായിക പരിശീലനത്തിന്റെ എണ്ണംപറഞ്ഞ 'ട്രെയിനർ 'മാരിൽ ഒരാളാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. മറ്റുപ്രതികളും സംഘടനയിലെ ഈ വിങ്ങുമായി ബന്ധപ്പെട്ടവർ തന്നെയാണെന്നാണ് പൊലീസിന് ലഭിച്ച സൂചന.

അന്വേഷണത്തിന്റെ ഭാഗമായി ഒന്നേകാൽ ലക്ഷത്തോളം ഫോൺ നമ്പറുകൾ വിശകലനം ചെയ്തു. ആയിരത്തിലധികം വാഹനങ്ങൾ വെരിഫൈ ചെയ്തു, നൂറിലധികം പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്ത് ലക്ഷ്യത്തി ലെത്തിയ ലോക്കൽ പൊലീസ് ഈ അടുത്ത കാലത്ത് അന്വേഷിച്ച സുപ്രധാന കേസാണിത്. പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രം അല്ലാത്ത പട്ടർ പാലത്ത് വെച്ച് തിരിച്ചടി നൽകിയാൽ പ്രാദേശിക പ്രവർത്തകർക്ക് ഭീഷണിയാകുമെന്ന തിരിച്ചറിവാണ് 12 കിലോമീറ്റർ ദൂരെയുള്ള മറ്റൊരു പ്രദേശം കൃത്യത്തിനായി തിരഞ്ഞെടുത്തത്. അതിനായി ഷാജിയെ ആഴ്ചകളോളം നിരീക്ഷിച്ച ആക്രമികൾ രാത്രി വൈകിയും പട്ടർ പാലം അങ്ങാടിയിൽ ഉണ്ടാകുന്ന ഏക ഓട്ടോ ഷാജിയുടെ താണെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അനുനയത്തിൽ ഷാജിയെ വിളിച്ചു കൊണ്ടു പോയതും കൃത്യം നിർവഹിച്ചതും. സംഘടനയുടെ ജില്ലാ നേതൃത്വത്തിലേക്ക് അന്വേഷണം നീളുന്നതായി പൊലീസ് സൂചന നൽകി.

പ്രതികൾ കൃത്യം നിർവഹിച്ചതിനു ശേഷം മെഡിക്കൽ കോളേജിൽ എത്തി അവിടെ കാത്തുനിന്ന ഗൂഢാലോചനയിൽ മുഖ്യപങ്കുവഹിച്ച പ്രവർത്തകനെ വിവരമറിയിക്കുകയും അയാൾ ഡിവിഷൻ ഭാരവാഹിയെ വിവരമറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ അയാൾ ഷാജി മരിച്ചോ എന്ന് ഉറപ്പുവരുത്തുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ രോഗം അഭിനയിച്ച് സന്ദർശിക്കുകയുണ്ടായി .അയാളെ കുറിച്ചും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ജില്ലയിലെയും പുറത്തുമുള്ള നിരവധി പ്രധാനപ്പെട്ട കേസുകളിൽ അന്വേഷണസംഘത്തിലെ ഭാഗമായിട്ടുള്ള സേനാംഗങ്ങൾ അടങ്ങുന്നതാണ് നിലവിലെ അന്വേഷണ സംഘം.