ന്യൂഡൽഹി: അഞ്ചലിൽ, വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ സൂരജ് വകവരുത്തിയത് കേരളത്തെ ഞെട്ടിച്ച സംഭവമാണ്. ഈ കേസിൽ നിർണായകമായേക്കാവുന്ന ഒരു വിധി ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ചു. 2019 ൽ രാജസ്ഥാനിൽ വലിയ വാർത്തയായ സംഭവത്തിലാണ് കോടതി വിധി. മരുമകൾ അമ്മായിഅമ്മയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഇല്ലാതാക്കിയെന്ന കേസിൽ പ്രതിക്ക് ജാമ്യം നൽകാൻ കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസ് സൂര്യകാന്ത് ഇങ്ങനെ നിരീക്ഷിച്ചു:' പാമ്പാട്ടികളിൽ നിന്ന് വിഷപ്പാമ്പുകളെ വാങ്ങി ഒരാളെ കടിപ്പിച്ച് കൊല്ലുന്നത് ട്രെൻഡായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് രാജസ്ഥാനിൽ ഇത് സാധാരണമായിരിക്കുന്നു'.

അവിഹിത ബന്ധം മറയ്ക്കാൻ മരുമകളുടെ ക്രൂരത

രാജസ്ഥാനിലെ ജുഞ്ജ്ഹുനു ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. മരുമകൾ അൽപനയ്ക്ക് ജയ്പൂർ സ്വദേശിയായ മനീഷുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. അൽപനയും, അമ്മായിഅമ്മ സുബോധ് ദേവിയും ഒരുമിച്ചായിരുന്നു താമസം. അൽപനയുടെ ഭർത്താവ് സച്ചിൻ സൈന്യത്തിലായിരുന്നു. സുബോധ് ദേവിയുടെ ഭർത്താവ് രാജേഷും ജോലിക്കായി മറ്റൊരിടത്തായിരുന്നു.

2018 ഡിസംബർ 12 നാണ് സച്ചിനും അൽപനയും വിവാഹിതരായത്. ഭർത്താവ് സച്ചിൻ സൈനിക ജോലിക്കായി പോയതോടെയാണ് അൽപനമനീഷുമായി വിവാഹേതര ബന്ധം പുലർത്തിയത്. സുബോധ് ദേവി ഈ ബന്ധം അറിയുകയും അതു വിലക്കുകയും ചെയ്തു. മരുമകൾ എപ്പോഴും ഫോൺ വിളിച്ചുകൊണ്ടിരിക്കുന്നതിനെയും അവർ ചോദ്യം ചെയ്തു. പ്രണയകഥയിൽ അമ്മായിയമ്മ തടസ്സമെന്ന് കണ്ടതോടെ അൽപനയും കാമുകൻ മനീഷും സുബോധ് ദേവിയെ വകവരുത്താൻ തീരുമാനിച്ചു. സൂരജിനെ പോലെ ഒരിക്കലും പിടിയിലാവരുതെന്ന കണക്കുകൂട്ടലിലാണ് പദ്ധതി ആസൂത്രണം ചെയ്തത്.

2019 ജൂൺ 2 ന് സുബോധ് ദേവിയെ പാമ്പ് കടിയേറ്റു മരിച്ചു. തുടർന്ന് അൽപനയുടെ സമീപനത്തിൽ സംശയം തോന്നിയ സുബോധ് ദേവിയുടെ ബന്ധുക്കൾ ഒന്നര മാസത്തിനു ശേഷം പൊലീസിൽ പരാതി നൽകുകയും ചെയ്തു. അവർ ചില തെളിവുകളും നൽകി. അൽപനയുടെയും മനീഷിന്റെയും ഫോൺ നമ്പറുകൾ വീട്ടുകാർ പൊലീസിന് നൽകി. പൊലീസ് രേഖകൾ അനുസരിച്ച്, സംഭവദിവസമായ ജൂൺ 2 ന് അൽപനയും മനീഷിനും തമ്മിൽ 124 കോളുകളും അൽപനയും സുഹൃത്തായ കൃഷ്ണ കുമാറും തമ്മിൽ 19 കോളുകൾ ചെയ്തെന്നും കണ്ടെത്തി.

സുബോധ് ദേവിയുടെ കൊലപാതകത്തിൽ അൽപന, മനീഷ്, അവരുടെ സുഹൃത്ത് കൃഷ്ണ കുമാർ എന്നിവർക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. മൂന്ന് പ്രതികളും 2020 ജനുവരി 4 ന് അറസ്റ്റിലായി ജയിലിലാണ്. ഈ കേസിലെ പ്രതിയായ കൃഷ്ണകുമാറാണ് ജാമ്യാപേക്ഷയുമായി കോടതി സമീപിച്ചത്. മുഖ്യപ്രതിയോടൊപ്പം കൃഷ്ണകുമാർ പാമ്പുകച്ചവടക്കാരുടെ അടുത്ത് പോയി 10,000 രൂപയ്ക്ക് പാമ്പിനെ വാങ്ങിയെന്നാണ് ആരോപണം. അതേസമയം, കൃഷ്ണകുമാറിനെതിരെ നേരിട്ടുള്ള തെളിവുകൾ ഇല്ലെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും കോടതിയിൽ വിലപ്പോയില്ല. തന്റെ സുഹൃത്ത് വിഷത്തിന് വേണ്ടിയാണ് പാമ്പിനെ വാങ്ങുന്നതെന്ന് അറിയില്ലായിരുന്നുവെന്നും മരുന്നിന്റെ ആവശ്യത്തിനെന്നാണ് മനീഷ് പറഞ്ഞിരുന്നത് എന്നുമായിരുന്നു വാദം. പാമ്പുമായി അൽപനയുടെ വീട്ടിലേക്ക് പോയിട്ടില്ലെന്നും, എഞ്ചിനീയറിങ് വിദ്യാർത്ഥി എന്നത് കണക്കിലെടുത്ത് ഭാവിയെ കരുതി ജാമ്യം അനുവദിക്കണമെന്നും വാദിച്ചെങ്കിലും ഫലം ഉണ്ടായില്ല.

ഉത്ര കൊലക്കേസ്

2018 മാർച്ച് 25നായിരുന്നു സൂരജ് -ഉത്ര വിവാഹം. സ്വത്ത് തട്ടിയെടുക്കാനായി ഉത്രയെ കൊലപ്പെടുത്താൻ സൂരജ് ആദ്യ ശ്രമം നടത്തിയത് 2020 ഫെബ്രുവരിയിലായിരുന്നു. അന്ന് അടൂരിലെ സൂരജിന്റെ വീട്ടിലെ സ്റ്റെയർകേസിനു സമീപത്തുവച്ച് അണലിയെ കൊണ്ട് കടിപ്പിക്കാനുള്ള ശ്രമം പാളി. തൊട്ടടുത്ത മാസം അടൂരിലെ വീട്ടിൽ ഗുളികകൾ നൽകി ഉത്രയെ മയക്കിയശേഷം കാലിൽ അണലിയെ കൊണ്ട് കടിപ്പിച്ചു. അന്ന് ഗുരുതരാവസ്ഥയിലായെങ്കിലും രക്ഷപ്പെട്ടു. ഏപ്രിൽ 22 ന് ആശുപത്രിയിൽ നിന്നു ഡിസ്ചാർജായി ഉത്ര അഞ്ചലിലെ വീട്ടിലെത്തി. മെയ്‌ ആറിന് ഗുളികകൾ കൊടുത്ത് മയക്കിയശേഷം ഉത്രയുടെ ഇടതുക്കൈത്തണ്ടയിൽ രണ്ട് തവണ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.