ചണ്ഡീഗഡ്: ഋതുമതിയെങ്കിൽ 18 വയസ് തികഞ്ഞില്ലെങ്കിലും ഒരു മുസ്ലിം പെൺകുട്ടിക്ക് ആരെയും വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. ഇസ്ലാമിക വിശ്വാസവും മുസ്ലിം വ്യക്തി നിയമവും ഇതിന് അനുവാദം നൽകുന്നു എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

2021 ജനുവരി 21 ന് മുസ്ലിം ആചാരപ്രകാരം വിവാഹിതരായ 36 കാരനും 17 വയസ്സുള്ള പെൺകുട്ടിയും സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ്കോടതിയുടെ നിരീക്ഷണം. ബന്ധുക്കളുടെ എതിർപ്പിൽ നിന്ന് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ദമ്പതിമാർ കോടതിയെ സമീപിച്ചത്. മുസ്ലിം നിയമമനുസരിച്ച് 15 വയസ് തികഞ്ഞ വ്യക്തിക്ക് പ്രായപൂർത്തിയായതായി കണക്കാക്കാമെന്നും പെൺകുട്ടിക്കോ ആൺകുട്ടിക്കോ രക്ഷിതാക്കളുടെ ഇടപെടൽ കൂടതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാവാമെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.

പെൺകുട്ടിയുടെ വിവാഹത്തിനുള്ള സ്വാതന്ത്ര്യം മുസ്ലിം വ്യക്തിനിയമപരിധിയിൽ പെടുന്നതാണെന്നും കുടുംബാംഗങ്ങൾക്ക് വിവാഹത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും കുടുംബാംഗങ്ങളുടെ എതിർപ്പുള്ളതു കൊണ്ടു മാത്രം ദമ്പതിമാർക്ക് നിയമം ഉറപ്പു നൽകുന്ന മൗലികാവകാശം നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും വിവിധ കോടതി വിധികളും അടിസ്ഥാനപ്പെടുത്തിയായിരുന്നു ഹൈക്കോടതിയുടെ വിധി പ്രസ്താവം. താത്പര്യമുള്ള വ്യക്തിയുമായി വിവാഹക്കരാറിലേർപ്പെടാൻ ഋതുമതിയായ പെൺകുട്ടിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സർ ദിൻഷാ ഫർദുൻജി മുല്ലയുടെ മുഹമ്മദീയൻ നിയമതത്വങ്ങൾ(Principles of Mohammedan Law)എന്ന പുസ്തകത്തിലെ 195-ാം വകുപ്പ് പരാമർശിച്ച് കോടതി ചൂണ്ടിക്കാട്ടി.

സ്ഥിരബുദ്ധിയില്ലാത്തവർ, പ്രായപൂർത്തിയാകാത്തവർ എന്നിവരുടെ വിവാഹക്കരാറിലേർപ്പെടാൻ രക്ഷിതാക്കൾക്ക് അവകാശമുണ്ട്. മാനസികാരോഗ്യമുള്ളതും പ്രായപൂർത്തിയായതുമായവരുടെ പൂർണസമ്മതമില്ലാതെ നടക്കുന്ന വിവാഹത്തിന് നിയമസാധുത ഉണ്ടായിരിക്കില്ലെന്നും 195-ാം വകുപ്പിൽ പറയുന്നു. ഋതുമതിയായതായുള്ള തെളിവുകളുടെ അഭാവത്തിൽ 15 വയസ് പൂർത്തിയായ പെൺകുട്ടിയെ പ്രായപൂർത്തിയായതായി കണക്കാക്കാമെന്നും വകുപ്പ് വ്യക്തമാക്കുന്നു.

നേരത്തേയും സമാനമായ വിധികൾ ഇന്ത്യയിലെ കോടതികൾ പുറപ്പെടുവിച്ചിട്ടുണ്ട്. 2017 ജനുവരിയിൽ, പ്രായപൂർത്തിയാകാത്ത മുസ്‌ലിം പെൺകുട്ടിയെ ശരിഅത്ത് നിയമപ്രകാരം വിവാഹം കഴിക്കുന്ന പുരുഷന്മാർക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ശരിഅത്ത് നിയമപ്രകാരം ഋതുമതിയായ മുസ്‌ലിം പെൺകുട്ടിയുടെ വിവാഹം സാധുവാണെന്നും ജസ്റ്റിസ് ജി.ബി പാർദിവാല നിരീക്ഷിച്ചു. 15 വയസുള്ള മുസ്‌ലിം പെൺകുട്ടിയുമായി ഒളിച്ചോടി വിവാഹം ചെയ്ത 21കാരനായ യുവാവിനെതിരെ നടപടിയാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജിയിലായിരുന്നു കോടതി വിധി.

15 വയസ് പ്രായമുള്ള മകളെ ജെയ്‌നുലബ്ദീൻ യൂസുഫ് ഗഞ്ജി എന്ന യുവാവ് തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പിതാവിന്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ 2016 നവംബർ ജംമ്‌നാഗറിലെ ഒരു പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ ഈ പരാതി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. നവംബർ 9നാണ് ജൈനലുബ്ദീൻ പെൺകുട്ടിയുമായി ഒളിച്ചോടി വിവാഹം ചെയ്തത്. ശരിയത്ത് നിയമപ്രകാരം വിവാഹം നടത്തുകയും ഒരുമിച്ച് ജീവിതം ആരംഭിക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു കാണിച്ചാണ് പിതാവ് പരാതി എഫ്‌ഐആർ ഫയൽ ചെയ്തത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗഞ്ജി ഹൈക്കോടതിയിൽ ഹർജി നൽകുകയും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതല്ല എന്നതിനു തെളിവായി വിവാഹ ഉടമ്പടി ഹാജരാക്കുകയുമായിരുന്നു. ഇസ്‌ലാമിക നിയമപ്രകാരം ഋതുമതിയായ പെൺകുട്ടിയുമായുള്ള വിവാഹം സാധുവാണെന്ന തരത്തിൽ നേരത്തെ ഇതേ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ നിരീക്ഷണവും യുവാവ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതു പരിഗണിച്ച കോടതി യുവാവിനെതിരെ നടപടിയെടുക്കാനാവില്ലെന്നു വിധിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ നടന്നിട്ടുണ്ടോ എന്നതുസംബന്ധിച്ച് അന്വേഷിക്കാൻ പൊലീസിനു കോടതി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.