കാഞ്ചീപുരം: ഞായറാഴ്ച രാത്രി 10.30. ആരോ മോസസിനെ വീടിന് പുറത്തേക്ക് വിളിച്ചു. കൂട്ടുകാരെ കാണാൻ പോകുകയായിരിക്കും എന്നാണ് അച്ഛൻ ജ്ഞാന രാജ് യേശുദാസ് കരുതിയത്. മാലൈ തമിഴകം പത്രത്തിന്റെ റിപ്പോർട്ടറാണ് യേശുദാസൻ. മകൻ ജി. മോസസ് തമിഴൻ ടിവി റിപ്പോർട്ടറും. ശ്രീപെരുമ്പുതുർ, കുണ്ട്രത്തൂർ മേഖലകളിലാണ് മോസസ് റിപ്പോർട്ട് ചെയ്യാറുള്ളത്. താമസം കുണ്ട്രത്തൂർ സോമംഗലത്തിന് അടുത്ത് പുതുനല്ലൂർ ഗ്രാമത്തിലും.

വീടിന് അടുത്തുതന്നെയുള്ള തടാകക്കരയിലേക്കാണ് മോസസിനെ അവർ കൂട്ടിയത്. തടാകക്കരയിൽ എത്തിയപ്പോൾ കൂട്ടിയവരുടെ ഭാവം മാറി. കൂട്ടത്തോടെ അരിവാളെടുത്ത് തലങ്ങും വിലങ്ങും ആക്രമണം. അലറി വിളിച്ചുകൊണ്ട മോസസ് വീട്ടിലേക്ക് ഓടി. പിന്നാലെ അക്രമികളും. വീടിന് മുന്നിൽ വച്ച് വീണ്ടും ആക്രമണം. നിലവിളി കേട്ട് അച്ഛനും അയൽക്കാരുമൊക്കെ പുറത്തുവന്നപ്പോഴേക്കും ചോരപ്പുഴയിൽ മോസസ് കിടക്കുന്നതാണ് കണ്ടത്. അക്രമികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ക്രോമപേട്ട് സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ചീപുരം ജില്ലാ സൂപ്രണ്ട് ഡി.ഷണ്മുഖപ്രിയനും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.

കൊലപാതകത്തിന് പിന്നിൽ

തടാകക്കരയിലെ പുറമ്പോക്ക് ഭൂമി ഒരുകൂട്ടം സാമൂഹിക വിരുദ്ധർ കൈയറിയിരുന്നു. ഈ പുറമ്പോക്ക് ഭൂമി അനധികൃതമായി വിൽക്കാനായിരുന്നു അവരുടെ ശ്രമം. ഇവിടെ അവർ പടുത്തുയർത്തിയ നിർമ്മാണം സ്ഥലവാസികൾ ചേർന്ന് തകർത്തുകളഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. പൊലീസ് സ്റ്റേഷനിൽ പരാതി എത്തുകയും അനധികൃത കയ്യേറ്റക്കാർക്കെതിരെ നടപടി വരികയും ചെയ്തു. ഇതോടെ ഈർഷ്യ പകയായിമാറി. അച്ഛനും മകനുമാണ് സ്ഥലവാസികളെ നയിക്കുന്നതെന്നായിരുന്നു ഭൂമി മാഫിയയുടെ വിശ്വാസം. ഇതോടെ, എങ്ങനെയും എതിരാളികളെ തകർക്കാൻ അവർ തീരുമാനിച്ചു. പ്രദേശത്തെ തടാകത്തിന് അടുത്തുള്ള സർക്കാർ ഭൂമി കയ്യേറുന്ന ഭൂമാഫിയക്കെതിരെ മോസസ് നിരന്തരം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്.

സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്തതായും കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അട്ടൈ എന്ന വെങ്കിടേശ്വരൻ(18) നവമണി(26) വിഘ്‌നേഷ്(19) മനോജ്(19) എന്നിവരാണ് അറസ്റ്റിലായത്

മോസസ് നിർഭയനായ റിപ്പോർട്ടർ

ഭൂമാഫിയയ്ക്ക് എതിരെ മാത്രമല്ല കുണ്ട്രത്തൂരിലെ കഞ്ചാവ് മാഫിയയ്ക്ക് എതിരെയും മോസസ് അന്വേണാത്മക റിപ്പോർട്ടുകൾ നൽകിയിരുന്നു. പ്രാദേശിക പ്രശ്‌നങ്ങളെങ്കിലും, മാഫിയകളെ ചൊടിപ്പിക്കുന്ന റിപ്പോർട്ടുകളായിരുന്നു ഏറെയും. നേരത്തെ തന്നെ മോസസിനെതിരെ വധഭീഷണികൾ ഉയർന്നിരുന്നു. കൊലപാതകത്തെ തുടർന്ന് സോമംഗലം പൊലീസ് പിടികൂടിയവരും അനധികൃത ഭൂമി കച്ചവടത്തിലും കഞ്ചാവ് വിൽപ്പനയിലും ഉൾപ്പെട്ടവരാണ്.

