മലപ്പുറം: ഡി.സി.സി. അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസിനുള്ളിലെ തർക്കങ്ങളിൽ പ്രതികരണവുമായി മുസ്ലിംലീഗ്. ഒരു വലിയ പാർട്ടിയെന്ന നിലയിൽ കോൺഗ്രസിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാൽ അത് അഭിപ്രായ ഭിന്നതയിലേക്ക് പോകരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പാർട്ടി പരസ്യമായ വിഴുപ്പലക്കലിലേക്ക് പോകുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

വലിയ പാർട്ടിയെന്ന നിലയിൽ കോൺഗ്രസിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും, എന്നാൽ അത് അഭിപ്രായഭിന്നതയ്ക്ക് പാതയൊരുക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുൻപും കോൺഗ്രസിൽ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അത് കോൺഗ്രസ് നേതൃത്വം ചർച്ച ചെയ്തു പരിഹരിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

ആർഎസ്‌പി പോലുള്ള ഘടക കക്ഷികളുടെ നിലപാടുകൾകൂടി കോൺഗ്രസ് പരിഗണിക്കണമെന്ന് എം കെ മുനീറും ആവശ്യപ്പെട്ടു. പാർട്ടിയുടെ ആഭ്യന്തര കലഹങ്ങൾ പരിഹരിക്കാനുള്ള ശക്തി കോൺഗ്രിസിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേ സമയം ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റി നിർത്തി കോൺഗ്രസിന് മുന്നോട്ട് പോകാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.