ബെംഗലൂരു: മുത്തൂറ്റ് ഫിനാൻസിന്റെ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ശാഖയിൽ കവർച്ച നടത്തിയ സംഘത്തിലെ നാല് പേർ പിടിയിൽ . ഹൈദ്രാബാദിൽ നിന്നാണ് സംഘം പിടിയിലായതെന്നാണ് വിവരം. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് മുത്തൂറ്റ് ശാഖയിൽ എത്തി തോക്ക് ചൂണ്ടി ഏഴ് കോടിയുടെ സ്വർണം കവർന്നത്. 96,000 രൂപയും മോഷ്ടിച്ചിരുന്നു. പ്രതികളെ പിടിച്ച അന്വേഷണ സംഘം മോഷണ മുതലും കണ്ടെടുത്തയാണ് വിവരം. ആയുധങ്ങളും പിടിച്ചെടുത്തെന്നു പൊലീസ് അറിയിച്ചു. മൂന്നു മണിക്ക് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികളെ ഹാജരാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. ഏഴുകോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വർണവും പണവുമാണ് കൊള്ളയടിക്കപ്പെട്ടത്. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള റോഡിലുള്ള ബാഗലൂർ മുത്തൂറ്റ് ഫിനാൻസ് ശാഖയിലാണ് മുഖംമൂടി ധരിച്ച ആറംഗസംഘം ജീവനക്കാരെ തോക്കിന്മുനയിൽ നിർത്തി കഴിഞ്ഞ ദിവസം കവർച്ച നടത്തിയത്. വെള്ളിയാഴ്ച രാവിലെ ജീവനക്കാർ ഓഫീസ് തുറന്നപ്പോൾ ഇടപാട് നടത്താനെന്ന വ്യാജേന കവർച്ചാ സംഘം സ്ഥാപനത്തിൽ കയറുകയായിരുന്നു.

പിന്നീട് ബ്രാഞ്ച് മാനേജരെ ആക്രമിച്ചശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മറ്റു ജീവനക്കാരെ കെട്ടിയിട്ട് ലോക്കറുകൾ കുത്തിത്തുറന്ന് സ്വർണവും പണവും കൊള്ളയടിക്കുകയായിരുന്നു. കൊള്ളയടിച്ച 25 കിലോ സ്വർണ്ണവും തിരിച്ചുപിടിച്ചു. കൊള്ളയടിച്ച തൊണ്ണൂറായിരം രൂപയും കവർച്ചയ്ക്കുപയോഗിച്ച തോക്കും കണ്ടെത്തി. ഏഴുതോക്കുകളാണ് പ്രതികളിൽ നിന്ന പിടിച്ചെടുത്തത്.