തമിഴൻ ചാനലിൽ സിറപ്പ് പാർവൈ( സ്‌പെഷ്യൽ ഫോക്കസ്) എന്ന പേരിൽ മോസസിന്റെ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടുകൾക്ക് കാഴ്ചക്കാരേറെയയാിരുന്നു. മേഖലയിലെ സാമൂഹിക വിരുദ്ധരെ തുറന്നുകാണിക്കാൻ അണ്ടർ കവർ ഓപ്പറേഷനുകളിൽ വിദഗ്ധനായിരുന്നു. കഴിഞ്ഞാഴ്ച മേഖലയിലെ ഒരു കഞ്ചാവ് സംഘത്തെ കുറിച്ച് മോസസിന്റെ റിപ്പോർട്ട് കൂടി വന്നതോടെ വീണ്ടും വധഭീഷണി ഉയർന്നിരുന്നു.

മോസസിന്റെ കൊലപാതകത്തെ കുറിച്ച് തമിഴൻ ടിവിയുടെ ചീഫ് റിപ്പോർട്ടറും വർക്കിങ് ജേണലിസ്റ്റ്‌സ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റുമായ സാഗയ്യരാജ് പറയുന്നത് ഇങ്ങനെ: ' ഞായറാഴ്ച രാത്രി മോസസ് വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ വഴി ചോദിച്ച് ചിലർ അതുവഴി വന്നു. പിന്നീട് കേട്ടത് മോസസിന്റെ നിലവിളിയാണ്. അച്ഛൻ യേശുദാസൻ പുറത്തിറങ്ങി നോക്കുമ്പോൾ ഒരുസംഘം മോസസിനെ അരിവാൾ ഇപയോഗിച്ച് അരിഞ്ഞുവീഴ്‌ത്തുകയായിരുന്നു. അച്ഛൻ പുറത്തുവന്നത് കണ്ട സംഘം ഓടി രക്ഷപ്പെട്ടു'

തലയ്ക്കും കൈകൾക്കുമാണ് ഗുരുതര പരിക്കേറ്റത്. രക്തം വാർന്നായിരുന്നു മരണം. മേഖലയിൽ സംഭവിക്കുന്ന കാര്യങ്ങൾ മകൻ മുഖം നോക്കാതെ റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് അച്ഛൻ യേശുദാസൻ പറഞ്ഞു. ഒരുസംഘത്തിന്റെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. അവൻ അവിടെ പോയി അത് റിപ്പോർട്ട് ചെയ്തു. അന്നു മുതൽ പ്രശ്‌നങ്ങൾ തുടങ്ങി. കഴിഞ്ഞാഴ്ച ഇതേ സംഘം കഞ്ചാവ് വിൽപ്പനയും നടത്തുന്നതായി റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് വധഭീഷണികൾ ശക്തമായി. പൊലീസ് സ്‌റ്റേഷനിൽ പോയി ഭീഷണിയുണ്ടെന്ന് പറഞ്ഞു. എന്നാൽ രേഖാമൂലം പരാതി നൽകിയിരുന്നില്ല. ഇതാണ് ആക്രമണത്തിന് കാരണം, യേശുദാസൻ പറഞ്ഞു.

എന്നാൽ, പൊലീസ് ഇക്കാര്യം അന്വേഷിക്കുന്നതിൽ അനാസ്ഥ കാട്ടി എന്നാണ് സാഗയ്യ രാജ് പറയുന്നത്. കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അടുത്ത ബന്ധുക്കളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരുടെ സംരക്ഷണത്തിനായി തമിഴ്‌നാട് സർക്കാർ നിയമം പാസാക്കണമെന്ന ആവശ്യവും സാഗയ്യ രാജ് മുന്നോട്ട് വച്ചു. തമിഴ്‌നാട് വിമൻസ് ഫോറവും പൊലീസ് അനാസ്ഥ കാട്ടിയെന്ന് കുറ്റപ്പെടുത്തി.