മലപ്പുറം: എം.എസ്.എഫ് നേതാക്കൾ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ വനിത കമ്മീഷന് നൽകിയ പരാതി നേതാക്കൾ പിൻവലിക്കാത്ത സാഹചര്യത്തിൽ ഹരിത സംസ്ഥാന സമിതിയുടെ പ്രവർത്തനം മരവിപ്പിച്ച് മുസ്ലിംലീഗ്. ഗുരുതര അച്ചടക്കലംഘനം ഹരിതയിൽ നിന്നുണ്ടായെന്ന് ആരോപിച്ചാണ് മുസ്ലിം ലീഗിന്റെ നടപടി.

ഹരിത നേതാക്കൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ.വഹാബ് എന്നിവരോട് വിശദീകരണം തേടിയതായും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ലൈംഗിക അധിക്ഷേപമടക്കമുള്ള പരാതികൾ ഉന്നയിച്ച വനിതാ പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതിൽ ലീഗിനുള്ളിൽ തന്നെ അമർഷം പുകയുന്നതിനിടെയാണ് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ പ്രവർത്തനം തന്നെ ലീഗ് തത്കാലം നിർത്തിവയ്ക്കുന്നത്. വനിതകൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്ന സമീപനമല്ല മുസ്ലിം ലീഗിന്റേതെന്ന് എം.കെ മുനീർ എംഎൽഎ പ്രതികരിച്ചിരുന്നു.

വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കാനുള്ള അന്ത്യശാസനവും ഹരിത നേതാക്കൾ അവഗണിച്ചതോടെയാണ് കടുത്ത നടപടിയെന്ന തീരുമാനത്തിലേക്ക് ലീഗ് നേതാക്കൾ എത്തിയത്. ചൊവ്വാഴ്ച രാവിലെ 10 മണിക്കകം പരാതി പിൻവലിക്കണമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ ആവശ്യം. നിലവിലുള്ള ഹരിത നേതൃത്വം കഴിഞ്ഞ രണ്ട് വർഷമായി തുടരുന്നതു കൂടി പരിഗണിച്ച് ഹരിത സംസ്ഥാന സമിതി പിരിച്ചുവിടണമെന്ന ധാരണയിലാണ് പാർട്ടി നേതൃത്വം ഉള്ളതെങ്കിലും നടപടിക്കെതിരെ ഒരു വിഭാഗം മുതിർന്ന നേതാക്കൾ രംഗത്തെത്തി.

ഇ.ടി മുഹമ്മദ് ബഷീർ, എം.കെ മുനീർ, കുട്ടി അഹമ്മദ് കുട്ടി തുടങ്ങിയവർ ഹരിതയ്ക്കതിരെ ഇപ്പോൾ നടപടിയെടുക്കരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അറിയിച്ചത്. വനിതാ കമ്മീഷന് പരാതി നൽകിയ പേരിൽ പരാതിക്കാർക്കെതിരെ നടപടിയെടുത്താൽ ലീഗിനെ എതിരാളികൾ സ്ത്രീവിരുദ്ധ പാർട്ടിയായി ചിത്രീകരിക്കുമെന്നും ഇവർ നേതൃത്വത്തെ അറിയിച്ചു.



പരാതി പിൻവലിച്ചാൽ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗും നടപടിയെടുത്താൽ പരാതി പിൻവലിക്കാമെന്ന നിലപാടിൽ ഹരിതയും ഉറച്ച് നിന്നതോടെയാണ് കമ്മിറ്റി മരവിപ്പിക്കാൻ ലീഗിൽ ധാരണയായത്. പ്രശ്ന പരിഹാരത്തിനിടെ വനിതാ കമ്മീഷനിൽ പരാതി നൽകിയത് അച്ചടക്ക ലംഘനമാണെന്ന് കാട്ടി നേരത്തെ തന്നെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തിയിരുന്നു. അച്ചടക്കം ലംഘിച്ച ഹരതിക്കെതിരേ നടപടിയെടുക്കണമെന്ന് എം.എസ്.എഫും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹരിത നേതാക്കളുമായി കഴിഞ്ഞ ദിവസം മുനവറലി ശിഹാബ് തങ്ങൾ ചർച്ച നടത്തിയെങ്കിലും നേതാക്കൾ കടുംപിടിത്തം തുടർന്നതോടെയാണ് കമ്മിറ്റി പിരിച്ച് വിടുന്ന തരത്തിലേക്കെത്തിയത്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.അബ്ദുൾ വഹാബ് എന്നിവർക്കെതിരേ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ ഹരിതയിലെ പത്ത് പെൺകുട്ടികളായിരുന്നു വനിതാ കമ്മീഷന് പരാതി നൽകിയത്. ഇതാണ് പിൻവലിക്കാൻ ആവശ്യപ്പെട്ടത്. കോഴിക്കോട് നടന്ന എം.എസ്.എഫ് യോഗത്തിൽ വേശ്യയ്ക്കും അവരുടേതായ ന്യായീകരണമുണ്ടാവുമല്ലോ....പറയൂ എന്ന തരത്തിൽ പി.കെ നവാസ് ഹരിതയിലെ പെൺകുട്ടികളോട് സംസാരിച്ചതാണ് വിവാദമായത്. എന്നാൽ നേരത്തെ നിരവധി തവണ വിഷയത്തിൽ ലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയതെന്നാണ് ഹരിത നേതാക്കൾ പറയുന്നത്.

ഹരിതയുടെ പ്രവർത്തനം ഇനി സംസ്ഥാന, ജില്ലാ തലത്തിൽ വേണ്ടെന്ന് വെക്കാൻ ലീഗ് നേതൃത്വം നിർദ്ദേശിച്ചതായതാണ് സൂചന. നിലവിൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട്, പാലക്കാട് ജില്ലകളിൽ മാത്രമേ ഹരിതയുടെ പ്രവർത്തനമുള്ളൂ.

അതിനിടെ, ഹരിത സംസ്ഥാന നേതൃത്വത്തെ തള്ളി മലപ്പുറം ജില്ലാ കമ്മിറ്റി രംഗത്തെത്തി. പാർട്ടി നേതൃത്വം പരിഗണിക്കുന്ന ഒരു വിഷയത്തിൽ വനിതാ കമ്മീഷനും പൊലിസും ഇടപെടണമെന്ന് വാശിപിടിക്കുന്നത് ബ്‌ളാക്ക് മെയിംലിംഗാണെന്നായിരുന്നു ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റ് കെ. തൊഹാനിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. പാർട്ടിയെ ഗൺപോയന്റിൽ നിർത്തുന്നത് ശരിയല്ലെന്നും തൊഹാനി പറഞ്ഞു. എന്നാൽ ഇതിനോടകം പൊലീസിന് മൊഴി നൽകിയ നാലുപേരുൾപ്പെടെയുള്ള ഹരിത നേതാക്കളെല്ലാം പരാതിയിൽ ഉറച്ച് നിൽക്കുകയാണ്.